മാർത്ത പി. കോട്ടെറ
മാർത്ത പി. കോട്ടെറ (ജനനം: ജനുവരി 17, 1938) 1960-കളിലേയും 1970-കളിലേയും ചിക്കാനോ പൗരാവകാശ പ്രസ്ഥാനത്തിന്റെയും ചിക്കാന ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെയും ജനസ്വാധീനമുള്ള പ്രവർത്തകയും ഒരു ലൈബ്രേറിയനും എഴുത്തുകാരിയുമാണ്. ഡിയോസ വൈ ഹെംബ്ര: ദി ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് ഓഫ് ചിക്കനാസ് ഇൻ ദി യു.എസ്, ദി ചിക്കാന ഫെമിനിസ്റ്റ് എന്നിവയാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ രണ്ട് കൃതികൾ. 1977-ൽ ടെക്‌സാസിലെ ഹൂസ്റ്റണിൽ നടന്ന ദേശീയ വനിതാ സമ്മേളനത്തിൽ പങ്കെടുത്ത ചിക്കാന പ്രവർത്തകരിൽ ചിലരുടെ അനുഭവങ്ങൾ വിവരിക്കുന്ന ലാസ് മുജറെസ് ഡി ലാ കോക്കസ് ചിക്കാന എന്ന ഡോക്യുമെന്ററിയിൽ അവതരിപ്പിക്കപ്പെട്ട ആറ് വനിതകളിൽ ഒരാളാണ് കോട്ടെറ.
ആദ്യകാലം
തിരുത്തുകജുവാൻ പിനയുടെയും അൽട്ടഗ്രേഷ്യ കാസ്റ്റാനോസിന്റെയും നാലു മക്കളിൽ ഒരാളായി, മെക്സിക്കോയിലെ ചിഹുവാഹുവയിലാണ് കോട്ടെറ ജനിച്ചത്.[1] മാതാവിനോടൊപ്പം 1946-ൽ ടെക്‌സസിലെ എൽ പാസോയിലേക്ക് കുടിയേറിയ കോട്ടെറ, എൽ പാസോ പബ്ലിക് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തി. 1963-ൽ[2] ജുവാൻ കൊട്ടേരയെ വിവാഹം കഴിച്ച അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു.
വിദ്യാഭ്യാസം
തിരുത്തുകകൊട്ടറെ തന്റെ പ്രാഥമിക വിദ്യാഭ്യാസം മെക്സിക്കോയിലാണ് ആരംഭിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ മുത്തച്ഛൻ അവളെ വായിക്കാൻ പഠിപ്പിക്കുകയും മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ ടെക്സാസിലെ പബ്ലിക് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ നിന്ന് മൂന്നാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.[3] 1962-ൽ, ഇപ്പോൾ എൽ പാസോയിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയായി മാറിയ ടെക്‌സാസ് വെസ്റ്റേൺ കോളേജിൽ നിന്ന് കോട്ടെറ ഇംഗ്ലീഷിൽ ബാച്ച്ലർ ബിരുദം നേടി.[4] പിന്നീട്, 1971-ൽ, ഒഹായോയിലെ യെല്ലോ സ്പ്രിംഗ്സ് ആസ്ഥാനമായുള്ള ആൻറിയോക് കോളേജിന്റെ സാറ്റലൈറ്റ് കാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.
കരിയറും രാഷ്ട്രീയ ഇടപെടലും
തിരുത്തുകതൻറെ ഇരുപതുകളുടെ അവസാനത്തിൽ എൽ പാസോയിൽ ഒരു ലൈബ്രേറിയനായി കോട്ടെറ തന്റെ സമൃദ്ധമായ ജീവിതം ആരംഭിച്ചു. 1964-ൽ, ഓസ്റ്റിനിലെ ടെക്സസ് സ്റ്റേറ്റ് ലൈബ്രറി അവളെ പ്രമാണങ്ങളുടേയും വിവരങ്ങളുടെയും വിഭാഗത്തിൽ ഡയറക്ടറായി നിയമിച്ചു, 1968-ൽ അവർ സൗത്ത് വെസ്റ്റ് എജ്യുക്കേഷണൽ ഡെവലപ്‌മെന്റിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു.[5] നിരവധി സ്ഥാപിത രാഷ്ട്രീയ, ആക്ടിവിസ്റ്റ് സംഘടനകളുമായി അവർ ബന്ധപ്പെട്ടിട്ടുണ്ട്. ആദ്യം PASSO (പൊളിറ്റിക്കൽ അസോസിയേഷൻ ഓഫ് സ്പാനിഷ് സ്പീക്കിംഗ് ഓർഗനൈസേഷൻസ്) എന്ന സംഘടയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും 1964-ൽ തുടർന്നുള്ള വർഷങ്ങളിൽ ഭർത്താവിനോടൊപ്പം കർഷകത്തൊഴിലാളി പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.[6]