മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം (ഇന്ത്യ)

വ്യക്തി നിയമങ്ങളിൽ പ്രധാനപ്പെട്ടതും സ്വത്തിന്മേലുള്ള അവകാശം ഒരാളിൽ നിന്നും അടുത്തയാളിലേക്ക് കൈമാറ്റം ചെയ്യുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ നിയമങ്ങളെയാണ് പിന്തുടർച്ചാവകാശ നിയമങ്ങൾ എന്നു വിളിക്കുന്നത്. മരണാനന്തര സ്വത്തുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഇസ്‌ലാം മത വിശ്വാസികൾക്കിടയിലെ നിയമമാണ് മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം. മുസ്‌ലിംഗളുടെ വേദ ഗ്രന്ഥമായ ഖുർആനിന്റെ അവതരണ കാലത്ത് പല സമൂഹങ്ങളിലും പിന്തുടർച്ചാവകാശം മൂത്ത പുത്രനിൽ മാത്രമോ അല്ലെങ്കിൽ പുത്രന്മാർക്ക് മാത്രമോ പരിമിതപ്പെടുത്തിയിരുന്ന ഒരു സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇസ്ലാം അക്കാലത്ത് ഒരു പുരോഗമനപരമായ ദായക്രമം ആവിഷ്ക്കരിച്ചു. മുസ്‌ലിംകളുടെ വേദ ഗ്രന്ഥമായ ഖുർആൻ, മുഹമ്മദ് നബിയുടെ ജീവിത ചര്യ രേഖപ്പെടുത്തിയ ഹദീസുകൾ, ഇജ്മഅ്(പണ്ഡിതന്മാരുടെ ഏകാഭിപ്രായം)[1], ഖിയാസ് (താരതമ്യം ചെയ്യുക) തുടങ്ങിയവ അവലംബപ്പെടുത്തിയാണ് ഈ നിയമം ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ഈ നിയമം ക്രോഡീകരിക്കപ്പെട്ടിട്ടില്ല. മുസ്‌ലിം ആയ ഒരു വ്യക്തിയുടെ മരണ ശേഷം അയാളുടെ സ്വത്തുക്കൾ അനന്തരാവകാശികൾക്ക് അവകാശപ്പെട്ടതാണ്. എന്നാൽ പ്രത്യേക വിവാഹ നിയമം (Special Marriage Act) പ്രകാരം വിവാഹിതരായവർക്കും അപ്രകാരം രജിസ്റ്റർ ചെയ്തവർക്കും അവരുടെ മക്കൾക്കും അവർ മുസ്‌ലിം ആയിരുന്നാലും ഈ നിയമപ്രകാരമല്ല് പിന്തുടർച്ച ലഭിക്കുക.[2] മരണപ്പെട്ട വ്യക്തിയുടെ മരണാനന്തര ചെലവുകളും വസിയ്യത്തും കടബാദ്ധ്യതയും തീർത്തതിനു ശേഷമേ അദ്ദേഹത്തിന്റെ സ്വത്തുക്കൾ അനന്തരാവകാശികളിലേക്ക് വിഭജിക്കാനാവൂ.

മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം (ഇന്ത്യ)
ബാധകമായ പ്രദേശംജമ്മു കാശ്മീർ സംസ്ഥാനമൊഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
നിയമം നിർമിച്ചത്ഇന്ത്യൻ ലെജിസ്ലേച്ചർ

പൊതു നിയമങ്ങൾ

തിരുത്തുക
  1. പിന്തുടർച്ചാവകാശം നിർണ്ണയിക്കുന്നതിലേക്ക് മരണപ്പെട്ട ആളിന്റെ സ്ഥാവര ജംഗമ സ്വത്തുക്കൾ എന്ന നിലയിലോ സ്വയാർജ്ജിത സ്വത്ത് പൂർവാർജ്ജിത സ്വത്ത് എന്ന നിലയിലോ സ്വത്തുക്കളെ വേർതിരിച്ചിട്ടില്ല.
  2. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ സ്വത്തിന് പിന്തുടർച്ചാവകാശമില്ല. അതായത് ജന്മാവകാശം എന്ന നിലയിൽ മറ്റൊരാളുടെ സ്വത്തിൽ അവകാശം സ്ഥാപിക്കുവാൻ അദ്ദേഹം ജീവിച്ചിരിക്കേ ആർക്കും അവകാശമില്ല.
  3. ഒരു വ്യക്തിയുടെ പിന്തുടർച്ചാവകാശം തീരുമാനിക്കുന്ന സന്ദർഭത്തിൽ ഏതെങ്കിലും അവകാശിയെ കാണാതായിട്ടുണ്ടെങ്കിൽ അദ്ദേഹം തിരിച്ചു വന്ന് അവകാശം ഉന്നയിക്കുന്നത് വരെയോ അല്ലെങ്കിൽ അദ്ദേഹം മരണപ്പെട്ടു എന്നു തെളിയിക്കുന്നതു വരേയോ അദ്ദേഹത്തിനുള്ള അവകാശം സൂക്ഷിക്കേണ്ടതാണ്.
  4. വിവാഹ ബന്ധത്തിലൂടെയല്ലാതെ ജനിച്ച സന്തതിയുടെ സ്വത്തിന് പിതാവിന് അർഹതയുണ്ടാവില്ല. എന്നാൽ മാതാവിന് അവകാശമുണ്ടായിരിക്കും
  5. ഘാതകന് പിന്തുടർച്ചാവകാശമില്ല.
  6. ബുദ്ധി ഭ്രമം, ചാരിത്ര ശുദ്ധി എന്നിവയുടെ പേരിൽ അവകാശം നിശേധിക്കാൻ പാടില്ല.

ഇസ്‌ലാമികസമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ദായക്രമത്തിൽ ചെറിയ വ്യത്യാസങ്ങൾ നില നിൽക്കുന്നുണ്ട്. പ്രധാനമായും ഷിയ, സുന്നി( ഹനഫി) എന്നീ വിഭാഗങ്ങള്ക്കായി രണ്ട് തരം ദായക്രമം നിലനിൽക്കുന്നു.

ഹനഫി പിന്തുടർച്ചാവകാശ നിയമം

തിരുത്തുക

ഒരു വ്യക്തി മരണപ്പെട്ടാൽ അയാളുടെ സ്വത്തിനെ സമ്പന്ധിച്ച് രണ്ട് കാര്യങ്ങൾ പ്രസക്തമാണ്. മരണപ്പെട്ട ആൾക്ക് എത്ര അവകശികൾ ഉണ്ടെന്നും സ്വത്തിന്റെ എത്ര ഓഹരി അവർക്കോരോരുത്തർക്കും ഉണ്ടെന്നും നിർണ്ണയിക്കേണ്ടതുണ്ട്. അതിനായി അവകാശികളെ 3 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

  1. പങ്കുകാർ ( Sharers)[3]
  2. അവശേഷിക്കുന്ന സ്വത്തിന്റെ അവകാശികൾ/ ശിഷ്ടാവകാശികൾ ( Residuaries)[4]
  3. അകന്ന ബന്ധു ജനം( Distant kindred)[5] .

പങ്കുകാർ

തിരുത്തുക

പരിശുദ്ധ ഖുർആനിൽ പങ്കുകാർ എന്ന വിഭാഗത്തിൽ 9 പേരാണുണ്ടായിരുന്നത്. പിന്നീട്, പ്രവാചകന്റെ കാല ശേഷം ഖിയാസ് ( Analogical deduction) പ്രകാരം 3 പേരെകൂടി ഉൾപ്പെടുത്തുകയുണ്ടായി.[6][7] അപ്രകാരം, മകന്റെ മകൾ, മാതാമഹി, പിതാമഹൻ എന്നിവരെ കൂടി ഉൾപ്പെടുത്തുകയും ഈ വിഭാഗത്തിലെ അവകാശികളുടെ എണ്ണം 12 ആവുകയും ചെയ്തു. എന്നാൽ ഷിയ വിഭാഗക്കാർ ഇതു 9 ആയി തന്നെ നിലനിർത്തി.


പങ്കുകാർ ( Sharers) താഴെ പറയുന്നവരാകാം :

  • വിവാഹ ബന്ധം വഴിയുള്ള പങ്കുകാർ
  1. ഭാര്യ(wife)
  2. ഭർത്താവ്(Husband)
  • രക്തബന്ധം വഴിയുള്ള പങ്കുകാർ
  1. മകൾ(Daughter)
  2. മകന്റെ മകൾ(Son's daughter hoe low soever)
  3. സഹോദരി(Full sister)
  4. രക്തബന്ധത്തിലുള്ള സഹോദരി(Consanguine sister)
  5. ഒരേ അമ്മയിലുള്ള സഹോദരി(Uterine sister)
  6. ഒരേ അമ്മയിലുള്ള സഹോദരൻ(Uterine brother)
  7. മാതാവ്(Mother)
  8. മാതാമഹി(True grand mother)
  9. പിതാവ്(Father)
  10. പിതാമഹൻ(True grand father)
തത്വങ്ങൾ
തിരുത്തുക
  • നിലവിലുള്ള അടുത്ത ബന്ധുക്കളാൽ അകന്ന ബന്ധുക്കൾ ഒഴിവാക്കപ്പെടും.
  • പൂർണ്ണ രക്ത ബന്ധമുള്ളവരാൽ അർധരക്ത ബന്ധമുള്ളവർ ഒഴിവാക്കപ്പെടും.കാരണം പറഞ്ഞു തരണം

