മാൽവെയർ
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ(malware) എന്നു പറയാം[1]. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ കമ്പ്യൂട്ടർ സിസ്റ്റെം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ചിലപ്പോൾ ഇത്തരം ഉപദ്രവകാരികളായ മാൽവെയറുകളെ മുഴുവനായി കമ്പ്യൂട്ടർ വൈറസ് എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. അതിൽ വൈറസ് എന്ന വിഭാഗവും ഉൾപ്പെടുന്നു. മാൽവെയർ എന്ന വിഭാഗത്തിൽ വൈറസ്, വേം, ട്രോജൻ ഹോഴ്സ്, സ്പൈ വെയർ, ആഡ് വെയർ, ക്രൈം വെയർ, റൂട്ട്കിറ്റ്സ്, മറ്റ് ഉപദ്രവകാരികളായ സോഫ്റ്റ് വെയറുകളും പ്രോഗ്രാമുകളും ഉൾപ്പെടും. സ്വയം പെരുകുന്ന ഘടകങ്ങളെ കുറിച്ച് ആദ്യമായി അഭിപ്രായപ്പെട്ടത് വോൺ ന്യൂമാൻ ആണു[2]. മാൽവെയറുകളെ തരംതിരിക്കാനായി ആദ്യം ശ്രമിച്ചത് CARO (Computer AntiVirus Researcher's Organization) ആണു [3]. ഇത് ആന്റിവൈറസ് നിർമ്മാതാക്കളെയും മാൽവെയറുകളെപ്പറ്റി റിസർച്ച് നടത്തുന്നവരെയും സഹായിച്ചു.
വെബ് ബ്രൌസറുകളുടെ നിയന്ത്രണം ഏറ്റെടുത്ത് തെറ്റായ സേർച്ചിംഗ് നടത്തിക്കുക, പോപ് അപ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക, ഉപയോക്താവിന്റെ ബ്രൌസിംഗ് പ്രവണത ചോർത്തുക എന്നിവയും മാൽവെയറുകളെക്കൊണ്ടുള്ള ദോഷങ്ങളാണു. തന്മൂലം കമ്പ്യൂട്ടറിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. മിക്കവാറും മാൽവെയറുകൾ കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്താലും സ്വയം ഇൻസ്റ്റാൾ ചെയ്യാൻ കഴിവുള്ളവയാണ്.
വൈറസുകൾ എല്ലാം കംപ്യുട്ടറുകൾക്ക് നാശം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്നതല്ല. അവയിൽ ചിലത് കംപ്യട്ടറിനെ അസാധാരണമായ രീതിയിൽ പ്രവർത്തിപ്പിക്കുന്നു. അത്തരത്തിൽ പെട്ടതാണു പിങ് പോങ് വൈറസ്. ഇത് ഒരു ബൌൺസിങ് ബോൾ ഗ്രാഫിക്സ് ആണു. ഇവ ഉണ്ടാക്കുന്നതു[4].ആന്റി വൈറസ് ഉപയോഗിക്കുകയും അവ ശരിയായി അപ്ഡേറ്റ് ചെയ്യുകയും ആണു മാൽവെയറിൽ നിന്നു രക്ഷനേടാനുള്ള മാർഗം. ഹാക്കുകളൂം ക്രാക്കുകളും ഉപയോഗിക്കാതിരിക്കുക. വിൻഡോസിൽ ഒട്ടോറൺ ഡിസേബിൾ ചെയ്യുക. malicious, software എന്നീ പദങ്ങളിൽ നിന്നാണ് മാൽവെയർ എന്ന വാക്ക് ഉണ്ടായത്.
അല്പം ചരിത്രം
തിരുത്തുകആദ്യമായി പ്രതിക്ഷപ്പെട്ട വൈറസുകളിൽ ഒന്നാണു ബ്രയിൻ[5]. ഇത് മെഷീൻ കോഡിൽ എഴുതിയതാണു. ഇത് ഫ്ലോപ്പി ഡിസ്കിന്റെ പേരുമാറ്റുകയും സ്വയം അടുത്ത ഫ്ലോപ്പിയിലേക്ക് കോപ്പി ചെയ്യുകയും മാത്രമെ ചെയ്തിരുന്നുള്ളു[6]. പിന്നീട് 1990ന്റെ ആദ്യ കാലങ്ങളിൽ ജറുസലേം, കാസ്കേഡ് തുടങ്ങിയവ വ്യാപിക്കാൻ തുടങ്ങി. ആദ്യമായി പ്രചാരത്തിൽ വന്ന വേം ഇന്റെർനെറ്റ് വേം ആണു. ഇത് SunOS നെയും VAX BSD സിസ്റ്റങ്ങളെയും ആണു ബാധിച്ചത്[1]. പിന്നീട് മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ആവിർഭാവത്തോടെ, മാക്രോ വൈറസുകളൂം പ്രചാരത്തിലായി. ഓഫീസ് ആപ്പ്ളിക്കേഷനുകളിലെ മാക്രോ പ്രോഗ്രാമിങ്ങാണു ഇവ ഉപയോഗിച്ചത്. ഇ-മെയിൽ വഴി ലോകത്താകമാനം വ്യാപിച്ച വിനാശകാരിയായ മാക്രോ വൈറസ് ആണു മെലിസ്സ[5]. പിന്നീട് ലൗ ലെറ്റർ വൈറസ് എത്തി അങ്ങനെ വൈറസ് കുടുംബത്തിലെ അംഗങ്ങൾ കൂടാൻ തുടങ്ങി. ഇന്നുള്ള മിക്ക വൈറസുകളും വിൻഡോസ് ഫാമിലിയെ ലക്ഷ്യം വെച്ചുള്ളതാണു; എന്നാൽ Mare-D[7],ലയൺ വേം[8]തുടങ്ങിയവ ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനെ ആണു ബാധിക്കുന്നത്.
മാൽവെയറുകൾ പല തരം
തിരുത്തുകമാൽ വെയറുകളെവൈറസ്, വേം, ട്രോജൻ ഹോഴ്, സ്പൈ വെയർ, ക്രൈം വെയർ, റൂട്ട്കിറ്റ്സ്, ആഡ്‌വെയറുകൾ, സ്പൈവെയറുകൾ, ഹൈജാക്കറുകൾ, ടൂൾബാറുകൾ, ഡയലറുകൾ എന്നിങ്ങനെ തരം തിരിക്കാം.
വൈറസ്
തിരുത്തുകസ്വയം പെരുകാൻ കഴിവുള്ളതും കംപ്യൂട്ടറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളാണു വൈറസ്. കംപ്യൂട്ടറുകളിലെ ഫയലുകളെ ബാധിച്ച് വ്യാപിക്കുവാൻ ഉള്ള കഴിവ് വൈറസിനുണ്ട് . ഒരു കംപ്യൂട്ടറിൽ നിന്നു മറ്റൊന്നിലെക്ക് വ്യാപിക്കുന്നതിനു ഹോസ്റ്റ് കംപ്യൂട്ടർ അതിനെ ടാർഗറ്റ് കംപ്യൂട്ടറിൽ എത്തിക്കണം. അതായതു ഏതെങ്കിലും എക്സിക്യൂട്ടബിൾ ഫയലിന്റെ സഹായത്തിലൊ അല്ലെങ്കിൽ floppy,CD,USB,network-പ്രധാനമായും ഇന്റെർനെറ്റ് വഴിയോ ആണു വൈറസ് വ്യാപിക്കുക.
സാധാരണയായി ഇവ മറ്റ് ഏതെങ്കിലും പ്രോഗ്രാമുകളുടെ എക്സിക്യൂട്ടബിൾ ഫയലിനോടു കൂടെ ചേരുകയും . അത്തരം പ്രോഗ്രാമുകൾ എക്സിക്യൂട്ട് ചെയ്യുന്ന സമയം അവയോടൊപ്പം വൈറസ് കോഡുകൂടെ എക്സിക്യൂട്ട് ചെയ്യുന്നു.
വേം
തിരുത്തുകസ്വയം പെരുകുന്ന കംപ്യുട്ടർ പ്രോഗ്രാമുകളാണു വേമുകൾ. നെറ്റ് വർക്ക് വഴിയാണു ഇവ വ്യാപിക്കുന്നത്. സ്വയം റൺ ചെയ്യാം എന്നതാണു വൈറസിൽ നിന്നു ഇവക്കുള്ള വ്യത്യാസം. അതുപോലെ തന്നെ ഇവയ്ക്ക് റൺ ചെയ്യാൻ ഹോസ്റ്റ് പ്രോഗ്രാമുകളുടെ ആവശ്യമില്ല. ഇവ കൂടുതലായും നെറ്റ് വർക്കിന്റെ ബാൻഡ് വിഡ്ത് അപഹരിക്കുക എന്ന ദ്രോഹമാണ് ചെയ്യാറ്. കംപ്യൂട്ടറിലെ വൾണറബലിറ്റികൾ ചൂഷണം ചെയ്ത് ഇവ വളരെ വേഗം പടരുന്നു.
