ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന എഞ്ചിനീയറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു മോറിസ് ഫ്രീഡ്മാൻ എന്ന സ്വാമി ഭരതാനന്ദ (20 ഒക്ടോബർ 1901 - 9 മാർച്ച് 1976). ഗാന്ധിജി ഉപയോഗിച്ചിരുന്ന ചർക്ക (ധനുഷ് തക്ലി) ഡിസൈൻ ചെയ്തത് ഇദ്ദേഹമാണ്.

ജീവിതരേഖ

തിരുത്തുക

പോളണ്ടിൽ [1][2][3]ജനിച്ച മോറിസ് ഫ്രീഡ്‍മാൻ ശാസ്ത്രസാങ്കേതികവിദ്യകളിൽ സമർത്ഥനായിരുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിച്ച ഫ്രീഡ്മാൻ, ഫ്രാൻസിലേക്കു കുടിയേറി, ഇലക്ട്രിക്കൽ കമ്പനിയിൽ മാനേജരായി. നിരവധി പേറ്റന്റുകൾ സമ്പാദിച്ചു. ഇന്ത്യൻ ആത്മീയതയിൽ അതീവ തത്പരനായിരുന്നു ഫ്രീ‍ഡ്‍മാൻ. പോൾ ബ്രണ്ടന്റെ രചനകളിൽനിന്നും ഭാരതീയ ദർശനങ്ങളെക്കുറിച്ചും രമണ മഹർഷിയെക്കുറിച്ചും കേട്ടിരുന്നു. [4] മൈസൂറിലെ ദിവാനായിരുന്ന സർ മിർസ ഇസ്മയിൽ, ഈ സമയം ഫ്രാൻസ് സന്ദർശിച്ചു. ദിവാൻ അദ്ദേഹത്തോട് ബെംഗളൂരുവിൽ തുടങ്ങാൻപോകുന്ന ഫാക്ടറിയുടെമൈസൂർ ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന്റെ ചുമതല ഏൽക്കാൻ അഭ്യർഥിച്ചു. 1935ൽ ഇന്ത്യയിലെത്തി തലവനായി ചുമതലയേറ്റു. രമണ മഹർഷിയുമായും ജിദ്ദു കൃഷ്ണമൂർത്തിയുമായും അടുത്തിടപഴകിയ[5][6] ഫ്രീഡ്മാന് ലൗകികകാര്യങ്ങളിൽ ശ്രദ്ധകുറഞ്ഞു. രമണ മഹർഷിയുമായുള്ള കൂടിക്കാഴ്ച ഫ്രീഡ്‍മാനിൽ മാറ്റങ്ങൾ വരുത്തി. ‘മഹർഷീസ് ഗോസ്പൽ’ എന്ന പുസ്തകത്തിലുള്ള നിരവധി പ്രധാന ചോദ്യങ്ങൾ ഫ്രീഡ്‍മാന്റേതാണ്. സന്യാസം സ്വീകരിക്കാനുള്ള ഫ്രീഡ്‍മാന്റെ തീരുമാനം രമണമഹർഷി തിരസ്കരിച്ചു. നിരാശനാകാതെ കാഞ്ഞങ്ങാട്ടെ സ്വാമി രാംദാസിൽനിന്ന് ദീക്ഷ സ്വീകരിച്ചു ഭരതാനന്ദ എന്ന പേര് തിരഞ്ഞെടുത്തു സന്യാസിയായി. ശമ്പളം പാവപ്പെട്ടവർക്കു വിതരണം ചെയ്തു. അധിക നാൾ തുടർന്നില്ല. ജോലി രാജിവച്ച് ഔന്ധിലെ രാജാവിന്റെ പുത്രൻ അപ്പാ പന്തിനൊപ്പം ഔന്ധിലേക്കു പോയി.

