ഇറാനിയൻ - കനേഡിയൻ ചലചിത്ര സംവിധായകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാസിയാർ ബഹാരി. ബെസ്റ്റ് സെല്ലറായ ഒടുവിൽ അവർ എന്നെ തേടിയെത്തി (Then they came for me) എന്ന കൃതി ഇദ്ദേഹത്തിന്റെ ജയിൽ അനുഭവ കുറിപ്പുകളാണ്. ഇതിന്റെ ചലച്ചിത്ര രൂപമാണ് ജോൺസ്റ്റീവർട്ട് സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ റോസ് വാട്ടർ (Rosewater). എതിരഭിപ്രായക്കാരെ എത്ര നിഷ്ഠുരമായാണ് അയാത്തൊള്ളാ ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്ന് ഈ ചിത്രം വരച്ചുകാട്ടുന്നു.

മാസിയാർ ബഹാരി
ജനനം (1967-05-25) മേയ് 25, 1967  (57 വയസ്സ്)
പൗരത്വംഇറാനിയൻ
കനേഡിയൻ
തൊഴിൽചലചിത്ര സംവിധായകൻ, പത്രപ്രവർത്തകൻ
വെബ്സൈറ്റ്http://www.maziarbahari.com

2014ൽ ബഹാരി സംവിധാനം ചെയ്ത 'റ്റു ലൈറ്റ് എ കാൻഡിൽ' എന്ന ഡോക്യുമെൻററി ഇറാനിലെ മതന്യൂനപക്ഷങ്ങളായ ബഹായ്കൾ നേരിടുന്ന മത പീഡനങ്ങളെയും BIHE (ബഹായ് ഇൻസ്റ്റിറ്റുട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ) യുടെ പ്രവർത്തനങ്ങളെയും കുറിച്ച് വിവരിക്കുന്നു. ഇറാനിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമാണ് ബഹായ്കൾ. എന്നാൽ അംഗീകൃത ന്യൂനപക്ഷ പദവി ഇവർക്കു കൊടുത്തിട്ടില്ല. 1979 വിപ്ലവത്തിനു ശേഷം മതപൗ രോഹിത്യം ഭരണം നിയന്ത്രിക്കാൻ തുടങ്ങിയതോടെ ബഹായ്കളോടുള്ള വിവേചനം വർധിച്ചു. പല ബഹായ് ആരാധനാലയങ്ങളും തകർക്കപ്പെട്ടു. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും അന്യായമായി തടവിലാക്കപ്പെടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. ഉന്നത വിദ്യാഭാസവും സർക്കാർ ജോലികളും അവർക്ക് നിഷേധിക്കപ്പെട്ടു.

ബഹായ് വിശ്വാസം അനുസരിച്ച് വിദ്യാഭ്യാസത്തിന് നല്ല പ്രാധാന്യമുണ്ട്. ഈ സ്ഥിതിയെ മറികടക്കാൻ അവർ തുടങ്ങിയ രഹസ്യ സർവകലാശാലയാണ് BlHE. ആദ്യം വിദൂര വിദ്യാഭ്യാസം വഴി തുടങ്ങിയ യത്നം പിന്നീട് ഓൺലൈൻ ആക്കി. BlHE പതിനേഴോളം വിഷയങ്ങളിൽ കോഴ്സുകൾ നടത്തുന്നുണ്ട്. ലോകമെങ്ങുമുള്ള ബഹായ്കളും സന്നദ്ധ പ്രവർത്തകരും സഹായിക്കുന്നു. പെൺകുട്ടികൾ ഉൾപ്പെടെ 50,000 ത്തോളം പേർ BlHE യിൽ പഠിക്കുന്നുണ്ട്.

