മാർ‌ഗ്വെറൈറ്റ് ചർച്ചിൽ

അമേരിക്കന്‍ ചലചിത്ര നടന്‍

മാർ‌ഗ്വെറൈറ്റ് ചർച്ചിൽ (ജീവിതകാലം: ഡിസംബർ 26, 1910 [1] - ജനുവരി 9, 2000) 1929 മുതൽ 1952 വരെയുള്ള കാലഘട്ടത്തിൽ ചലച്ചിത്രജീവിതം നയിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. ജോൺ വെയ്‌നിന്റെ ബിഗ് ട്രയിൽ (1930) എന്ന ചിത്രത്തിലെ ആദ്യ പ്രമുഖ അഭിനേത്രിയെന്ന നിലയിലാണ് അവർ ഇന്ന് അറിയപ്പെടുന്നത്.

മാർ‌ഗ്വെറൈറ്റ് ചർച്ചിൽ
ചർച്ചിൽ 1929 ൽ
ജനനം(1910-12-26)ഡിസംബർ 26, 1910
മരണംജനുവരി 9, 2000(2000-01-09) (പ്രായം 89)
തൊഴിൽനടി
സജീവ കാലം1929–1952
ജീവിതപങ്കാളി(കൾ)
(m. 1933; div. 1948)

പീറ്റർ ഗാനൈൻ
(m. 1954; div. 19??)
കുട്ടികൾ3, including Darcy and Orin O'Brien

ഒരു തീയേറ്റർ ശൃംഖലയുടെ ഉടമസ്ഥതയുണ്ടായിരുന്ന വ്യക്തിയും നിർമ്മാതാവായിരുന്ന എഡ്വേർഡ് പെയ്‌സെൻ ചർച്ചിലിന്റെയും മാർ‌ഗ്വെറൈറ്റ് എൻ. ഗ്രഹാമിന്റെയും മകളായിരുന്നു അവർ. അവർക്ക് പത്ത് വയസ് പ്രായമുള്ളപ്പോൾ പിതാവ് അന്തരിച്ചു. ന്യൂയോർക്ക് നഗരത്തിലെ പ്രൊഫഷണൽ ചിൽഡ്രൻസ് സ്കൂളിലും തിയേറ്റർ ഗിൽഡ് ഡ്രമാറ്റിക് സ്കൂളിലുമായിരുന്നു അവരുടെ ആദ്യകാല വിദ്യാഭ്യാസം. വേദിയിൽ പ്രത്യക്ഷപ്പെട്ട അവർ വെറും പതിനാറു വയസ് പ്രായമുള്ളപ്പോൾ ബ്രോഡ്‌വേയിൽ ഒരു പ്രമുഖ വനിതയായി പ്രശംസിക്കപ്പെട്ടു. ഫോക്സ് ഫിലിമിലെ ഒരു ഉദ്യോഗസ്ഥൻ അവരുടെ അഭിനയത്തിൽ ആകൃഷ്ടനായി  ഒരു കരാർ നൽകിയതോടെ, താമസിയാതെ അവർ ദ ഡിപ്ലോമാറ്റ്സ് (1929) എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചു.

ഔദ്യോഗികജീവിതം തിരുത്തുക

റൌൾ വാൽഷിന്റെ ആദ്യകാല ചലച്ചിത്ര ഇതിഹാസമായ ദി ബിഗ് ട്രയലിൽ (1930) ചർച്ചിൽ, ജോൺ വെയ്നിന്റെ ആദ്യ മുഖ്യകഥാപാത്രത്തിന്റെ നായികയായി അഭിനയിച്ചു. അടുത്ത വർഷം ജോൺ വെയ്നിനൊപ്പം ഗേൾസ് ഡിമാൻഡ് എക്‌സൈറ്റ്മെന്റിലും (1931) സ്പെൻസർ ട്രേസി, ജോർജ്ജ് റാഫ്റ്റ് എന്നിവരോടൊപ്പം ക്വിക്ക് മില്യൺസിലും (1931), വിൽ റോജേഴ്സിനൊപ്പം അംബാസഡർ ബില്ലിലും (1931) വാർണർ ഓലാൻഡിനൊപ്പം ചാർലി ചാൻ കാരിസ് ഓണിലും (1931), ജോർജ്ജ് ഓബ്രിയനുമൊത്ത് റൈഡേഴ്സ് ഓഫ് പർപ്പിൾ സേജിലും (1931), ചാൾസ് ഫാരെലിനൊപ്പം ഗേൾ വിത്തൗട്ട് എ റൂമിലും (1933), റാൽഫ് ബെല്ലാമിയുമായി ദി ഫൈനൽ അവറിലും (1936), ബോറിസ് കാർലോഫിനൊപ്പം ദി വാക്കിംഗ് ഡെഡിലും (1936), എഡ്വേർഡ് വാൻ സ്ലോണിനൊപ്പം ഡ്രാക്കുളാസ് ഡോട്ടർ (1936) എന്നിവയിലും മാർഗ്വെറൈറ്റ് ചർച്ചിൽ അഭിനയിച്ചു.