ശിഷ്ടാവകാശികൾ

തിരുത്തുക

അനന്തരാവകാശികൾക്ക് അവരവരുടെ ഓഹരികൾ നൽകിയ ശേഷം ബാക്കിയുള്ളത് കുടുംബത്തിൽ ഏറ്റവും അടുത്ത ബന്ധമുള്ള പുരുഷനു അവകാശപ്പെട്ടതാണ് ( ബുഹാരി 8.80.7240 എന്ന ഹദീസ് അടിസ്ഥാനമാക്കിയാണ് പങ്കുകാരല്ലാത്ത ശിഷ്ടാവകാശികളെ നിർണ്ണയിച്ചിട്ടുള്ളത്.

ചില പങ്കുകാർക്ക് (Sharers) അവരുടെ അതേ റാങ്കിലുള്ള അവശേഷിക്കുന്ന സ്വത്തിന്റെ അവകാശികൾ (Residuaries)ഉണ്ടെകി,ൽ അവര്ക്കും അവശേഷിക്കുന്ന സ്വത്തിന്റെ അവകാശികൾ (Residuaries) എന്ന നിലയിൽ മാത്രമേ അവകാശമുണ്ടായിരിക്കുകയുള്ളൂ. ഉദാഹരണമായി മരണപ്പെട്ട ആൾക്ക് മകളെക്കൂടാതെ മകനും ഉണ്ടെങ്കിൽ ഇരുവരും അവശേഷിക്കുന്ന സ്വത്തിന്റെ അവകാശികൾ ( Residuaries) എന്ന വിഭാഗത്തിൽ അവകാശികളായിത്തീരുന്നതാണ്. അപരകാരം പൂർണ്ണ സഹോദരിയുടെ കൂടെ പൂർണ്ണ സഹോദരന് ഉണ്ടെങ്കിലും, മകന്റെ മകളുടെ കൂടെ മകന്റെ മകൻ ഉണ്ടെങ്കിലും, മകന്റെ മകന്റെ മകളുടെ കൂടെ മകന്റെ മകന്റെ മകൻ ഉണ്ടെങ്കിലും അവരെല്ലാവരും അവശേഷിക്കുന്ന സ്വത്തിന്റെ അവകാശികൾ ( Residuaries) ഉൾപ്പെടുന്നതായിരിക്കും. പങ്കുകാർക്ക് (Sharers) സ്വത്ത് വിഭജിച്ച ശേഷം അവശേഷിക്കുന്ന സ്വത്തിന്റെ അവകാശികൾ ( Residuaries) താഴെ പറയുന്നവരാണ്.

  1. മകൻ(Son)
  2. മകന്റെ മകൻ(Son's son how low soever)
  3. പിതാവ്(Father)
  4. പിതാമഹൻ(Father's father )
  5. പൂർണ്ണ സഹോദരൻ(Full bother)
  6. പൂർണ്ണ സഹോദരി(full sister)
  7. രക്ത ബന്ഡത്തിലുള്ള സഹോദരൻ(Consanguine bother)
  8. രക്ത ബന്ഡത്തിലുള്ള സഹോദരി(Consanguine sister)
  9. സഹോദരന്റെ മകൻ(Full bother's son)
  10. രക്ത ബന്ഡത്തിലുള്ള സഹോദരന്റെ മകൻ(Consanguine bother's son)
  11. സഹോദരന്റെ മകന്റെ മകൻ(Full brother's son's son)
  12. രക്ത ബന്ഡത്തിലുള്ള സഹോദരന്റെ മകന്റെ മകൻ(Consanguine bother's son's son)
  13. പിതൃ സഹോദരൻ(Full paternal uncle)
  14. രക്ത ബന്ഡത്തിലുള്ള പിതാവിന്റെ സഹോദരന്.(consanguine paternal uncle
  15. പിതൃ സഹോദരന്റെ മകൻ(.Full pternal uncle's son)
  16. രക്ത ബന്ഡത്തിലുള്ള പിതാവിന്റെ സഹോദരന്റെ മകൻ(Consanguine paternal uncle's son)
  17. പിതാവിന്റെ സഹൊദരന്റെ മകന്റെ മകൻ(Full paternal uncle's son's son)
  18. രക്തബന്ഡത്തിലുള്ള പിതാവിന്റെ സഹോദരന്റെ മകന്റെ മകൻ.(Consanguine paternal uncle's son's son)

അകന്ന ബന്ധുജനം

തിരുത്തുക

അകന്ന ബന്ധുജനം ( Distant kindred): പങ്കുകാരോ ശിഷ്ടാവകാശം ലഭിക്കുന്നവരോ അല്ലാത്ത രക്ത ബന്ധമുള്ള എല്ലാവരും സ്ത്രീ പുരുഷ ഭേദമില്ലാതെ ഈ പട്ടികയിൽ പെടുന്നു.പങ്കുകാരോ ശിഷ്ടാവകാശം ലഭിക്കുന്നവരോ ഇല്ലെങ്കിൽ മാത്രമേ ഈ വിഭാഗത്തിന് അര്ഹത ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ പങ്കുകാരായ അവകാശിയുടെ കൂടെ അകന്ന ബന്ധുജനം എന്ന വിഭാഗത്തിലുള്ളവർക്ക് അവകാശം ലഭിക്കുന്ന ഒരു സന്ദർഭമുണ്ട്. ഉദാഹരണമായി മരണപ്പെട്ട വ്യക്തിയുടെ പങ്കുകാർ എന്ന വിഭാഗത്തിൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ഉണ്ടാവുകയും ശേഷക്കാർ ആരും ഇല്ലാതിരിക്കുകയും ചെയ്താൽ ഭാര്യ/ഭർത്താവിന്റെ അവകാശം കഴിച്ച് ബാക്കി വരുന്ന സ്വത്ത് അകന്ന ബന്ധുജനം എന്ന ഈ വിഭാഗത്തിന് ലഭിക്കുന്നതാണ്.

തത്വങ്ങൾ
തിരുത്തുക

മരണപ്പെട്ട വ്യക്തിക്ക് ശേഷക്കാർ(Descendants), മുന്മുറക്കാർ(Ascendants) പാർശ്വസ്തർ(Collaterals) എന്നിവർ ഉണ്ടെങ്കിൽ ശേഷക്കാർ(Descendants) ക്ക് ആയിരിക്കും അവകാശം ലഭിക്കുക.അതേപോലെ പാർശ്വസ്തർ(Collaterals) രെ അപേക്ഷിച്ച് മുന്മുറക്കാർ(Ascendants) ക്ക് ആയിരിക്കും അവകാശം ലഭിക്കുക. അകന്ന ബന്ധുജനം ( Distant kindred) എന്ന ഈ വിഭാഗത്തിൽ പെടുന്നവർ താഴെ പറയും പ്രകാരമാണ്.

  • ശേഷക്കാർ(Descendants)
    • മകളുടെ കുട്ടികൾ (Daughter's children how low soever)
    • മകന്റെ മകളുടെ കുട്ടികൾ( Son's dauther's children how low soever)
  • മുന്മുറക്കാർ(Ascendants)
    • അമ്മയുടെ അച്ചൻ, അമ്മയുടെ അമ്മയുടെ അച്ഛൻ തുടങ്ങിയ സ്ത്രീയുടെ സാന്നിധ്യമുള്ള പിതാമഹൻ(False grand father how high soever)
    • അമ്മയുടെ അച്ഛന്റെ അമ്മ (False grand mother how high soever)
  • പാർശ്വസ്തർ(Collaterals)

