മഹാരാഷ്ട്രയിലെ കിസാൻ ലോങ് മാർച്ച്

(മാഹാരാഷ്ട്രയിലെ കിസാൻ ലോങ് മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2018 മാർച്ച് 6ന് മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് കർഷകരുടെയും ആദിവാസികളുടെയും നേതൃത്വത്തിൽ 180 കിലോമീറ്റർ അകലെയുള്ള മുംബൈ നഗരത്തിലേക്ക് നടത്തിയ ഐതിഹാസിക സമരമാണ് കിസാൻ ലോങ് മാർച്ച് എന്ന് അറിയപ്പെടുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സി.പി.ഐ.എം) പാർട്ടിയുടെ കർഷക വിഭാഗമായ അഖിലേന്ത്യാ കിസാൻ സഭയാണ് (എ.ഐ.കെ.എസ്) മാർച്ചിന് നേതൃത്വം നൽകിയത്. മാർച്ച് ആറിന് 30,000 പേരുമായി ആരംഭിച്ച യാത്ര മാർച്ച് 12ന് മുംബൈ നഗരത്തിൽ എത്തിച്ചേർന്നു. അപ്പോൾ അംഗസംഖ്യ ഒരു ലക്ഷം എത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുകയോ ചർച്ചക്ക് സർക്കാർ തയ്യാറാവുകയോ ചെയ്തില്ലെങ്കിൽ മാർച്ച് 12 മുതൽ നിയമസഭ വളഞ്ഞ് നിരാഹാര സമരം ചെയ്യുമെന്ന് കർഷകർ പ്രഖ്യാപിച്ചു.

കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ

തിരുത്തുക

1) ആദിവാസികൾക്ക് കൃഷിയിടത്തി െൻറ അവകാശം നൽകുന്ന വനാവകാശ നിയമം നടപ്പിലാക്കുക.

2) കാർഷിക പെൻഷനിൽ കാലഘട്ടത്തിനനുസരിച്ചുള്ള വർധനവ് വരുത്തുക.

3) പാവപ്പെട്ടവർക്ക് നൽകുന്ന റേഷൻ സമ്പ്രദായത്തിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം.

4) കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണം.

5) വിളകൾക്ക് കൃത്യമായ താങ്ങുവില അനുവദിക്കണം.

6) എം.എസ്.സ്വാമിനാഥൻ കമ്മീഷൻ കർഷകർക്കായി സമർപ്പിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കണം.

7) നദീസംയോജന പദ്ദതികൾ നടപ്പിലാക്കി കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരൾച്ചക്ക് അറുതി വരുത്തണം.

8) അനുവാദമില്ലാതെ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതിൽ നിന്ന് പിന്മാറണം, ഭൂമിക്ക് തക്കതായ നഷ്ടപരിഹാര തുക നൽകണം.

ലോങ് മാർച്ച്

തിരുത്തുക

കർഷകരും ആദിവാസികളും സ്ത്രീകളും അടങ്ങുന്ന സംഘം മാർച്ച് ആറിനാണ് നാസിക്കിൽനിന്ന് മാർച്ച് ആരംഭിച്ചത്. അരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചുവന്ന കൊടിയും ചുവന്ന തൊപ്പിയുമായി ദിവസവും 30 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുകയാണ് ലക്ഷ്യമിട്ടത്. പോകുന്ന വഴികളിലെല്ലാം കൂടുതൽ കർഷകർ ജാഥയിൽ അണിചേർന്നു. കുടിക്കാൻ വെള്ളവും, ഭക്ഷണവസ്തുക്കളുമായാണ് കർഷകർ സമരത്തിൽ അണിചേർന്നത്. പോകുന്ന വഴിയിൽ തമ്പടിച്ച് ഭക്ഷണമുണ്ടാക്കി കഴിക്കും. ഗ്രാമവാസികൾ ഭക്ഷണം നൽകുകയും ചെയ്തു. പുഴകളിലും മറ്റും കുളിക്കും. പാതയോരത്ത് തന്നെ കിടന്നുറങ്ങും. ഇതായിരുന്നു സമരത്തിൽ അവലംബിച്ചത്. കലാപ്രകടനങ്ങളും പാട്ടുകളും മുദ്രാവാക്യങ്ങളും ഉയർന്നു.

11ന് വൈകീട്ട് മാർച്ച് മുംബൈ നഗരത്തിൽ പ്രവേശിച്ചു. 12ന് നിയമസഭയിലേക്ക് മാർച്ച് നടത്തുകയാണ് ലക്ഷ്യമിട്ടത്. എന്നാൽ, 12ന് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാലും നഗരത്തിലുണ്ടാകാൻ പോകുന്ന വൻ ഗതാഗതസ്തംഭനം ഒഴിവാക്കാനുമായി സമരക്കാർ 11ന് രാത്രി മുംബൈ ആസാദ് മൈതാനിയിലേക്ക് മാർച്ച് ചെയ്തു. പുലർച്ചെയോടെ മാർച്ച് ആസാദ് മൈതാനിയിലെത്തി.

മാർച്ചിനെ മുംബൈ നഗരവാസികൾ ഹൃദ്യമായി സ്വീകരിച്ചു. ഭക്ഷണവും കുടിവെള്ളവും ചെരിപ്പുകളും അവർ നൽകി. പരീക്ഷയും ഗതാഗതവും ബുദ്ധിമുട്ടാതിരിക്കാൻ രാത്രി മാർച്ച് നടത്തിയത് നഗരവാസികളിൽ സമരത്തോട് ആഭിമുഖ്യം വളർത്തി.

മുഖ്യധാര മാധ്യമങ്ങളുടെ അവഗണന

തിരുത്തുക

ഒരു ഇടതുപക്ഷ സംഘടനയുടെ കീഴിൽ, ബി.ജെ.പി സർക്കാറിനെതിരെ നടന്ന സമരമായതിനാൽ ദേശീയ മുഖ്യധാരാ മാധ്യമങ്ങൾ സമരത്തെ തുടക്കത്തിൽ പാടെ അവഗണിച്ചു. എന്നാൽ, സോഷ്യൽ മീഡിയയിൽ സമരത്തിന് വ്യാപക പിന്തുണ ലഭിച്ചു. ഒാൺലൈൻ മാധ്യങ്ങളും വാർത്ത നൽകി. ഇതോടെ സമരം പ്രധാന വാർത്തയാക്കാൻ മാധ്യങ്ങൾ നിർബന്ധിതരായി. ടെലിവിഷൻ ചാനലുകൽ തത്സമയ സംപ്രേഷണവും ചർച്ചകളും നടത്തി. മുംബൈ മിറർ ഒാൺലൈൻ പോർട്ടലിൻറെ അസോസിയേറ്റ് എഡിറ്റർ അൽക്ക ദുപ്കർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സമര ചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങൾ കർഷക സമരമെന്ന് മാത്രം വിശേഷിപ്പിച്ചു. സമരത്തിന് നേതൃത്വം നൽകുന്ന അഖിലേന്ത്യാ കിസാൻ സഭയെ കോർപറേറ്റുകളുടെ താൽപര്യം മുൻനിർത്തി മനപൂർവം അവഗണിച്ചു.

പ്രമാണം:Kissanrally.jpg