ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാളിയൂട്ട് അനുഷ്ഠാനത്തിന്റെ ഭാഗമായി ചിറയിൻകീഴ്‌ ശാർക്കര ക്ഷേത്രത്തിൽ ഏഴ് രാത്രികളിലായി അത്താഴ ശീവേലി കഴിഞ്ഞ് തുള്ളൽപ്പുരയിൽ അരങ്ങേറിവന്നിരുന്ന കാളീനാടക ചടങ്ങുകളിലെ ഭദ്രകാളി പുറപ്പാടാണ് 'മുടിയുഴിച്ചിൽ' എന്നറിയപ്പെടുന്നത്.

ചടങ്ങുകൾ

തിരുത്തുക

ക്ഷേത്രത്തിലെ നാലുപാടുമുള്ള കരകളിലെയും ഭക്തർക്ക് ദർശനം നൽകുന്നതിനായി ദേവി പുറപ്പെടുമെന്നാണ് വിശ്വാസം.ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് മുമ്പ് നാനാജാതിക്കാർക്കും വിശ്വാസികൾക്കും ദർശനം നൽകുന്നതിനാണ് വിവിധ പുറപ്പാടുകൾക്ക് ശേഷമുള്ള ഈ എട്ടാം രംഗം ചിട്ടപ്പെടുത്തിയത്. ദേവീചൈതന്യം ഭദ്രകാളി, ദുർഗ, എന്നീ രണ്ട് മൂർത്തികളായി പിരിഞ്ഞ് നാല് ദിക്കിലും ദാരികനെ തിരയുന്നതാണ് ഈ രംഗത്തിലെ ചടങ്ങുകൾ.ദാരികനെ കാണാതെ നിരാശയാകുന്ന ദേവി രാവേറെ വൈകി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു. തുടർന്ന് ഉച്ചബലി നടക്കും. മറ്റ് ചില വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇതോടനുബന്ധിച്ചുണ്ട്. ദാരികന്റെ വെന്നിപ്പറ കേട്ട പരമശിവൻ നാരദൻവഴി നിലവിലുള്ള അവസ്ഥകൾ ഗ്രഹിക്കുന്നു. താൻ നിയോഗിച്ച യോഗീശ്വരന്മാരെയും ഇന്ദ്രാണി മഹേശ്വരി, വൈഷ്ണവി, കുമാരി എന്നീ മാതാക്കളെയും ദാരികൻ കീഴ്‌പ്പെടുത്തിയതും പരമശിവൻ അറിയുന്നു. ധ്യാനിച്ച് തൃക്കണ്ണ് തുറന്ന് രുദ്രയായ ഭദ്രകാളിയെ പുറത്തുവിട്ട് ദാരിക നിഗ്രഹത്തിന് വഴിയൊരുക്കുന്നു എന്നതാണ് ഈ ഐതിഹ്യത്തിൽ പ്രധാനം. നന്മയെ നിഗ്രഹിക്കാനൊരുങ്ങുന്ന തിന്മയെ നന്മയുടെ ആൾരൂപമായ ദേവി തന്റെ ശക്തിയാവാഹിച്ച് തിരിച്ച് നിഗ്രഹിക്കുന്നുവെന്ന സന്ദേശവും ഇതിൽ ഉൾക്കൊള്ളുന്നു. ഒപ്പം കരകളുടെ സംരക്ഷണവും ഭക്തരുടെ സുരക്ഷിതത്വവും ദേവി ഏറ്റെടുക്കുന്നു. ഒമ്പതാം ദിവസത്തിൽ ദാരിക നിഗ്രഹത്തിനായി ദേവി നിലത്തിൽപ്പോര് നടത്തും. ഇതാണ് കാളിയൂട്ട് എന്നറിയപ്പെടുന്നത്[1].

  1. ശാർക്കര കാളിയൂട്ട്; ഇന്ന് മുടിയുഴിച്ചിൽ / മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മുടിയുഴിച്ചിൽ&oldid=3641370" എന്ന താളിൽനിന്ന് ശേഖരിച്ചത്