ഇത് വീണ്ടും 3 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

  • അച്ഛ്റെ പിന്മുറക്കാർ: ഈ വിഭാഗത്തിൽ 6 തരം അവകാശികളാണുള്ളത്.
  1. പൂർണ്ണ സഹോദരന്റെ പെൺ മക്കളും അവരുടെ പിന്മുറക്കാരും( Full brother's daughters and thier descendants)
  2. രക്ത ബന്ധ്ത്തിലുള്ള സഹോദരന്റെ പെൺ മക്കളും അവരുടെ പിന്മുറക്കാരും ( Consanguine brother's daughters and thier descendants)
  3. അമ്മ വഴിയുള്ള സഹോദരന്റെ മക്കളും അവരുടെ പിന്മുറക്കാരും( Uterine bother's daughters and thier descendants)
  4. പൂർണ്ണ സഹോദരന്റെ മകന്റെ പെൺ മക്കളും അവരുടെ പിന്മുറക്കാരും (Full bother's son's daughters and thier descendants)
  5. രക്തബന്ധത്തിലുള്ള സഹോദരന്റെ മകന്റെ പെൺ മക്കളും അവരുടെ പിന്മുറക്കാരും( Consanguine brother's son's daughters and thier descendants)
  6. സഹോദരിയുടെ മക്കൾ ( Sister's daughters and thier descendants)( പൂർണ്ണ സഹോദരിയെന്നോ അർദ്ധ സഹോദരിയെന്നോ വ്യത്യാസമില്ല)
  • പിതാമഹന്മാരുടെ പിന്മുറക്കാർ
  1. അച്ഛ്റെ സഹോദരങ്ങളുടെ പെൺ മക്കളും അവരുടെ പിന്മുറക്കരും (Full paternal uncle's daughters and thier descendants)
  2. ഒരേ അച്ഛൻ വഴിയുള്ള അച്ഛ്റെ സഹോദരന്റെ പെൺ മക്കളും അവരുടെ പിന്മുറക്കാരും(Consanguine paternal uncle's daughters and thier descendants)
  3. ഒരേ അമ്മ വഴിയുള്ള അച്ഛ്റെ സഹോദരനും അവരുടെ കുട്ടികളും അവരുടെ പിന്മുറക്കാരും(Uterine paternal uncles and thier children and thier descendants)
  4. അച്ഛ്റെ സഹോദരന്റെ മകന്റെ പെണ്മക്കളും അവരുടെ പിന്മുറക്കാരും(Daughters of full paternal uncle's sons how low soever)
  5. ഒരേ അച്ഛൻ വഴിയുള്ള അച്ഛ്റെ സഹോദരന്റെ മകന്റെ പെണ്മക്കളും അവരുടെ പിന്മുറക്കാരും(Daughters of consanguine paternal uncle's sons how low soever)
  6. അച്ഛ്റെ സഹോദരിമാരും അവരുടെ കുട്ടികളും അവരുടെ പിന്മുറക്കാരും(Paternal aunts whether full consanguine or uterine and thier children and thier descendants)
  7. അമ്മയുടെ സഹോദരങ്ങളും അവരുടെ മക്കളും അവരുടെ പിന്മുറക്കാരും(Maternal uncles and aunts and thier children and thier descendats)
  • അകന്ന ബന്ധത്തിലുള്ള പിതമഹന്മാരുറ്റെ പിന്മുറക്കാർ(Descendants of remoter grand parents how high soever whether true or false grandparents)