1967 ൽ ടെഹ്റാനിൽ ജനിച്ച ബഹാരി 1988 ൽ സിനിമ, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഉപരിപoനത്തിനായി കാനഡയിലേക്കു പോയി. മോൺട്രിയോൾ  കോൺകോർഡിയ സർവകലാശാലയിൽ നിന്നായിരുന്നു ബിരുദം സമ്പാദിച്ചത്. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം വിമത രാഷ്ട്രീയത്തിന്റേതായിരുന്നു. ഷാ ഭരണകൂടം 1950 കളിൽ ബഹാരിയുടെ അച്ഛനെ തടവിലാക്കിയിട്ടുണ്ട്. 1980കളിൽ അയാത്തൊള്ളാ ഭരണകൂടം സഹോദരി മറിയത്തെ തടവിലാക്കിയിട്ടുണ്ട്. പിന്നീടവർ ലുക്കീമിയ നിമിത്തം മരിച്ചു. ഇറ്റാലിയൻ - ഇംഗ്ലീഷ് നിയമജ്ഞ പാവോല ഗൗർലിയാണ് ഭാര്യ.

പഠനശേഷം 1995 ൽ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രം 'ദ വോയേജ് ഓഫ് സെന്റ് ലൂയിസ്', സെന്റ് ലൂയിസ് എന്ന കപ്പലിൽ നാസി ജർമനിയിൽ നിന്ന് രക്ഷപ്പെടുകയും ക്യൂബ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ അഭയത്തിനായി ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ നാസി ജർമനിയിലേക്ക് തിരിച്ചു ചെല്ലേണ്ടി വരികയും ചെയ്ത 937 ജൂതരുടെ കഥ പറയുന്നു. ജൂതനരഹത്യയെപ്പറ്റി (Holocaust) ഒരു മുസ്ലീം ചെയ്ത ആദ്യകലാസൃഷ്ടി അതായിരുന്നു. രണ്ടാം ലോകമഹായുദ്ധാവസാനം വരെ യൂറോപ്പിലെന്ന പോലെ വടക്കേ അമേരിക്കയിലും ജൂതർ വിവേചനം നേരിട്ടിരുന്നു. പഠന സമയത്ത് ലഭിച്ച അത്തരം അറിവുകളാണ് ബഹാരിയെ ഈ ചിത്രമെടുക്കാൻ പ്രചോദനമായത്. പിന്നീട് ഇറാനിൽ തടവിലായപ്പോൾ ഈ ചിത്രം അദ്ദേഹത്തിന് വിനയായി ഭവിച്ചു. ഭരണകൂടത്തിന് ബഹാരിയെ Zionist എന്നു മുദ്രകുത്താൻ ഇതു മതിയായ തെളിവായിരുന്നു.

1997ൽ ബഹാരി ഇറാനിൽ തിരിച്ചെത്തി. പത്രപ്രവർത്തനവും ഡോക്യുമെന്ററി നിർമ്മാണവും തുടർന്നു. 1998 മുതൽ 2011 വരെ അമേരിക്കൻ വാരികയായ ന്യൂസ് വീക്കിന്റെ റിപ്പോർട്ടറായിരുന്നു. BBCക്കും ചാനൽ 4നും വേണ്ടി നിരവധി വിഷയങ്ങളിൽ - ആഫ്രിക്കൻ വാസ്തുകല, ഇറാൻ ജനതയുടെ ഫുട്ബോൾ കമ്പം, ഇറാന്റെ സമകാലിക രാഷ്ട്രീയം, അയാത്തൊള്ളമാരുടെ ജീവിതം - ഡോക്യുമെന്ററികളും ന്യൂസ് റിപ്പോർട്ടുകളും ചെയ്തു.

2007 നവംബറിൽ ആംസ്റ്റർഡാമിൽ നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ബഹാരിചിത്രങ്ങളുടെ തിരനോട്ടം (retrospective) അവതരിപ്പിച്ചു. 2009 സെപ്റ്റംബറിൽ ബഹാരിയെ സ്പാനിഷ് നോബൽ എന്നറിയപ്പെടുന്ന പ്രിൻസസ് ഓഫ് ആസ്റ്ററിയാസ് പുരസ്കാരത്തിന് അർഹനായി ഡെസ്മണ്ട് ടുട്ടു അധ്യക്ഷനായ സമിതി തെരഞ്ഞെടുത്തു.

