മേരി (ആന)
അമേരിക്കൻ ഐക്യനാടുകളിലെ സ്പാർക്സ് വേൾഡ് ഫേമസ് ഷോ സർക്കസിൽ ഉണ്ടായിരുന്ന ഒരു ഏഷ്യൻ ആന ആണ് മേരി (ഏകദേശം 1894–1916 സെപ്റ്റംബർ 13). കൊലയാളി മേരി എന്നും അറിയപ്പെട്ടു[1]. ടെന്നസിയിലെ കിങ്സ്‌പോർട്ട് പട്ടണത്തിലെ സർക്കസവതരണത്തിനിടയിൽ ഒരു പാപ്പാനെ കൊലപ്പെടുത്തിയതിനെ തുടർന്ന് ആൾക്കൂട്ടത്തിന്റെ ആഹ്വാനത്തിന് വഴങ്ങി സർക്കസ് കമ്പനി മേരിയെ തൂക്കിലേറ്റി വധിക്കുകയുണ്ടായി.[2]
Species | ഏഷ്യൻ ആന |
---|---|
Sex | പിടി |
Born | 1894 |
Died | സെപ്റ്റംബർ 13, 1916 എർവിൻ, ടെന്നസി | (പ്രായം 21–22)
Nation from | അമേരിക്കൻ ഐക്യനാടുകൾ |
Occupation | സർക്കസ് മൃഗം |
Employer | ചാർലി സ്പാർക്സ് |
Years active | 1898–1916 |
Training | സംഗീതോപകരണങ്ങൾ ഉപയോഗിക്കൽ പന്ത് അമ്മാനമാടൽ |
Weight | 5 short ton (4,500 കി.ഗ്രാം) |
Height | 11 അടി (3.352800000 മീ)* |
പാപ്പാന്റെ മരണം
തിരുത്തുകറെഡ് എൽഡ്രിഡ്ജ് എന്ന ഒരു ഭവനരഹിതൻ, 1916 സെപ്റ്റംബർ 11-ന് സ്പാർക്സ് വേൾഡ് ഫേമസ് ഷോസ് സർക്കസിൽ ആനകളുടെ സഹായ പരിശീലകനായി ചേർന്നു[3]. ടെന്നസിയിലെ സള്ളിവാൻ കൗണ്ടിയിൽ പ്രദർശനം നടന്നുകൊണ്ടിരിക്കെ മേരി ഇയാളെ കൊല്ലുകയുണ്ടായി. യാതൊരു യോഗ്യതയുമില്ലായിരുന്നുവെങ്കിലും റെഡ് എൽഡ്രിഡ്ജായിരുന്നു, മേരിയുടെ മുകളിലേറി, ആനകളുടെ കവാത്ത് നടത്തിയത്. ആനകളിലെ താരമായിരുന്ന മേരിയായിരുന്നു മുന്നിൽ നടന്നത്[4].
റെഡിന്റെ മരണത്തെക്കുറിച്ച് നിരവധി പക്ഷഭേദങ്ങളുണ്ട്. ദൃക്സാക്ഷി എന്നവകാശപ്പെട്ട ഡബ്ല്യു.എച്ച്. കോൾമാൻ എന്നൊരാളുടെ വിവരണമനുസരിച്ച്, ഒരു തണ്ണിമത്തന്റെ ശകലം എടുക്കാൻ ശ്രമിച്ചതിന് റെഡ് കുന്തമുപയോഗിച്ച് മേരിയെ ചെവിക്ക് പുറകിൽ കുത്തുകയുണ്ടായി. രോഷാകുലയായ മേരി എൽഡ്രിഡ്ജിനെ തുമ്പിക്കൈകൊണ്ട് പുറത്തുനിന്നെടുത്ത് വെള്ളം വെച്ചിരുന്ന ഒരു സ്റ്റാൻഡിലേക്ക് എറിഞ്ഞ ശേഷം തലയിൽ കാലമർത്തി ഞെരിക്കുകയാണുണ്ടായത്[3].
അക്കാലത്തെ ഒരു പത്രമായ ജോൺസൺ സിറ്റി സ്റ്റാഫ് പറയുന്നത് "മേരി എൽഡ്രിഡ്ജിനെ തുമ്പിക്കൈക്ക് തട്ടിയിട്ട ശേഷം എടുത്ത് മൂന്ന് മീറ്ററോളം ഉയർത്തി നിലത്തടിക്കുകയുണ്ടായി, എന്നിട്ട് കൊമ്പുകൾ കുത്തിയിറക്കിയശേഷം എൽഡ്രിഡ്ജിന്റെ മൃതശരീരം ആൾക്കൂട്ടത്തിനിടയിലേക്ക് തൊഴിച്ച് അകറ്റി" എന്നാണ്[3].
