വേണാട് ആക്രമിച്ച ഒരു മുഗൾ സർദാറാണ് മുകിലൻ. ഉമയമ്മ റാണി വേണാട് ഭരിച്ചിരുന്ന കാലത്തായിരുന്നു (1677 - 1684) ഈ ആക്രമണം[1] . ഇത് കൊല്ലവർഷം 855-ലായിരുന്നു (എ.ഡി. 1680) എന്ന് കരുതപ്പെടുന്നു.[2][3][4]

വിശദാംശങ്ങൾ

തിരുത്തുക

മുകിലൻ വേണാടിന്റെ തെക്കൻ പ്രദേശങ്ങളിലൂടെയാണ് ആക്രമണമാരംഭിച്ചത്. അക്കാലത്ത് ഉമയമ്മ റാണി നെടുമങ്ങാട്ടു കോയിക്കലിലാണ് താമസിച്ചിരുന്നത്. വർക്കല മുതൽ തോവാള വരെയുള്ള പ്രദേശം മുകിലൻ പിടിച്ചെടുത്തു. തിരുവനന്തപുരത്തെ മണക്കാട് ആസ്ഥാനമാക്കി അദ്ദേഹം രാജ്യം ഭരിച്ചു തുടങ്ങി.

കന്യാകുമാരി ജില്ലയിൽ ബുധപുരം എന്ന പ്രദേശത്ത് നെയ്തശ്ശേരിമഠം വകയായ ഒരു ബലരാമ ക്ഷേത്രം ഉണ്ടായിരുന്നു. പ്രധാനദേവൻ ഭക്‌തദാസപ്പെരുമാൾ എന്ന് പ്രസിദ്ധനായ ബലരാമൻ ആയിരുന്നുവെങ്കിലും ഉപദേവനായി രുക്മിണീനാഥനും (പാർത്ഥസാരഥി ഭാവത്തിലുള്ള കൃഷ്ണൻ) ഉണ്ടായിരുന്നു. കൂപക്കരപ്പോറ്റിക്കായിരുന്നു ഇവിടെ തന്ത്രം. മുകിലൻ ഈ ക്ഷേത്രം ആക്രമിക്കാൻ വരുന്നുണ്ടെന്നറിഞ്ഞ നെയ്തശ്ശേരിപ്പോറ്റി കൂപക്കരപ്പോറ്റിയുടെ സഹായത്തോടെ വിഗ്രഹങ്ങൾ ഇളക്കിയെടുത്ത് കുറച്ചു ദൂരെയുള്ള ഒരു സ്വാമിയാർ മഠത്തിൽ എഴുന്നള്ളിച്ചു കുടിയിരുത്തി. ക്ഷേത്രം ആക്രമിക്കാനായി മുകിലൻ എത്തിയപ്പോൾ നായന്മാരും ചാന്നാന്മാരും അദ്ദേഹത്തെ നേരിട്ടു. അവരെ നിർദ്ദയം അരിഞ്ഞു വീഴ്ത്തിയ ശേഷം മുകിലൻ ക്ഷേത്രം കൊള്ളയടിച്ചു. തുടർന്ന് അദ്ദേഹം ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ വച്ച് ഗോക്കളെ വധിക്കുകയും ക്ഷേത്രം തകർക്കുകയും ചെയ്തു.

മുകിലൻ സമ്പത്ത് കൊള്ളയടിക്കാനായി നാനാദിക്കിലേക്കും തന്റെ പടയാളികളെ നിയോഗിച്ചു. എട്ടരയോഗക്കാരും എട്ടുവീട്ടിൽ പിള്ളമാരും മുകിലന്റെ ആക്രമണസമയത്ത് ജാതിഭ്രഷ്ട് ഭയന്ന് ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം അടച്ചിട്ടു പലായനം ചെയ്തു എന്ന് ചരിത്രകാരൻ പി. ശങ്കുണ്ണി മേനോൻ എഴുതിയിട്ടുണ്ട്. പദ്‌മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാൻ മുകിലൻ സ്വയം പുറപ്പെട്ടപ്പോൾ മണക്കാട്ടുള്ള പഠാണികളായ മുഹമ്മദീയർ അത് തടഞ്ഞു. അന്നദാതാക്കന്മാരായ വേണാട്ടരചന്മാർ തങ്ങളെ കാരുണ്യത്തോടെയാണ് സംരക്ഷിച്ചു പോരുന്നതെന്നും രാജവംശത്തിന്റെ പരദേവതാക്ഷേത്രം കൊള്ള ചെയ്യരുതെന്നും അവർ അപേക്ഷിച്ചു. അതിനാൽ മുകിലൻ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം ആക്രമിച്ചില്ല. എന്നാൽ വർക്കല മുതൽ തോവാള വരെയുള്ള പ്രദേശങ്ങളിൽ അദ്ദേഹം സുന്നത്ത് ഉൾപ്പെടെയുള്ള മുഹമ്മദീയാചാരങ്ങൾ അടിച്ചേൽപ്പിച്ചു.

അങ്ങനെയിരിക്കെ മുകിലനെ നേരിടാനായി ഉമയമ്മറാണി വീരനും പരാക്രമിയുമായ കോട്ടയത്തു കേരളവർമ്മയെ നിയോഗിച്ചു. കേരളവർമ്മയുടെ പട മുകിലപ്പടയുമായി ഏറ്റുമുട്ടി. കേരളവർമ്മ ആക്രമിക്കുന്ന സമയത്ത് മുകിലന്റെ കുതിരപ്പടയുടെ വലിയ പങ്കും വർക്കല മുതൽ തോവാള വരെയുള്ള പ്രദേശത്തായി കരം പിരിക്കുവാനായി പോയിരിക്കുകയായിരുന്നു. മുകിലൻ തോവാളയിലേക്കു പിൻവാങ്ങി. സൈന്യവുമായി പിന്തുടർന്ന കേരളവർമ്മ തിരുവട്ടാറ്റു വച്ചു മുകിലനെ വധിച്ചു വേണാടിനെ രക്ഷിച്ചു [1]. മുന്നൂറ് കുതിരകളും വാളുകളും കുന്തങ്ങളും മറ്റും പരാജയപ്പെട്ട മുകിലന്റെ സൈന്യത്തിൽ നിന്ന് കേരളവർമ്മ പിടിച്ചെടുത്തു.[3]

ഉമയമ്മ റാണി കേരളവർമ്മയെ വേണാട്ടു രാജകുടുംബത്തിലേക്കു ദത്തെടുത്ത് ഇരണിയൽ രാജകുമാരൻ എന്ന ഔദ്യോഗികാംഗീകാരം നൽകി. തുടർന്ന് കേരളവർമ്മയായിരുന്നു ഉമയമ്മ റാണിയുടെ മുഖ്യ ഉപദേഷ്ടാവ്.

ശേഷിപ്പുകൾ

തിരുത്തുക

കൽക്കളം താലൂക്കിൽ മുകിലന്റെ കുതിരപ്പട നിന്നിരുന്ന സ്ഥലമായതുകൊണ്ട് അവിടം കുതിരക്കുഴി എന്ന് അറിയപ്പെടുന്നതെന്ന് വിശ്വാസമുണ്ട്. ഇദ്ദേഹ‌ത്തിന്റെ പട്ടാളക്കാർ കഞ്ഞിവെച്ച് കഴിച്ച സ്ഥലമാണത്രേ കഞ്ഞിക്കുഴി. മുസ്ലിം പട്ടാളം വെള്ളമെടുത്തിരുന്ന സ്ഥലത്ത് നാട്ടുകാർ നഞ്ഞു കലക്കിയതിനാൽ ആ സ്ഥലം നഞ്ഞുക്കാലയായി എന്ന് കരുതപ്പെടുന്നു[2]. അംബാസമുദ്രം വഴി മുകിലനും സൈന്യവും ഇന്ന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലത്തെത്തി താവളമടിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് മുകിലൻതറ എന്ന പേരുവരുകയും കാലക്രമത്തിൽ ഇത് പുകിലന്തറയായി തീർന്നതായിരിക്കാം എന്ന് വിശ്വാസമുണ്ട്[5].

  1. 1.0 1.1 "മധ്യകാല കേരളം". കേരള ടൂറിസം. Archived from the original on 2012-06-14. Retrieved 7 മാർച്ച് 2013.
  2. 2.0 2.1 "ദക്ഷിണ ഭാഗങ്ങളിൽ". ഇസ്ലാം പാഠശാല. Archived from the original on 2011-12-28. Retrieved 7 March 2013.
  3. 3.0 3.1 Menon, P. Shungoonny (1878). A History of Travancore from the Earliest Times, Volume 1. Madras: Higginbothom & Co. pp. 102–105.
  4. Rajeev, Sharat Sunder (8 April 2016). "Tales of valour and treachery from the history of Travancore". The Hindu. Retrieved 10 September 2018.
  5. "ചരിത്രം : സാമൂഹ്യചരിത്രം". ലോക്കൽ സെൽഫ് ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂഷൻ, കേരളം. Archived from the original on 2016-03-04. Retrieved 7 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=മുകിലൻ&oldid=3987469" എന്ന താളിൽനിന്ന് ശേഖരിച്ചത്