അപ്പിയേസീ സസ്യകുടുംബത്തിലെ നിലത്തുപടർന്നുവളരുന്ന ഒരു സസ്യമാണ് മുത്തിൾ (Centella Asiatica). കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. മണ്ഡൂകപർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നു.[1].
ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര് എന്നിവയാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്[1]
ത്വക്‌രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന് മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്[1]
ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ്. ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും.
ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു.