മോറ്റ് ആൻഡ് ബെയ്ലി കോട്ട
ഫ്യൂഡൽ വ്യവസ്ഥിതി നിലനിന്നിരുന്ന മദ്ധ്യകാലയൂറോപ്പിലുടലെടുത്ത ഒരു കോട്ടനിർമ്മാണരീതിയാണ് മോറ്റ് ആൻഡ് ബെയ്ലി (ഇംഗ്ലീഷ്: Motte-and-bailey castle). മോറ്റ് എന്നറിയപ്പെടുന്ന ഒരു മൺകൂനക്കുമുകളിൽ മരമോ കല്ലോ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു കോട്ടഗർഭം ആണ് ഇതിലെ പ്രധാനഭാഗം. മോറ്റിനോട് ചേർന്ന് ചെറിയ കുടിലുകളോടോ കെട്ടിടങ്ങളോടുകൂടിയ ഒരു പരന്ന പ്രദേശമുണ്ടാകും; ഇതാണ് ബെയ്ലി. ഈ രണ്ടുഭാഗങ്ങളേയും ചുറ്റിയുള്ള പ്രതിരോധമതിലും കിടങ്ങും ഉൾക്കൊള്ളുന്നതാണ് മോറ്റ് ആൻഡ് ബെയ്ലി കോട്ടകളുടെ ഘടന. സാധാരണയായി കിടങ്ങ് കുഴിക്കുമ്പോൾ ലഭിക്കുന്ന മണ്ണെടുത്താണ് മോറ്റ് നിർമ്മിക്കുന്നത്.[1]
താരതമ്യേന നിർമ്മിക്കാൻ എളുപ്പമെങ്കിലും ഇന്നത്തെ സൈനികവീക്ഷണത്തിലും ദുർഘടം തന്നെയായ ഇത്തരം കോട്ടകൾ യൂറോപ്പിലുടനീളം നിർമ്മിക്കപ്പെട്ടു. പത്താം നൂറ്റാണ്ടിൽ ഫ്രാൻസിലെ നോർമണ്ടി, ആഞ്ജു എന്നിവിടങ്ങളിൽനിന്നും പതിനൊന്നാം നൂറ്റാണ്ടോടെ വിശുദ്ധറോമാസാമ്രാജ്യത്തിലേക്ക് ഈ കോട്ടനിർമ്മാണരീതി സംക്രമിച്ചു. 1066-ൽ നോർമൻ പ്രഭുവായിരുന്ന വില്യം ദ കോൺക്വെറർ, ഇംഗ്ലണ്ട് പിടിച്ചടക്കിയതിനെത്തുടർന്ന് ഇംഗ്ലണ്ടിലും വേൽസിലും മോറ്റ് ആൻഡ് ബെയ്ലി കോട്ടനിർമ്മാണം പ്രചരിച്ചു. പന്ത്രണ്ടും പതിമൂന്നൂം നൂറ്റാണ്ടുകളിൽ സ്കോട്ട്ലൻഡ്, ഐർലൻഡ്, ലോ കൺട്രീസ്, ഡെൻമാർക്ക് എന്നിവടങ്ങളിലെല്ലാം ഈ രീതി ഉപയോഗിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ പുതിയ കോട്ടനിർമ്മാണരീതികൾ അവലംബിക്കാനാരംഭിച്ചതോടെ മോറ്റ് ആൻഡ് ബെയ്ലി ശൈലിയുടെ ഉപയോഗം അവസാനിച്ചു.
സാധാരണ ഒരു പ്രഭുവിൻ്റെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിൻ്റെ അരികിൽ ഗ്രാമത്തിലേക്ക് വീക്ഷണം ലഭിക്കാവുന്ന നിലയിലാണ് മോറ്റ് ആൻഡ് ബെയ്ലി കോട്ടകൾ നിർമ്മിക്കാറുള്ളത്. കനമുള്ള ചുമരോടുകൂടിയ കോട്ടഗർഭത്തിന് (കീപ്പ്) വീതികുറഞ്ഞ ജനാലകളുണ്ടാവാറുണ്ട്. കീപ്പ് ഒരു ആയുധപ്പുരയും കാവൽമാടമായും ഉപയോഗപ്പെടുത്തിയിരുന്നു. കീപ്പിന് ഏറ്റവും അടിയിൽ ഒരു കിണറും മുകളിലേക്കുള്ള നിലകളിൽ ശേഖരണമുറികളും ഭക്ഷണമുറിയും ഏറ്റവും മുകളിലെ നിലയിൽ കിടപ്പുമുറിയും ഉണ്ടായിരിക്കും. ബെയ്ലിയിലെ കുടിലുകൾ പ്രഭുവിൻ്റെ പട്ടാളക്കാർക്കും കുതിരകൾക്കും പിന്നെ ധാന്യവും വീഞ്ഞും ശേഖരിക്കാനും ഉപയോഗിക്കുന്നു. ഇത്തരം കോട്ടകൾക്ക് ഒറ്റ കവാടമേ കണുകയുള്ളൂ അത് കിടങ്ങിനുമുകളിലൂടെയുള്ള പാലത്തിലൂടെ ബെയ്ലിയിലേക്ക് കടക്കുന്ന തരത്തിള്ളതായിരിക്കും. കോട്ടയിൽ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് കീപ്പ്. വെള്ളവും അവശ്യവസ്തുക്കളും എപ്പോഴും ഇതിൽ സൂക്ഷിച്ചിരിക്കും. മാസങ്ങളോളം നീളുന്ന ശത്രുക്കളുടെ ഉപരോധം ചെറുക്കാനുള്ള രീതിയിലായിരിക്കും ഇതിലെ ശേഖരം.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 Gerald Simons (1972), The Birth of Europe, p 159, https://books.google.co.in/books?id=nH9hnQEACAAJ