മാർ ഇവാനിയോസ്
മലങ്കര സഭയുടെ പുനരൈക്യ ശില്പിയും സിറോ മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപനത്തിന് കരണക്കാരനുമാണ് ധന്യൻ മാർ ഇവാനിയോസ്. മാവേലിക്കര പണിക്കർ വീട്ടിൽ തോമാപണിക്കരുടെയും അന്നമ്മ പണിക്കരുടെയും മകനായി 1882 സെപ്തംബർ 21-ാം തീയതി ധന്യൻ മാർ ഈവാനിയോസ് ഭൂജാതനായി. ഗീവർഗ്ഗീസ് എന്നായിരുന്നു ആദ്യ പേര്. 1887 - 1897 കാലഘട്ടത്തിലെ സാമാന്യ വിദ്യാഭ്യാസത്തിന് ശേഷം 1897 -1899 കാലഘട്ടത്തിൽ കോട്ടയം എം. ഡി. സെമിനാരി ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1900 ജനുവരി 9 ന് മാവേലിക്കര പുത്തൻ കാവ് ദേവാലയത്തിൽ വച്ച് ശെമ്മാശ്ശപ്പട്ടം സ്വീകരിച്ചു. 1907 ൽ എം. എ. ഡിഗ്രി കരസ്ഥമാക്കി. 1908 ൽ വൈദികനായി. 1908 - 1913 കാലഘട്ടം എം. ഡി. സെമിനാരി പ്രിൻസിപ്പാൾ ആയും 1913 - 1919 കാലഘട്ടം സെറാമ്പൂർ കോളേജ് പ്രിൻസിപ്പാൾ ആയും സേവനമനുഷ്ഠിച്ചു. 1919 ഓഗസ്റ്റ് 15 ന് പുരുഷന്മാർക്കായി ബഥനി മിശിഹാനുകരണ സന്യാസ സമൂഹം റാന്നി പെരുനാട്ടിലുള്ള മുണ്ടൻ മലയിൽ സ്ഥാപിച്ചു. 1925 സെപ്റ്റംബർ 8 ന് സ്ത്രീകൾക്കായുള്ള ബഥനി സന്യാസിനി സമൂഹവും സ്ഥാപിച്ചു. 1929 ഫെബ്രുവരി 13 ന് ബിഷപ്പ് ആയി സ്ഥാനാരോപണം ചെയ്യപ്പെട്ടു. 1930 സെപ്റ്റംബർ 20 ന് ഓർത്തഡോക്സ് സഭയും ഉപേക്ഷിച്ച് കൊല്ലം ലത്തീൻ രൂപതാ ബിഷപ്പ് ബെൻസിഗർ മുൻപാകെ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. അദ്ദേഹമുൾപ്പെടെ 5 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് കാതോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടത്. 1933 മാർച്ച് 12 ന് മലങ്കര ഹയരാർക്കി കത്തോലിക്കാ സഭയിൽ മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടു. അദ്ദേഹം 1940 ൽ തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് സ്‌കൂളും, 1949 ൽ തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിലും സ്ഥാപിച്ചു. 1953 ജൂലൈ 15ന് ചരമമടഞ്ഞു. 2007 ജൂലൈ 14ന് അദ്ദേഹം ദൈവ ദാസനായി പ്രഖ്യാപിക്കപ്പെട്ടു.2024 മാർച്ച് 14ന് അദ്ദേഹത്തെ ധന്യൻ ആയി പ്രഖ്യാപിച്ചു
.