1810-71 കാലയളവിൽ ചൈനയിൽ ജീവിച്ചിരുന്ന നക്ഷബന്ധിയ്യ ജഹ്‌റിയ്യ സൂഫികളിൽ പ്രമുഖനും അഞ്ചാം തലമുറ ആചാര്യനുമാണ് "മാ ഹൊയ്‌ലോങ്" (ചൈനീസ്: 馬化龍) 1862 ഇൽ ചിങ് രാജവംശത്തിനെതിരെ ആരംഭിച്ച സായുധ വിപ്ലവത്തിൻറെ അമരക്കാരനായിരുന്ന ഇദ്ദേഹം വധശിക്ഷയ്ക്ക് വിധേയമായി കൊല്ലപ്പെട്ടു. [1] [2]

ജീവിത രേഖ തിരുത്തുക

പ്രാഥമിക പഠനങ്ങളെ തുടർന്ന് മതവിദ്യാഭ്യാസം നേടിയ "മാ ഹൊയ്‌ലോങ്" നക്ഷബന്ദിയ്യ ത്വരീഖത്ത് സ്വീകരിച്ചു അദ്ധ്യാത്മ രംഗത്തേക്ക് പ്രവേശിച്ചു. ജഹ്‌റിയ്യ സൂഫികളിലെ പ്രമുഖനായി മാറിയ ഇദ്ദേഹം ആചാര്യനായിരുന്ന "മാ യിദോ"യുടെ നിര്യാണത്തെ തുടർന്ന് 1849 ഇൽ ജഹ്‌റിയ്യ ഖലീഫയായി നിയുക്തനായി. [3] [1]

1862 ഇൽ വിപ്ലവം പൊട്ടി പുറപ്പെട്ടതിനെ തുടർന്ന് ജിഞ്ചിപൂവിലെ ജഹ്‌റിയ്യ ഖാൻഖാഹ് കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ഇദ്ദേഹത്തിൻറെ പ്രവർത്തനം.[4] ചിങ് ഭരണകൂടത്തിൽ നിന്നും പ്രവിശ്യകൾ സ്വാതന്ത്രമാക്കിയെങ്കിലും അതിശക്തമായ പട്ടാളത്തെ വിന്യസിച്ചു വർഷങ്ങൾക്കകം പ്രദേശങ്ങൾ രാജാവ് തിരിച്ചു പിടിച്ചു. 1869 ജൂലായിൽ ജിഞ്ചിപൂ നഗരം കീഴടക്കിയ ക്വിങ് സൈന്യം ഖാൻഖാഹ് ഉൾകൊള്ളുന്ന കോട്ടയ്ക്ക് ചുറ്റുമായി കനത്ത ഉപരോധം ഏർപ്പെടുത്തി. ഭക്ഷ്യ ക്ഷാമത്തെ തുടർന്ന് നിരവധി തവണ സർക്കാർ പ്രതിനിധികളുമായി ഒത്ത് തീർപ്പ് ചർച്ചകൾക്ക് മാ ഹൊയ്‌ലോങ് തയ്യാറായി. ജനങ്ങൾക്കും, അനുയായികൾക്കും സുരക്ഷ ഉറപ്പ് നൽകിയതിനെ തുടർന്ന് 1871 ജനുവരിയിൽ സൈന്യത്തിന് മുന്നിൽ "മാ ഹൊയ്‌ലോങ്" കീഴടങ്ങി. മറ്റൊരു വിവരണമനുസരിച്ചു അദ്ദേഹം ഒറ്റുകൊടുക്കപ്പെടുകയായിരുന്നു. മാ ഹൊയ്‌ലോങ്ങിനെയും സംഘത്തെയും ബന്ധസ്ഥരാക്കിയ സൈന്യം ധാരണ തെറ്റിച്ചു നഗരത്തിൽ കൂട്ട കശാപ്പ് നടത്തി, സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ കൊല്ലപ്പെട്ടു. നഗരം പൂർണ്ണമായും നശിപ്പിച്ചു. [5]

