മർസാന്ന (പോളിഷ്), മറേന (റഷ്യൻ), മാര (ഉക്രേനിയൻ), മൊറാന (ചെക്ക്, സ്ലൊവേൻ, ക്രൊയേഷ്യൻ, സെർബിയൻ ഭാഷകളിൽ), മൊറേന (സ്ലൊവാക്, മാസിഡോണിയൻ ഭാഷകളിൽ) അല്ലെങ്കിൽ മോറ (ബൾഗേറിയൻ) പ്രകൃതിയുടെ പുനർജനനത്തെ അടിസ്ഥാനമാക്കിയുള്ളതും കാലികമായ ആചാരങ്ങളുമായി ബന്ധപ്പെട്ടതുമായ ഒരു പ്രാക്തന സ്ലാവിക് ദേവതയാണ്. ശീതകാലത്തിന്റെ മരണവും പുനർജന്മവും, സ്വപ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു പുരാതന ദേവതയാണ് അവൾ. പ്രാചീന സ്ലാവിക് ആചാരങ്ങളിൽ, മഞ്ഞുകാലത്തിന്റെ അവസാനത്തിലെ മർസാന്ന ദേവിയുടെ മരണം, വസന്തത്തിന്റെ വരവിനെ പ്രതിനിധീകരിക്കുന്ന വസന്ത ദേവതയായ കോസ്ട്രോമ (റഷ്യൻ), ലാഡ അല്ലെങ്കിൽ വെസ്നയുടെ പുനർജന്മമായി മാറുന്നു.[1]

മൊറാന
Goddess of cold, frost, winter, death
Effigy of Morana (Death Goddess). Czech Republic.
Greek equivalentഹെകേറ്റ്, ആട്രോപോസ്
Roman equivalentമോർട്ട

ഒൻപതാം നൂറ്റാണ്ടിലെ ചെക്ക് ഭാഷാ വിജ്ഞാനകോശ നിഘണ്ടുവായ മേറ്റർ വെർബോറം പോലുള്ള ചില മധ്യകാല ക്രിസ്ത്യൻ സ്രോതസ്സുകൾ അവളെ മന്ത്രവാദവുമായി ബന്ധപ്പെടുത്തി ഗ്രീക്ക് ദേവതയായ ഹെകേറ്റുമായി താരതമ്യപ്പെടുത്തുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ പോളിഷ് ചരിത്രകാരനായ ജാൻ ഡ്യൂഗോസ് തന്റെ ആന്നൽസ് എന്ന വാർഷികവൃത്താന്തത്തിൽ റോമൻ കാർഷിക ദേവതയായ സീറസുമായി (മറ്റൊരു സ്ലാവിക് ദേവതയായ ഡിസിവന്നയ്‌ക്കൊപ്പം) അവളെ ഉപമിച്ചു.

ആധുനിക കാലത്ത് മാർസന്നയുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് അതിന്റെ പവിത്രത നഷ്ടപ്പെടുകയും കേവലം ഒരു വിനോദമെന്ന നിലയിൽ ആസ്വദിക്കാനും വസന്തത്തിന്റെ ആരംഭം ആഘോഷിക്കാനുമുള്ള ഒരു അവസരമായി മാറുന്നു. ഈ പാരമ്പര്യം സാധാരണയായി സ്പ്രിംഗ് ഈക്വിനോക്സിനാണ് (മാർച്ച് 21) ആഘോഷിക്കപ്പെടുന്നത്. സാധാരണയായി നാടൻ കലാകാരന്മാർക്കും മറ്റ് പ്രദേശവാസികൾക്കുമൊപ്പം വിദ്യാർത്ഥികളും ചെറുപ്പക്കാരുമടങ്ങുന്ന ഒരു സംഘം ഈ ആഘോഷങ്ങളിൽ പങ്കുചേരുന്നു. പുരുഷന്മാരും വനിതകളും കുട്ടികളും അടങ്ങുന്ന ഒരു ഘോഷയാത്ര കൈകൊണ്ട് നിർമ്മിച്ച മാർസന്നയെ (പലപ്പോഴും മർസന്നയുടെ പുരുഷാകാരമായ മാർസാനിയോക്ക് പാവകൾ) അടുത്തുള്ള നദിയിലേക്കോ തടാകത്തിലേക്കോ കുളത്തിലേക്കോ കൊണ്ടുപോകുന്നു. പങ്കെടുക്കുന്നവർ നാടോടി ഗാനങ്ങളുടെ അകമ്പടിയോടെ മാർസന്നയുടെ പ്രതിമകൾ വെള്ളത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. ചിലപ്പോൾ ഈ കോലങ്ങളെ അവർ ആദ്യം തീകൊളുത്തുകയോ അവയെ അണിയിച്ചിരിക്കുന്ന വസ്ത്രങ്ങൾ കീറുകയോ ചെയ്യുന്നു. ഗ്രാമത്തിലേക്കുള്ള മടക്ക യാത്രയിൽ ജനങ്ങൾ വർണ്ണ നാടകളും മുട്ടത്തോടുകളും കൊണ്ട് അലങ്കരിച്ച  ചെറുമരങ്ങളിലേയ്ക്ക് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഘോഷയാത്ര ആലപിച്ചുകൊണ്ടുതന്നെ അവർ ഗ്രാമത്തിലേക്ക് മടങ്ങുന്നു. ചില സ്ഥലങ്ങളിൽ (ഉദാ. മിയാസ്റ്റെസ്കോ സ്ലാസ്കിയിലെ ഒരു ജില്ലയായ ബ്രൈനിക്കയിൽ ), വസന്തത്തിന്റെ ആരംഭം ഒരു വിരുന്നോടെയാണ് ആഘോഷിക്കപ്പെടുന്നത്.