ഔന്ധിൽ പൂർണ സ്വരാജ്

തിരുത്തുക

ഔന്ധിൽ വരൾച്ച ബാധിച്ച് ജനജീവിതം ദുസ്സഹമായിരുന്ന ഘട്ടത്തിലാണ് ഫ്രീഡ്‍മാൻ എത്തുന്നത്. ദരിദ്ര നാട്ടുരാജ്യമായിരുന്ന ഔന്ധിൽ നികുതികുറയ്ക്കാനുള്ള കർഷകരുടെ പ്രക്ഷോഭം ശക്തി പ്രാപിച്ചു വന്നിരുന്നു. ഫ്രീഡ്‍മാന്റെ ഉപദേശത്തെത്തുടർന്ന് രാജ്യം ജനാധിപത്യത്തിനു വിട്ടുനൽകുമെന്ന് 1938 നവംബർ 23ന് രാജാ ഭവൻ‍റാവു പന്ത് പ്രഖ്യാപിച്ചു.[7]സേവാഗ്രാമിലെത്തി ഗാന്ധിജിയെ കണ്ട ഫ്രീഡ്മാൻ ഗാന്ധിജിയുടെ പൂർണ സ്വരാജ് എന്ന സങ്കൽപം യാഥാർഥ്യമാക്കുന്ന ഭരണഘടന തയ്യാറാക്കി. 1939 ജനുവരി 21ന് ഗാന്ധിജിയുടെ പൂർണ സ്വരാജ് എന്ന സങ്കൽപം യാഥാർഥ്യമാക്കുന്ന ഭരണഘടന ഔന്ധ് സ്വീകരിച്ചു. നിയമസഭ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു. സ്വാതന്ത്യ പൂർവ ഭാരതത്തിലെ ഔന്ധ് പരീക്ഷണം അപൂർവമായ ഒന്നായിരുന്നു. സ്വരാജ് ഭരണം ഔന്ധിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. ഫ്രീ‍ഡ്‍മാന്റെ മേൽനോട്ടത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ നിലവാരം ഉയർന്നു. വധശിക്ഷ നിർത്തലാക്കി. കുറ്റകൃത്യങ്ങൾ കുറഞ്ഞു. സ്വാതന്ത്ര്യാനന്തരം ഔന്ധ് ഇന്ത്യൻ യൂണിയനിൽ ലയിച്ചു. [8]

പിന്നീട് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഫ്രീഡ്മാൻ അവിടെ ഖാദി ബോർഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകി. ചൈനീസ് അധിനിവേശത്തെത്തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈലാമയ്ക്കും സംഘത്തിനും വസിക്കാൻ ഭൂമി പതിച്ചുനൽകാൻ നെഹ്റുവിൽ സമ്മർദം ചെലുത്തി. 'അയാം ദാറ്റ്' എന്ന പ്രസിദ്ധമായ ഗ്രന്ഥം 1973-ൽ പ്രസിദ്ധീകരിച്ചു. 1976-ൽ ഫ്രീഡ്മാൻ അന്തരിച്ചു.

  • അയാം ദാറ്റ്
  1. Bed̜owski, Leszek (2000). Polacy w Indiach 1942-1948: w świetle dokumentśw i wspomnieś: praca zbiorowa. Londyn: Koło̜ Polaków z Indii 1942-1948. p. 69. ISBN 0-9538928-0-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Prachuralaya, Sarvodaya (1975). Sarvodaya, Volume 25. Sarvodaya Prachuralaya. p. 344. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Polskie Towarzystwo Orientalistyczne (1980). Przegląd orientalistyczny. Polskie Towarzystwo Orientalistyczne. p. 71. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Alter, Joseph. Gandhi's Body. University of Pennsylvania Press, 2000, p. 92
  5. Meeting Maharaj by Cathy Boucher
  6. With J. Krishnamurti
  7. Alter, p. 92
  8. Allen, Charles; Dwivedi, Sharada: Lives of the Indian Princes. London: Century Publishing (1984). ISBN 0-7126-0910-5. pp. 314-5.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മോറിസ്_ഫ്രീ‍ഡ്‍മാൻ&oldid=3799306" എന്ന താളിൽനിന്ന് ശേഖരിച്ചത്