 
മാ ഹൊയ്‌ലോങ് സ്മൃതി കുടീരം

കാരാഗൃഹത്തിൽ അടച്ച മാ ഹൊയ്‌ലോങ്ങിനെയും എൺപതോളം ജഹ്‌റിയ്യ വിപ്ലവ നേതാക്കളെയും കൊടിയ പീഡനങ്ങൾക്കിരയാക്കിയ ശേഷം 1871 മാർച്ച് രണ്ടാം തീയതി തലവെട്ടി കൊന്നു. മാ ഹൊയ്‌ലോങ്ങിൻറെ മകളും ചെറുമകനുമൊഴികെയുള്ള മുഴുവൻ കുടുംബത്തെയും ബന്ധുക്കളെയും ഒന്നൊഴിയാതെ സൈന്യം വേട്ടയാടി കൊന്നു. യുനാൻ പ്രവിശ്യയിലായിരുന്നതിനാലാണ് മകനും ചെറുമകനും മരണത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.[6]

വുജോങിലെ "ദൊങ് ത" നഗരത്തിലാണ് മാ ഹൊയ്‌ലോങ്ങിൻറെ സ്മൃതി കുടീരം സ്ഥിതി ചെയ്യുന്നത്. സിചി ലാങ്‌സി ഗോൺബെ (四旗梁子拱北) എന്നാണിതറിയപ്പെടുന്നത്. ചൈനയിലെ പ്രശസ്തമായ ഒരു മഖ്ബറയാണ് ഇത്. ഹൊയ്‌ലോങ്ങിൻറെ ഓർമ്മ പുതുക്കി പതിറ്റാണ്ടുകളുടെ ഇടവേളകളിൽ ദിഖ്‌ർ സദസ്സ് (അർ മയ്‌ലി 尔麦里) നടത്തപ്പെടാറുണ്ട്. 1985 ലാണ് അവസാന കൂടിച്ചേരൽ നടന്നത്. [7]

സ്രോതസ്സുകൾ തിരുത്തുക

  • Michael Dillon (1999), China's Muslim Hui community: migration, settlement and sects, Routledge, ISBN 978-0-7007-1026-3
  • Gladney, Dru C. (1996), Muslim Chinese: ethnic nationalism in the People's Republic, Harvard East Asian monographs, vol. 149, Harvard University Asia Center, ISBN 978-0-674-59497-5
  • Jonathan N. Lipman, "Ethnicity and Politics in Republican China: The Ma Family Warlords of Gansu" Modern China, Vol. 10, No. 3 (Jul., 1984), pp. 285–316. (JSTOR)
  • Jonathan N. Lipman, "Familiar Strangers: A History of Muslims in Northwest China (Studies on Ethnic Groups in China)", University of Washington Press (February 1998), ISBN 0-295-97644-6. (Searchable text available on Amazon.com)
  • The mausoleum of Ma Hualong Photo made ca. 1936 by Claude C. Pickens. This photo, and many related photos, in the proper context, can be found by going to the Harvard University Library Visual Information Access site, and entering "Pickens" and "Ma Hualong" in the first two of the search boxes.

അവലംബം തിരുത്തുക

  1. 1.0 1.1 Dillon (1999), pp. 124-126
  2. dillon p 66
  3. Lipman (1998), p. 179
  4. Lipman (1998), p. 125
  5. China's Muslim Hui community: migration, settlement and sects
  6. Lipman (1998), pp. 179-181).
  7. Gladney, Dru. "Muslim Tombs and Ethnic Folklore: Charters for Hui Identity" Journal of Asian Studies, August 1987, Vol. 46 (3): 495-532.
"https://ml.wikipedia.org/w/index.php?title=മാ_ഹൊയ്‌ലോങ്&oldid=3439938" എന്ന താളിൽനിന്ന് ശേഖരിച്ചത്