മൺസൂൺ മലബാർ
കാപ്പിക്കുരുകളെ സംസ്കരിക്കുന്ന ഒരു പ്രക്രിയയാണ് മൺസൂൺ മലബാർ. വിളവെടുത്ത ഉടനെ കാപ്പിക്കുരുകൾ മൺസൂൺ മഴയും കാറ്റും കൊള്ളുന്നവിധം പുറത്തുവയ്ക്കുന്നു. മൂന്നു മുതൽ നാലുവരെ മാസങ്ങൾ ഇങ്ങനെ സൂക്ഷിക്കുമ്പോൾ കാപ്പിക്കുരുകൾ വീർക്കുകയും, അമ്ലാംശം നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്കു ശേഷം കാപ്പിക്കുരുകളുടെ നിറവും, മണവും, രുചിയും മാറുന്നു.[1] മലബാർ തീരങ്ങളിൽ മാത്രം ചെയ്യുന്ന ഈ പ്രക്രിയ ജ്യോഗ്രഫിക്കൽ ഇന്റിക്കേഷൻ ഓഫ് ഗുഡ്സ് ആക്റ്റ് പ്രകാരം സംരക്ഷിതമാണ്. കേരളത്തിലെയും, കർണ്ണാടകത്തിലെയും തീരപ്രദേശങ്ങളിലാണ് മൺസൂൺ മലബാർ കാപ്പിക്കുരുകൾ നിർമ്മിക്കുന്നത്.[2][3]
ഉദ്ഭവം
തിരുത്തുകബ്രിട്ടിഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് മലബാറിൽ നിന്നും കാപ്പിക്കുരുകൾ യൂറോപ്പിലേക്ക് കപ്പൽ മാർഗ്ഗം കയറ്റിയയച്ചിരുന്നു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന കപ്പൽ യാത്രയിലുടനീളം കാറ്റും മഴയും നനഞ്ഞ കാപ്പിക്കുരുകൾ പഴുക്കുകയും, അവയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന കാപ്പിപ്പൊടിക്ക് രുചിവ്യത്യാസം ഉണ്ടാവുകയും ചെയ്തു. യൂറോപ്പിൽ ഇത്തരം കാപ്പിക്ക് വലിയ പ്രചാരം ലഭിച്ചതോടു കൂടിയാണ് മൺസൂൺ മലബാർ എന്ന സംസ്കരണ രീതി ഉണ്ടായത്.
തരങ്ങൾ
തിരുത്തുകഭാരതസർക്കാരിന്റെ ഭൗദ്ധിക സ്വത്തവകാശ നിയമപ്രകാരം, ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക പദവി എന്ന് പറയുന്നത്
2020 മാർച്ച് വരെ ഇന്ത്യയിൽ ഏകദേശം 361 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.[4] കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് തിരഞ്ഞെടുത്ത രണ്ട് തരം കാപ്പി വിഭാഗങ്ങളാണ് മൺസൂൺ മലബാർ അറബി കോഫിയും മൺസൂൺ മലബാർ റോബസ്റ്റ കോഫിയും.[5]
തയ്യാറാക്കുന്ന വിധം
തിരുത്തുകകാപ്പിക്കുരുകൾ പറിച്ച ഉടനെ വെയിലത്ത് വച്ച് ഉണക്കുന്നു. ഉണങ്ങിയ കുരുകൾ 'എ' എന്നും 'എഎ' എന്നും രണ്ട് ഗ്രേഡുകളായി തരം തിരിക്കുന്നു. മൺസൂൺ വരെ ഇവ സൂക്ഷിച്ചു വയ്ക്കുന്നു. ജൂൺ-സപ്റ്റംബർ സമയത്ത് തിരഞ്ഞെടുത്ത കാപ്പിക്കുരുകൾ മൺസൂൺ കാറ്റ് കൊള്ളത്തക്കവിധം വായുസഞ്ചാരമുള്ള വെയർഹൗസുകളിൽ വയ്ക്കുന്നു. 12 മുതൽ 16 ആഴ്ചകൾ വരെ സൂക്ഷ്മമായി പരിപാലിച്ചാൽ ഇവ വണ്ണം വയ്ക്കുകയും, ഇളം സ്വർണ്ണവർണ്ണത്തിലാവുകയും ചെയ്യുന്നു. ഇത്തരം കാപ്പിക്കുരുകൾ വീണ്ടും പരിശോധിച്ച ശേഷം മികച്ചതു മാത്രം തിരഞ്ഞെടുക്കുന്നു. ഇവയാണ് മൺസൂൺ മലബാർ കാപ്പിക്കുരുകളായി കമ്പോളത്തിലെത്തുന്നത്.
അവലംബം
തിരുത്തുക- ↑ Davids 2004, പുറം. 73
- ↑ "Monsooned Malabar unprotected". The Hindu Business Line. June 10, 2006. Retrieved 2009-09-29.
- ↑ "Karnataka gets highest number of GI tags". Business Standard. April 11, 2008. Retrieved 2009-09-29.
- ↑ http://www.ipindia.nic.in/writereaddata/Portal/Images/pdf/GI_Application_Register_10-09-2019.pdf
- ↑ AS PER THE NEW PUBLISHED LIST FROM http://www.ipindia.nic.in/