ജോൺ ബ്രണ്ണറുടെ The Shockwave Rider എന്ന നോവലിലാണു വേം എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് കോർനെൽ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥി ആയ റോബർട്ട് മോറിസ് ആണു ആദ്യമായി പ്രചാരത്തിൽ വന്ന വേം ഇന്റെർ നെറ്റ് വേം നിർമിച്ചത്[5].
ട്രോജൻ ഹോഴ്സ്
തിരുത്തുകട്രോജൻ ഹോഴ്സ് എന്നത് സ്വയം പെരുകാത്ത മാൽവെയറുകളാണു.യൂസെർക്ക് ആവശ്യമായ കാര്യങ്ങളാണു ചെയ്യുന്നത് എന്നു തോന്നിപ്പിച്ചുകൊണ്ട് കംപ്യൂട്ടറിലേക്ക് കടന്നു കയറ്റത്തിനു വഴി ഉണ്ടാക്കുകയാണു ഇവയുടെ ജോലി. ഹാക്കർമാർ കംപ്യുട്ടറിലേക്ക് റിമോട്ട് അക്സസ്സിനു വേണ്ടി ആണു ഇവയെ ഉപയോഗിക്കുന്നത്. ഗ്രീക്ക് പുരാണത്തിൽ നിന്നാണു ഈ പേരു വന്നത്.ട്രോയ് നഗരത്തിൽ കടക്കുവാനായി ഗ്രീക്കുകാർ ഉപയോഗിച്ച മരക്കുതിര ആണു ട്രോജൻ ഹോഴ്സ്.
റൂട്ട്കിറ്റ്സ്
തിരുത്തുകഅറ്റാക്കറുടെ ആക്രമണം മറച്ച് വെക്കാനാണു ഇവ ഉപയോഗിക്കുക. മാൽവെയർ കണ്ടെത്തുകയും തുരത്തുകയും ചെയ്താൽ അറ്റാക്കറുടെ ജോലി ഫലമില്ലാതാവും ഇത് ഉണ്ടാകാതിരിക്കാൻ റൂട്ട്കിറ്റ്സ് ഉപയോഗിക്കുന്നു.
ക്രൈം വെയർ
തിരുത്തുകസൈബർ കുറ്റ കൃത്യങ്ങൾക്കാണു ഇത്തരം മാൽവെയർ ഉപയോഗിക്കുന്നത്. ഐഡന്റിറ്റി മോഷണമാണു ഇതിൽ കൂടുതലും സംഭവിക്കുന്നത്. യൂസറുടെ ഓൺലൈൻ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും മറ്റും ഉപയോഗിച്ച് തിരിമറികൾ നടത്തുകയാണു ഇവരുടെ ജോലി. കീലോഗറുകൾ വഴി പാസ്സ് വേർഡ് മോഷ്ടിക്കുക വെബ് ബ്രൗസറെ റീഡയറക്ട് ചെയ്യുക വഴി ഒക്കെയാണു ഇവർ കാര്യങ്ങൾ സാധിക്കുക.
ആഡ്‌വെയറുകൾ
തിരുത്തുകബ്രൌസിംഗ് സമയത്ത് സ്ക്രീനിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന തരം മാൽവെയറുകളാണ് ആഡ്‌വെയറുകൾ. പോപ്‌അപ്പുകൾ, പോപ്പ്‌ആഡുകൾ എന്നിവയുടെ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്. സാധാരണ ആയി ഇവ നിരുപദ്രവകാരികൾ ആണു. പക്ഷെ ചിലർ സ്പൈ വെയറുകൾ, കീ ലോഗ്ഗറുകൾ തുടങ്ങിയവയും അടങ്ങിയവ ആണു.
സ്പൈവെയറുകൾ
തിരുത്തുകഒരാളുടെ കമ്പ്യൂട്ടറിൽ നിന്ന് കൊണ്ട് അതിലെ പ്രവർത്തന വിവരങ്ങൾ മറ്റൊരു സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്ന ചാര പ്രോഗ്രാമുകളാണ് സ്പൈവെയറുകൾ. ബ്രൌസിംഗ് ചരിത്രം, യൂസർ നാമങ്ങൾ, പാസ്‌വേഡുകൾ, ഇമെയിൽക്ലയന്റ് സോഫ്റ്റ്‌വെയറുകളിലെ ഇമെയിൽ അഡ്രസ്സുകൾ എന്നിവയാണ് സ്പൈവെയറുകൾ കൈമാറ്റം ചെയ്യുന്ന വിവരങ്ങൾ.
