തെള്ളിയൂർക്കാവ് ദേവീക്ഷേത്രം

(മേജർ തെള്ളിയൂർക്കാവ് ദേവീക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ തെള്ളിയൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തെള്ളിയൂർക്കാവ് ദേവീക്ഷേത്രം. ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. ഒരു വനത്തിന് ഉള്ളിൽ എന്ന നിലയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ ഭഗവതിക്ക് വനദുർഗാ സങ്കല്പവും ഉണ്ട്. അതിനാൽ ശ്രീകോവിൽ മേൽകൂര തുറന്ന രീതിയിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.[1]

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കാവുണ്ടായിരുന്നെന്നും അവിടെ വാനരന്മാരും മറ്റും ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. തെള്ളിയൂർക്കവിലെ ഉത്സവം പ്രസിദ്ധമാണ്. പടയണി ഇവിടെ ആചരിച്ചുവരുന്നു. പടയണിയിൽ അവതരിപ്പിക്കുന്ന പ്രധാന കോലങ്ങളാണ്, ഗണപതിക്കോലം, കുതിര, ഭൈരവിക്കോലം, സുന്ദരയക്ഷിക്കോലം, അരകി യക്ഷി, മറുത്ത, പക്ഷി, കാലമാടൻ, കാലൻകോലം എന്നിവ. തെള്ളിയൂർ വൃശ്ചിക വാണിഭം ഇവിടുത്തെ പ്രത്യേകതയാണ്. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത സ്രാവു വ്യാപാരം ഇവിടത്തെ പ്രത്യേകതയാണ്.


ഉത്സവങ്ങൾ തിരുത്തുക

ക്ഷേത്രത്തിൽ തിരുവുത്സവം നടക്കുന്നത് കുംഭ മാസത്തിലാണ്. കാർത്തിക നക്ഷത്രം ആറാട്ട് വരത്തക്ക രീതിയിലാണ് 10 ദിവസത്തെ ഉത്സവം. ഇത് കൂടാതെ അതിപ്രധാനമായ മറ്റൊരു ഉത്സവ ആചാരമാണ് പടയണി.തെള്ളിയൂർക്കാവ് പടയണി പ്രസിദ്ധമാണ്. ധനുമാസത്തിലാണ് പടയണി.മധ്യതിരുവിതാംകൂറിലെ ഭഗവതി ക്ഷേത്രങ്ങളിൽ പടയണിക്കാലം തുടങ്ങുന്നത് തന്നെ തെള്ളിയൂർകാവിൽ നിന്നാണ്.പടയണിയെന്നാൽ ദാരികവധാനന്തരം കോപാകുലയായ ഭദ്രകാളിയുടെ കലി കുറയ്ക്കാനായി ശിവനും ഭൂതഗണങ്ങളും ദേവന്മാരും പലവിധം വേഷങ്ങൾ കെട്ടിയാടിയതിന്റെ ഓർമ പുതുക്കലാണ്. അങ്ങനെ പോർക്കലിയുടെ കോപം ശമിച്ചുവെന്നാണ് ഐതിഹ്യം.പത്തനംതിട്ട ജില്ലയുടെ മാത്രം തനത് കലാരൂപമാണ് പടയണി. കോട്ടയം ജില്ലയുടെ കുറച്ച് ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പിന്നെ ക്ഷേത്രത്തിലെ ചടങ്ങ് അല്ലെങ്കിലും നാട്ടുകാരും മറ്റും കൊണ്ടാടുന്ന മറ്റൊരു ആഘോഷമാണ് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം.പണ്ട് കാലം മുതൽ തന്നെ കാർഷിക ഉത്പന്നങ്ങൾ, കർഷക വസ്തുക്കൾ, ആയുധങ്ങൾ, ചെടികൾ എന്നിവയുടെ കമനീയ വിപണിയാണ് വൃശ്ചിക വാണിഭം. വൃശ്ചികമാസം 1 മുതൽ 12 വരെയാണ് നടക്കുന്നത്. സാധനങ്ങൾ വാങ്ങുന്നതിനായി അനിയന്ത്രിത തിരക്കാണ് ഇവിടെ ഉണ്ടാവുന്നത്. ദൂരദേശങ്ങളിൽ നിന്നുപോലും വർഷംതോറും ആളുകൾ സാധനം മേടിക്കാനെത്തുന്നു.


ക്ഷേത്രം തിരുത്തുക

തീർത്തും ഒരു ഗ്രാമപ്രദേശത്തിന്റെ ഉള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചുറ്റുമുള്ള റബ്ബർ തോട്ടങ്ങളുടെ നടുവിൽ ഒരു താഴ്ന്ന പ്രദേശത്ത് നിലകൊള്ളുന്നു ക്ഷേത്രസങ്കേതം. ആനക്കൊട്ടിലും നാലമ്പലവും കൊടിമരവും ഒക്കെ ചേർന്നൊരു വലിയ ക്ഷേത്രമാണ് ഇവിടം. ദേവിക്ക് വനദുർഗസങ്കല്പവും ഉള്ളതിനാൽ ചതുരാകൃതിയിലുള്ള ശ്രീകോവിലിന്റെ മുകൾഭാഗം തുറന്ന നിലയിലാണ്.

അവലംബം തിരുത്തുക

  1. "Thelliyoor Devi Temple ★ Thelliyoor, Vennikulam, Thiruvalla, Pathanamthitta". Retrieved 2024-04-08.