2009 ഇറാൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ പരിഷ്കരണവാദിയെ മിർ - ഹുസൈൻ മൂസവി മുൻതൂക്കമെങ്കിലും നിലവിലെ പ്രസിഡന്റ് അഹമ്മദിനിജാദ് തന്നെ ജയിക്കുക ആയിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി. പ്രക്ഷോഭ സമരങ്ങളുടെ കാലത്ത് 2009 ജൂൺ 21ന് ബഹാരി സ്വന്തം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ശേഷം എവിൻ ജയിലിലേക്ക് മാറ്റി. ഇസ്ലാമിക ഭരണത്തിനെതിരെ ഒരു മാധ്യമ ഗൂഢാലോചനയുടെ ഭാഗമായി തെറ്റായ റിപ്പോർട്ടുകൾ അയച്ചുവെന്നായിരുന്നു ആരോപണം.

തടവറയിൽ അതിക്രൂരമായ മർദ്ദനമുറകൾ അരങ്ങേറി. ജൂലൈയിൽ സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ടിവിയിൽ ബഹാരി താനൊരു ചാരനാണെന്ന് കുറ്റസമ്മതം നടത്തുന്നതായി സംപ്രേഷണം ചെയ്തു. ഈ കുറ്റസമ്മതം അദ്ദേഹത്തിന്റ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും നിഷേധിച്ചു. ബഹാരിയുടെ മോചനത്തിനു വേണ്ടി അന്തർദേശീയ തലത്തിൽ വൻ പ്രചരണങ്ങളുണ്ടായി. അദ്ദേഹത്തിന്റെ ഭാര്യയും ന്യൂസ് വീക്കും ഒരു കൂട്ടം ഡോക്യുമെന്ററി സംവിധായകരും  അവയ്ക്ക് നേതൃത്വം നൽകി. അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഹിലരി ക്ലിന്റൺ ബഹാരിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ തുടർന്ന് 118 ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 20 ന്  ബഹാരി ജയിൽ മോചിതനായി. ചാരവൃത്തിക്ക് കേസെടുത്തിരുന്നു. വൻതുക ജാമ്യസംഖ്യയായി നൽകേണ്ടിയും വന്നു. ഭാര്യയുടെ പ്രസവത്തിനായി ലണ്ടനിലേക്ക് പോകാൻ അനുമതി നൽകി. ബഹാരിയുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തി ശിക്ഷയും വിധിച്ചു - 13 വർഷം തടവും 74. ചാട്ടവാറടിയും.

അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും “ദി ഡെയിലി ഷോ” അവതാരകനുമായ ജോൺ സ്റ്റീവർട്ടാണ് ബഹാരിയെ സഹായിക്കാനെത്തിയത്. ടെഹ്‌റാനിലെ ഇറാനിയൻ പത്രപ്രവർത്തകരുടെ അനുഭവങ്ങൾ ചേർത്ത് സ്റ്റീവർട്ട് സംവിധാനം ചെയ്ത “റോസ് വാട്ടർ” എന്ന ചിത്രം 2014 ൽ പുറത്തിറങ്ങി.

ബഹാരിയെ കണ്ണുകെട്ടിയാണു ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്ത ഉദ്യോഗസ്ഥനാണ് “റോസ് വാട്ടർ” (പനിനീര്). അയാൾ ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ മണമാണ് ആ പേരിനു കാരണം. രാജ്യം വിട്ട ബഹാരി പിന്നീട് ഇറാനിലെ പത്രസ്വാതന്ത്ര്യത്തിന്റെ വക്താവായി മാറി.

  1. [Iranian dissident Maziar Bahari - FT.com]
  2. [They Came For' Journalist Maziar Bahari : NPR]
"https://ml.wikipedia.org/w/index.php?title=മാസിയാർ_ബഹാരി&oldid=3091111" എന്ന താളിൽനിന്ന് ശേഖരിച്ചത്