ഹൈജാക്കറുകൾ
തിരുത്തുകഹോം പേജ്, സെർച്ച് പേജ്, സെർച്ച് ബാർ തുടങ്ങിയ ബ്രൌസിംഗ് സോഫ്റ്റ്‌വെയറിന്റെ വിവിധ ഘടകങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന മാൽവെയറുകളാണ് ഹൈജാക്കറുകൾ. തെറ്റായ വെബ്സൈറ്റുകളിലേക്കോ സെർച്ച് റിസൾട്ടുകളിലേക്കോ വഴി തിരിച്ചു വിടുകയാണ് ഇത്തരം മാൽവെയറുകൾ ചെയ്യുന്നത്.
ടൂൾബാറുകൾ
തിരുത്തുകടൂൾബാറുകൾ ഉപദ്രവകാരികളാണെന്ന് തറപ്പിച്ച് പറയാൻ സാധ്യമല്ല. പലപ്പോഴും ഇവ സെർച്ചിംഗ് എളുപ്പമാക്കുന്നതിനായി ബ്രൌസറിൽ കൂട്ടിചേർക്കുന്ന പ്രോഗ്രാമുകളാണ്. ഗൂഗിൾ, യാഹൂ തുടങ്ങിയ സെർച്ച് സൈറ്റുകളുടെ ടൂൾബാറുകൾ ഇതിനുദാഹരണങ്ങളാണ്. എന്നാൽ ചിലയിനം ടൂൾബാറുകൾ തീർത്തും ശല്യമായി തീരുന്നവയുമുണ്ട്. ഇത്തരം പ്രോഗ്രാമുകൾ മിക്കവാറും ഉപയോക്താവ് അറിയാതെയാണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്.
ഡയലർ
തിരുത്തുകനമ്മുടെ കമ്പ്യൂട്ടറിലെ മോഡം/ഫോൺ കണക്ഷൻ മറ്റൊരാൾക്ക് രഹസ്യമായി ഉപയോഗിക്കാൻ സഹായിക്കുന്ന മാൽവെയറുകളാണ് ഡയലറുകൾ. തന്മൂലം യഥാർത്ഥ കണക്ഷനുള്ള വ്യക്തിക്ക് താൻ ഉപയോഗിക്കുന്നതിലും കൂടുതലായി ബില്ലടക്കേണ്ടി വരുന്നു.
എങ്ങനെ തടയാം?
തിരുത്തുകസൂക്ഷ്മതയോടെയുള്ള ഇന്റർനെറ്റ് ഉപയോഗം കൊണ്ട് ഒരു പരിധി വരെ മാൽവെയറുകളെ തടയാം. അനുയോജ്യമായ ഫയർവാളുകൾ ഉപയോഗിക്കുന്നതും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ്. ക്വാളിറ്റി ഉള്ള ആന്റിവൈറസ് പ്രോഗ്രാം ഉപയോഗിക്കുക അത് ശരിയായി അപ്ഡേറ്റ് ചെയ്യുക. ഓപ്പറേറ്റിങ്ങ് സിസ്റ്റവും മറ്റു സോഫ്റ്റ് വെയറുകളും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. ഓട്ടോറൺ ഡിസേബിൾ ചെയ്യുക. ഇങ്ങനെ ഒക്കെ കമ്പ്യൂട്ടറിനെ വൈറസ് ബാധയിൽ നിന്നും ഒരു പരിധിവരെ രക്ഷിക്കാം.
അവലംബം
തിരുത്തുക- ↑ 1.0 1.1 http://en.wikipedia.org/wiki/Malware
- ↑ THE ART OF COMPUTER VIRUS RESEARCH AND DEFENSE By Peter Szor ISBN 0-321-30454-3
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-20. Retrieved 2010-05-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-04-27. Retrieved 2010-11-01.
- ↑ 5.0 5.1 5.2 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-08-07. Retrieved 2010-11-02. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "macafee" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ computer viruses for dummies by Peter Gregory,ISBN 0-7645-7418-3
- ↑ http://www.theregister.co.uk/2006/02/20/linux_worm/
- ↑ http://www.theregister.co.uk/2001/03/28/highly_destructive_linux_worm_mutating/