അവകാശ നിരക്കുകൾ

തിരുത്തുക
  1. ഭാര്യ: മരണപ്പെട്ടയാളുടെ ഭാര്യയ്ക്ക് 8-ൽ ഒരവാകാശം ഉണ്ടായിരിക്കും. കൂടുതൽ ഭാര്യമാർ ഉണ്ടാവുകയാണെങ്കിൽ 8-ൽ ഒരു ഓഹരി അവർ തുല്യമായി വീതിച്ചെടുക്കും. എന്നാൽ മരണപ്പെട്ടയാൾക്ക് പിന്മുറക്കാരോ മകന്റെ കുട്ടിയോ ഇല്ലെങ്കിൽ ഭാര്യയ്ക്ക് 4-ൽ 1 അവകാശം ഉണ്ടായിരിക്കുന്നതാണ്[8]
  2. ഭർത്താവ്: മരണപ്പെട്ട സ്ത്രീയുടെ ഭർത്താവിനു് 4-ൽ 1 അവകാശം ഉണ്ടായിരിക്കും. എന്നാൽ മരണപ്പെട്ടയാൾക്ക് പിന്മുറക്കാരോ മകന്റെ കുട്ടിയോ ഇല്ലെങ്കിൽ ഭർത്താവിന് 2-ൽ 1 അവകാശം ഉണ്ടായിരിക്കുംണ്[8]
  3. മകൾ: മരണപ്പെട്ടയാൾക്ക് മകന് ഇല്ലാതിരിക്കുകയും ഒരു മകൾ ആണ് ഉള്ളതെങ്കിൽ മകൾക്ക് പകുതി അവകാശം ഉണ്ടായിരിക്കും. മരണപ്പെട്ടയാൾക്ക് മകന് ഇല്ലാതിരിക്കുകയും ഒന്നിൽ കൂടുതൽ പെണ്മക്കൾ ഉണ്ടെങ്കിൽ പെണ്മക്കൾക്കെല്ലാവർക്കും കൂടി 3-ൽ 2 അവകാശം ഉണ്ടായിരിക്കും. എന്നാൽ മരണപ്പെട്ട വ്യക്തിക്ക് മകൻ ഉണ്ടായിരിക്കുമ്പോൾ പെണ്മക്കൾക്ക് ശിഷ്ടാവകാശം എന്ന് നിലയിൽ മകന്റെ അവകാശത്തിന്റെ പകുതി മാത്രമേ അരഹതയുണ്ടാവുകയുള്ളൂ.[9]
  4. മകന്റെ മകൾ: മരണപ്പെട്ട വ്യക്തിക്ക് മകളോ മകനോ മുതിർന്ന മകന്റെ മകനോ അല്ലെങ്കിൽ മകളോ ഇല്ലാത്ത സാഹചര്യത്തിൽ മകന്റെ മകൾക്ക് സ്വത്തിൽ 2-ൽ 1 അവകാശം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ മകന്റെ പെണ്മക്കൾ ഉണ്ടെങ്കിൽ അവർക്ക് എല്ലാവർക്കും കൂടി 3-ൽ 2 അവകാശം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ മരണപ്പെട്ട വ്യക്തിക്ക് ഒരു മകളും സഹോദരിയും മകന്റെ മകളും ഉണ്ടെങ്കിൽ മകന്റെ മകൾക്ക് 6-ൽ 1 അവകാശം ഉണ്ടായിരിക്കും[10]
  5. പൂർണ്ണ സഹോദരി: മരണപ്പെട്ട വ്യക്തിയുടെ പൂർണ്ണ സഹോദരിക്ക് ചില സാഹചര്യത്തിൽ 2-ൽ 1 അവകാശവും[10] ഇത്തരത്തിൽ ഉള്ള ഒന്നിലധികം സഹോദരിമാർക്ക് 3-ൽ 2 അവകാശവും തുല്യമായുണ്ടാവുന്ന സാഹചര്യമുണ്ട്. അത് മരണപ്പെട്ട വ്യക്തിക്ക് കുട്ടികളോ മകന്റെ കുട്ടികളോ പിതാവോ പിതാമഹനോ സഹോദരനോ ഇല്ലെങ്കിൽ മാത്രമാണ്. ഇവരുടെ സാന്നിദ്ധ്യത്തിൽ പൂർണ്ന സഹോദരിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല.[11]
  6. രക്ത ബന്ധമുള്ള സഹോദരി: മരണപ്പെട്ട വ്യക്തിയുടെ രക്ത ബന്ധമുള്ള സഹോദരിക്ക് ചില സാഹചര്യത്തിൽ 2-ൽ 1 അവകാശവും ഇത്തരത്തിൽ ഉള്ള ഒന്നിലധികം സഹോദരിമാർക്ക് 3-ൽ 2 അവകാശവും തുല്യമായുണ്ടാവുന്ന സാഹചര്യമുണ്ട്. അത് മരണപ്പെട്ട വ്യക്തിക്ക് കുട്ടികളോ മകന്റെ കുട്ടികളോ പിതാവോ പിതാമഹനോ സഹോദരനോ സഹോദരിയോ ഇല്ലെങ്കിൽ മാത്രമാണ് ഇവരുടെ സാന്നിദ്ധ്യത്തിൽ രക്തബന്ധമുള്ള സഹോദരിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല.എന്നാൽ ഇത്തരത്തിലുള്ള ബന്ധുക്കൾ ഇല്ലാതിരിക്കുകയും രക്തബന്ധത്തിലൂള്ള സഹോദരൻ ഉണ്ടാവുകയും ചെയ്താൽ രക്തബന്ധമുള്ള സഹോദരിക്ക് രക്തബന്ധമുള്ള സഹോദരന്റെ പകുതി അവകാശം ശിഷ്ടാവകാശി എന്ന നിലയിൽ ലഭിക്കുന്നതാണ്.
