മർത്തശ്മൂനി
മക്കബായരുടെ രണ്ടാം പുസ്തകം ഏഴാം അദ്ധ്യായത്തിൽ [1]പരാമർശിക്കപ്പെടുന്ന ഒരു യഹൂദ രക്തസാക്ഷിയാണ് മർത്തശ്മൂനി (Morth Shmooni) അഥവാ വിശുദ്ധ ശ്മൂനി (Saint Shmooni) . ഈ പുസ്തകത്തിൽ അവർക്ക് പ്രത്യേകമായി എന്തെങ്കിലും പേരു നൽകിയിട്ടില്ലെങ്കിലും വിവിധ പാരമ്പര്യങ്ങൾ പ്രകാരം ഹന്ന, മിറിയം, സലോമോനിയ, ശ്മൂനി എന്നെല്ലാം അറിയപ്പെടുന്നുണ്ട്. പല ക്രിസ്തീയ സഭകളും ഇവരെ വിശുദ്ധയായി വണങ്ങുന്നു.
മക്കബായരുടെ പുസ്തകത്തിലെ വിവരണം
തിരുത്തുകമക്കബായ വിപ്ലവത്തിനു തൊട്ടു മുൻപായി, ചക്രവർത്തിയായിരുന്ന അന്ത്യോക്കസ് IV എപ്പിഫനസ് ഒരു അമ്മയെയും അവരുടെ ഏഴു മക്കളെയും ബന്ധനസ്ഥരാക്കിയ ശേഷം യഹൂദർക്ക് നിഷിദ്ധമായിരുന്ന പന്നിമാസം ഭക്ഷിക്കുവാൻ നിർബന്ധിച്ചു. അതിനു തയ്യാറാവാതിരുന്ന അവരെ പീഡനങ്ങൾ ഏൽപ്പിക്കുകയും മക്കളെ ഒരോരുത്തരെയും മുതിർന്നവനെ മുതൽ ഏറ്റവും ഇളയവനെ വരെ മൃഗീയമായ രീതികളിൽ കൊല ചെയ്യുകയും ചെയ്തു. മരണത്തിന് മുൻപായി തങ്ങളുടെ വിശ്വാസം ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സഹോദരങ്ങളുടെ ചെറുപ്രസംഗങ്ങളും ഈ അദ്ധ്യായത്തിലുണ്ട്. 'പുത്രന്മാർക്കു ശേഷം അവസാനം മാതാവും മരിച്ചു' എന്ന് ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നുണ്ടെങ്കിലും എപ്രകാരമായിരുന്നു മാതാവിന്റെ അന്ത്യം എന്ന് വ്യക്തമാക്കിയിട്ടില്ല.
പാരമ്പര്യ വിശ്വാസങ്ങൾ
തിരുത്തുകചില പാരമ്പര്യങ്ങൾ പ്രകാരം ഇറാക്കിലെ മൂസലിനടുത്തുള്ള കരക്കേശ് ഗ്രാമത്തിൽ ഇവർ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. പൗരസ്ത്യ ഓർത്തഡോക്സ് പാരമ്പര്യ പ്രകാരം മർത്തശ്മൂനിയുടെ മക്കളുടെ പേരുകൾ അബിം, അന്റോണിയസ്, ഗറിയാസ്, എലെയാസർ, യൂസേബോനസ്, അലിമസ്, മാർസിലസ് എന്നിങ്ങനെയാണ്.[2]
ദേവാലയങ്ങൾ
തിരുത്തുകമർത്തശ്മൂനിയും മക്കളുടെയും ജന്മദേശമായി കരുതപ്പെടുന്ന ഇറാക്കിലെ കരക്കേശിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവദേവാലയം വളരെ പ്രശസ്തമാണ്. മർത്തശ്മൂനിയുടെ നാമത്തിലുള്ള പള്ളികൾ പൊതുവേ മർത്തശ്മൂനിയമ്മയുടെയും ഏഴു മക്കളുടെയും അവരുടെ ആത്മീയഗുരുവായിരുന്ന മാർ എലെയാസറിന്റെയും മദ്ധ്യസ്ഥതയിലുള്ളവയാണ്. കേരളത്തിലും ഈ വിശുദ്ധയുടെ നാമധേയത്തിലുള്ള പള്ളികളുണ്ട്. പേരൂർ മർത്തശ്മൂനി യാക്കോബായ പള്ളി, പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളി തുടങ്ങിയവ ഇവരുടെ നാമത്തിലുള്ള പ്രമുഖ ദേവാലയങ്ങളാണ്.
അവലംബം
തിരുത്തുക- ↑ ബൈബിൾ, പി.ഒ.സി. 2 മക്കബായർ, അദ്ധ്യായം 7.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-20. Retrieved 2013-01-05.