പേരുകളും പദോൽപ്പത്തിയും തിരുത്തുക

മർസാന്നയുടെ പേര് മിക്കവാറും മരണത്തെ സൂചിപ്പിക്കുന്ന പ്രോട്ടോ-ഇന്തോ-യൂറോപ്യൻ മൂലപദമായ *മാർ-, *മോർ- ൽ നിന്നാണ്.[2]  Ma(r)muriena എന്ന പേരിന്റെ സ്ലോവാക് രൂപം സൂചിപ്പിക്കുന്നത്, ദേവിയെ യഥാർത്ഥത്തിൽ റോമൻ യുദ്ധദേവനായ മാർസുമായി ബന്ധിപ്പിച്ചിരിക്കാമെന്നാണ് (മാർമർ, മാമേഴ്സ്, മാമുറിയസ് വെറ്റൂറിയസ് എന്നിവയുൾപ്പെടെ വിവിധ പേരുകളിൽ അറിയപ്പെടുന്നു).[3] റോമൻ യുദ്ധ ദേവനായ മാർസുമായുള്ള ബന്ധത്തെ പിന്തുണയ്ക്കുന്നവരിലെ വ്യാഷെസ്ലാവ് ഇവാനോവ്, വ്‌ളാഡിമിർ ടോപോറോവ് എന്നിവർ യഥാർത്ഥത്തിൽ ഇത് ഒരു കാർഷിക ദേവതയാണെന്ന് അടിവരയിട്ടു പറയുന്നു.[4]

മറ്റ് സിദ്ധാന്തങ്ങൾ അവകാശപ്പെടുന്നത് മരണത്തിന്റെ ലാറ്റിൻ പദം മോഴ്‌സ്, മഹാമാരിയ്ക്കുള്ള റഷ്യൻ പദം മോർ എന്നിവയേപ്പോലെ ഒരേ ഇന്തോ-യൂറോപ്യൻ മൂലത്തിൽ നിന്നായിരിക്കാം അവളുടെ പേര് ഉരുത്തിരിഞ്ഞതെന്നാണ്. ചില എഴുത്തുകാർ അവളെ ജർമൻ, സ്ലാവിക് നാടോടിക്കഥകളിലെ ദുരാത്മാവ്, പേക്കിനാവ്‌, ഉറക്കത്തിലെ സ്തംഭനാസ്ഥ എന്നിവയുമായി താരതമ്യപ്പെടുത്തുന്നു. ബെലാറസ്, ഉക്രേനിയൻ, ചില റഷ്യൻ ഭാഷാഭേദങ്ങളിൽ 'മാര' എന്ന വാക്കിന്റെ അർത്ഥം സ്വപ്നം എന്നാണ്. എന്നാൽ 'ഭൂതം', 'ദർശനം', 'ഭ്രമാത്മകത' എന്നിങ്ങനെയാണ് ഇതിന്റെ അർത്ഥമെന്ന് വ്‌ളാഡിമിർ ഡാൾ പറയുന്നു.[5]

അവലംബം തിരുത്തുക

  1. Szyjewski, Andrzej (2003). Religia Słowian [Religion of the Slavs] (in പോളിഷ്). Kraków: Wydawn. WAM. ISBN 8373182055.
  2. Kempiński, Andrzej M (2000). Encyklopedia mitologii ludów indoeuropejskich (in പോളിഷ്). Warszawa: Iskry. ISBN 8320716292.
  3. Kempiński, Andrzej M (2000). Encyklopedia mitologii ludów indoeuropejskich (in പോളിഷ്). Warszawa: Iskry. ISBN 8320716292.
  4. Vyacheslav Ivanov, Vladimir Toporov. Indo-European Mythology. / В. В. Иванов, В. Н. Топоров. Индоевропейская мифология. Мифы народов мира, М:Российская энциклопедия, 1994.
  5. Мара (Mara) in Explanatory Dictionary of the Living Great Russian Language by Vladimir Dahl.
"https://ml.wikipedia.org/w/index.php?title=മൊറാന_(ദേവത)&oldid=3543576" എന്ന താളിൽനിന്ന് ശേഖരിച്ചത്