  7. ഒരേ അമ്മവഴിയുള്ള സഹോദരൻ: ഒരേ അമ്മവഴിയുള്ള സഹോദരന്റെ അവകാശം 6-ൽ 1 ആയിരിക്കും. എന്നാൽ ചില അവസരങ്ങളിൽ ഈ സഹോദരന് അവകാശം നഷപ്പെടുന്നതാണ്. അത് മരണപ്പെട്ട വ്യക്തിയുടെ കുട്ടിയോ മകന്റെ കുട്ടിയോ പിതാവോ അല്ലെങ്കിൽ പിതാമഹനോ എന്നിവരിൽ ആരുടെയെങ്കിലും സാന്നിധ്യമാണ്.ണ്[8]
  8. ഒരേ അമ്മവഴിയുള്ള സഹോദരി: ഒരേ അമ്മവഴിയുള്ള സഹോദരിയുടെ അവകാശം 6-ൽ 1 ആയിരിക്കും. എന്നാൽ ചില അവസരങ്ങളിൽ അവകാശം നഷപ്പെടുന്നതാണ്. അത് മരണപ്പെട്ട വ്യക്തിയുടെ കുട്ടിയോ, മകന്റെ കുട്ടിയോ, പിതാവോ, അല്ലെങ്കിൽ പിതാമഹനോ എന്നിവരിൽ ആരുടെയെങ്കിലും സാന്നിധ്യമാണ്.[8]
  9. മാതാവ്:മരണപ്പെട്ട വ്യക്തിയുടെ മാതാവിന് 6 -ൽ 1 അവകാശം ഉണ്ടായിരിക്കും. ഈ അവകാശം ആരുടെ സാന്നിദ്ധ്യമുണ്ടെങ്കിലും നഷടപ്പെടുന്നില്ല. എന്നാൽ മരണപ്പെട്ട വ്യക്തിക്ക് കുട്ടികളോ മകന്റെ കുട്ടികളോ അവരുടെ പിന്മുറക്കാരോ ഇല്ലെങ്കിൽ അമ്മയുടെ അവകാശം 3-ൽ 1 ആയി വർദ്ധിക്കുന്നതാണ്. കൂടാതെ മരണപ്പെട്ട വ്യക്തിക്ക് ഒരു സഹോദരിയോ സഹോദരനോ ആണെങ്കിൽ മാതാവിന്റെ അവകാശം 3-ൽ 1 ആയി വർധിക്കുന്നതാണ്ണ്[9]
  10. മാതാമഹി: മാതാമഹിയുടെ അവകാശം 6-ൽ 1 ആയിരിക്കും. എന്നാൽ മരണപ്പെട്ട വ്യക്തിയുടെ മാതാവ്, അല്ലെങ്കിൽ ഏറ്റവും അടുത്ത മാതാമഹി എന്നിവരുടെ സാന്നിധ്യം ഈ അവകാശം ഇല്ലാതാക്കും. മാതാമഹിയ്ക്ക് അവകാശം ഉണ്ടെന്ന് വിശുദ്ധ ഗ്രന്ദ്ഥത്തിൽ പറയുന്നില്ല. എന്നാൽ ഖലീഫ അബൂബക്കർ (റ) കാലത്ത് പേരക്കുട്ടിയുടെ അനന്തരാവകാശം ആവശ്യപ്പെട്ട് ഒരു മാതാമഹി ഖലീഫയുടെ അടുത്ത് വരികയും അള്ളാഹുവിന്റെ ഗ്രന്ഥത്തിൽ മാതാമഹിയ്ക്ക് അവകാശം രേഖപ്പെടുത്തിയ്ട്ടില്ല എന്നു പറയുകയും ഖലീഫ പൊതു ജനങ്ങളോട് അതേ പറ്റി എന്തെങ്കിലും അറിവുണ്ടോ എന്നു ചോദിച്ചപ്പോൾ 6-ഇൽ ഒരു അവകാശം ഉള്ളതായി പ്രവാചകൻ പറഞ്ഞതു കേട്ടതായി ഒരാൾ പറയുകയും അപ്രകാരം ആറിൽ ഒരവകാശം അനുവദിച്ചതായും ബുഹാരിയുടെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[12]
  11. പിതാവ്: പിതാവിന്റെ അവകാശം 6-ൽ 1 ആയിരിക്കും.[9] പിതാവിന്റെ അവകാശം ആരുടെ സാന്നിധ്യത്തിലും നഷ്ടപ്പെടുന്നില്ല. കൂടാതെ മരണപ്പെട്ടയാൾക്ക് കുട്ടിയോ മകന്റെ കുട്ടിയോ അവരുടെ കുട്ടിയൊ ഇല്ലെങ്കിൽ പിതാവിന് ശിഷ്ടാവകാശി എന്ന നിലയിൽ അവകാശം ലഭിക്കുന്നതാണ്.
  12. പിതാമഹൻ: പിതാമഹന്റെ( അച്ന്റെ അച്ഛൻ, അച്ഛ്റെ അചന്റെ അച്ഛൻ തുടങ്ങിയവർ) അവകാശം 6-ൽ 1 ആണ്.എന്നാൽ മറണപ്പെട്ട വ്യക്തിയുടെ പിതാവിന്റെയോ അടുത്ത പിതാമഹന്റെയോ സാന്നിധ്യത്തിൽ അവകാശം ഉണ്ടായിരിക്കുന്നതല്ല.