പിന്നീടുണ്ടായ കാര്യങ്ങൾ
തിരുത്തുകപിന്നീടുണ്ടായ കാര്യങ്ങൾ അതിശയോക്തി കലർത്തിയ പത്രവൃത്താന്തങ്ങൾ കൊണ്ടും നാടോടിസാഹിത്യം കൊണ്ടും അത്ര വ്യക്തമല്ല. മിക്ക കഥകളും സൂചിപ്പിക്കുന്നത് എൽഡ്രിഡ്ജിനെ വധിച്ചതോടെ മേരി ശാന്തയായെന്നും കാഴ്ചക്കാരെ ആക്രമിക്കാൻ ശ്രമിച്ചില്ലെന്നുമാണ്. എന്നാൽ സർക്കസ് കാണാൻ വന്നവർ ഉടൻ തന്നെ "ആനയെ കൊല്ല്, അതിനെ കൊല്ലാം" എന്ന് ആക്രോശിച്ച് തുടങ്ങി. മിനിറ്റുകൾക്കുള്ളിൽ പ്രാദേശിക കൊല്ലപ്പണിക്കാരനായിരുന്ന ഹെഞ്ച് കോക്സ് തോക്കെടുത്ത് മേരിയെ അഞ്ച് വെടി വെച്ചെങ്കിലും ഫലമുണ്ടായില്ല[3]. അപ്പോൾ തന്നെ അടുത്തുള്ള പലപട്ടണങ്ങളും മേരിയുണ്ടെങ്കിൽ സർക്കസ് തങ്ങളുടെ സ്ഥലത്ത് അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
തൂക്കിലേറ്റൽ
തിരുത്തുകസർക്കസ് ഉടമയായ ചാർലി സ്പാർക്സ്, അപകടകാരിയായ പ്രശ്നത്തെ എളുപ്പത്തിൽ പരിഹരിക്കാനായി മുറിവേറ്റ ആനയെ പൊതുജനസമക്ഷം വധിക്കാമെന്ന് വൈമനസ്യത്തോടെ തീരുമാനിച്ചു. അടുത്ത ദിവസം മേരിയെ തീവണ്ടി ഉപയോഗിച്ച് ടെന്നസിയിലെ യൂനികോയ് കൗണ്ടിയിലേക്ക് മാറ്റി. അവിടുത്തെ ക്ലിഞ്ച്‌ഫീൽഡ് റെയിൽറോഡ് യാർഡിൽ 2500-ൽ അധികം ആൾക്കാർ (കുട്ടികളടക്കം) കാത്തുനിൽപ്പുണ്ടായിരുന്നു.
അന്ന് വൈകുന്നേരം നാലുമണിക്കും അഞ്ചുമണിക്കും ഇടയിൽ, ഒരു റെയിൽകാറിൽ സ്ഥാപിച്ച വ്യാവസായിക ഡെറിക് ക്രെയിൻ ഉപയോഗിച്ച് ആനയെ തൂക്കിലേറ്റി[5]. ആദ്യത്തെ ശ്രമം ചങ്ങല പൊട്ടിയതിനാൽ പരാജയപ്പെട്ടു. മേരി താഴെ വീഴുകയും ഇടുപ്പെല്ല് പൊട്ടുകയും ചെയ്തു. പരുക്കേറ്റ് അവശനിലയിലായ മേരി രണ്ടാമത്തെ തൂക്കിലേറ്റലിൽ ചെരിഞ്ഞു. റെയിൽ പാളത്തിനു സമീപം തന്നെ മേരിയെ കുഴിച്ചിട്ടു. തൂക്കിലേറ്റിയ ശേഷം മേരിയുടെ മൃതദേഹപരിശോധന നടത്തിയ മൃഗഡോക്ടർ, റെഡ് എൽഡ്രിഡ്ജ് കുത്തിയ അതേ സ്ഥലത്ത് തന്നെ കേടായ പല്ല് ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു[6]. പരക്കെ പ്രചാരത്തിലുള്ള മേരിയെ തൂക്കിക്കൊല്ലുന്ന ചിത്രത്തിന്റെ ആധികാരികതയെ ആർഗോസി മാഗസിൻ സംശയിച്ചിട്ടുണ്ട്[3].
അവലംബം
തിരുത്തുക- ↑ "Murderous Mary". Retrieved 2015-05-25.
- ↑ "ആദ്യമായി തൂക്കിലേറ്റപ്പെട്ട ആനയുടെ കഥ". Retrieved 2022-11-08.
- ↑ 3.0 3.1 3.2 3.3 3.4 Joan V. Schroeder (February 13, 2009). "The Day They Hanged Mary The Elephant in Tennessee - BlueRidgeCountry.com". BlueRidgeCountry.com.
- ↑ Hodge, Randy; Price, Charles Edwin (1992). The Day they Hung the Elephant. Johnson City, Tennessee: Overmountain Press.
- ↑ Brummette, John (2012). "Trains, Chains, Blame, and Elephant Appeal: A Case Study of the Public Relations Significance of Mary the Elephant". Public Relations Review 38: 341–346.
- ↑ "Big Mary". SnapJudgement. Archived from the original on 2018-01-15. Retrieved 2013-08-21.