കുടുംബം തിരുത്തുക

മാർഗ്വെറൈറ്റ് ചർച്ചിൽ 25 ലധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1933 ജൂലൈ 15 മുതൽ 1948 ൽ വിവാഹമോചനം വരെയുള്ള 15 വർഷക്കാലം ഒരുതവണ അവരുടെ സഹതാരമായിരുന്ന ജോർജ്ജ് ഓബ്രിയനുമായി വിവാഹിതരായിരുന്നു. അവർക്ക് മൂന്ന് മക്കളുണ്ടായിരുന്നു, അവരിൽ ഒരാളായിരുന്ന നോവലിസ്റ്റ് ഡാർസി ഓബ്രിയനേക്കാൾ രണ്ട് വർഷം കൂടുതൽ അവർ ജീവിച്ചു. മകൾ ഓറിൻ 1966 മുതൽ ന്യൂയോർക്ക് ഫിൽഹാർമോണിക് ഓർക്കസ്ട്രയ്ക്കായി ഡബിൾ ബാസ് ചെയ്തിരുന്നു. മൂന്നാമത്തെ കുട്ടി ബ്രയാൻ 1934 ൽ ശൈശവാവസ്ഥയിൽത്തന്നെ മരണമടഞ്ഞിരുന്നു.

ഓബ്രിയനിൽ നിന്നുള്ള വിവാഹമോചനത്തിനുശേഷം അവർ ഒരു സിനിമയിലും ഏതാനും ടെലിവിഷൻ നാടകങ്ങളിലും പ്രത്യക്ഷപ്പെട്ടു. 1954 ൽ പീറ്റർ ഗാനൈൻ എന്ന ശില്പിയുമായി അവർ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. "കാലിഫോർണിയ വിവാഹ സൂചിക, 1949–1959" ൽ, പീറ്റർ ഗനൈനും മർഗൂറൈറ്റ് ചർച്ചിലിനുമായി 1954 ജൂൺ 5 ന് നടന്ന വിവാഹവും ഫയൽ തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.[2][3]

പിൽക്കാലജീവിതം തിരുത്തുക

1960 ൽ അവർ റോമിലേക്കും 1970 ൽ പോർച്ചുഗലിലെ ലിസ്ബണിലേക്കും താമസം മാറി. 1990 കളിൽ പുത്രൻ ഡാർസിയുടെ അടുത്ത് താമസിക്കാനായി അവൾ അമേരിക്കയിൽ തിരിച്ചെത്തുകയും അയാളുടെ കാലശേഷം രണ്ടുവർഷംകൂടി ജീവിച്ചിരിക്കുകയും ചെയ്തു.

മരണം തിരുത്തുക

2000 ജനുവരി 9 ന് 89 വയസ്സുള്ളപ്പോൾ അവർ ഒക്ലഹോമയിലെ ബ്രോക്കൺ ആരോയിൽവച്ച് അന്തരിച്ചു.

അവലംബം തിരുത്തുക

  1. "Ancestry Library Edition". Search.ancestrylibrary.com. Retrieved 2016-10-31.
  2. California Marriage Index, 1949–1959
  3. Hopper, Hedda (June 5, 1954). "Marguerite Churchill to Be Wed – Former film star Marguerite Churchill will marry Peter Ganine at the Russian Orthodox Church here". Los Angeles Times. Los Angeles, California. p. A1.