അവകാശ നിരക്കിലെ മാറ്റങ്ങൾ

തിരുത്തുക

ചില സാഹചര്യങ്ങളിൽ നിർണ്ണയിക്കപ്പെട്ട വിഹിതത്തിൽ വ്യതിയാനം വരുന്ന സാഹചര്യമുണ്ടാകുന്നു. ഇപ്രകാരം അവകാശികൾക്ക് നിർണ്നയിക്കപ്പെട്ടതിലും കൂടുതൽ കിട്ടുന്ന സാഹചര്യത്തെ" റദ്ദ് ' (Doctrine of radd or return)എന്നും കുറവു കിട്ടുന്ന സാഹചര്യത്തെ "ഔൽ" (Doctrine of aul or increase )എന്നും പറയുന്നു

ഷിയ പിന്തുടർച്ചാവകാശ നിയമം

തിരുത്തുക

ഷിയ നിയമം രണ്ട് വിഭാഗം അവകാശികളുണ്ട്. പങ്കുകാർ, ശിഷ്ടാവകാശികൾ എന്നിവരാണത്. ഹനഫി പിന്തുടർച്ചാവകാശത്തിലെ പോലെയുള്ള അകന്ന ബന്ധു ജനം എന്ന വിഭാഗം ഇതിൽ ഇല്ല. പങ്കുകാർ എന്ന വിഭാഗത്തിൽ വിശുദ്ധ ഖുർആനിൽ പരാമർശിച്ച 9 പേർ മാത്രമാണുള്ളത്. പങ്കുകാർ ( Sharers) താഴെ പറയുന്നവരാണ് :

  • വിവാഹ ബന്ധം വഴിയുള്ള പങ്കുകാർ
  1. ഭർത്താവ്(Husband)
  2. ഭാര്യ(wife)
  • രക്തബന്ധം വഴിയുള്ള പങ്കുകാർ
  1. പിതാവ്(Father)
  2. മാതാവ്(Mother)
  3. മകൾ(Daughter)
  4. ഒരേ അമ്മയിലുള്ള സഹോദരി(Uterine sister)
  5. ഒരേ അമ്മയിലുള്ള സഹോദരൻ(Uterine brother)
  6. സഹോദരി(Full sister)
  7. രക്തബന്ധത്തിലുള്ള സഹോദരി(Consanguine sister)

വിമർശനങ്ങൾ

തിരുത്തുക

പരേതനു പുത്രനുള്ളപ്പോൾ മരണപ്പെട്ടുപോയ മറ്റു മക്കളിലുണ്ടായ പേരക്കുട്ടിക്ക് സ്വത്തവകാശമില്ലാത്തതും, പരേതന്റെ മകൾക്ക് മകനു കിട്ടുന്ന സ്വത്തിന്റെ പകുതി മാത്രമേ അവകാശമുള്ളൂവെന്നതും കൂടാതെ പെൺ മക്കൾ മാത്രമുള്ള മാതാപിതാക്കളുടെ സ്വത്തുക്കളിൽ മാതാപിതാക്കളുടെ അടുത്ത രക്തബന്ധുക്കൾക്ക് അവകാശമുണ്ടാവുമെന്നതും വിമർശനത്തിനു വിധേയമാകുന്നുണ്ട്.[13]

  1. അനന്തരാവകാശം ആമുഖം ഇസ്ലാം ഓൺലൈൻ
  2. "പ്രത്യേക വിവാഹ നിയമത്തിലെ പിന്തുടർച്ച". Archived from the original on 2010-04-25. Retrieved 2014-02-09.
  3. muslim Law in Modern India by Paras Diwan 8th Edition Reprint 2001 page 188,189
  4. muslim Law in Modern India by Paras Diwan 8th Edition Reprint 2001 page 190,191
  5. muslim Law in Modern India by Paras Diwan 8th Edition Reprint 2001 page 200,201
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-25. Retrieved 2014-02-09.
  7. http://www.slideshare.net/scmuslim/islamic-inheritance-and-the-allotted-shares-for-heirs I para 10
  8. 8.0 8.1 8.2 8.3 വിശുദ്ധ ഖുർആൻ 4:12
  9. 9.0 9.1 9.2 വിശുദ്ധ ഖുർആൻ 4:11
  10. 10.0 10.1 ബുഹാരി 8.80.728
  11. വിശുദ്ധ ഖുർആൻ 4:176
  12. സുന്നി പാത് പാര 4
  13. മാധ്യമം ന്യൂസ്[പ്രവർത്തിക്കാത്ത കണ്ണി]
  • Muslim Law in Modern India, 8th Edition. by Paras Diwan. Published by Allahabad Law Agency. Year:2000, Reprint: 2001.

ഇതും കാണുക

തിരുത്തുക