മാവേലിചരിതം ഓണപ്പാട്ട്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
19ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 20ാം നൂറ്റാണ്ടിന്റെ മധ്യം വരെ ഓണത്തെപ്പറ്റി പ്രചാരത്തിലുണ്ടായിരുന്ന ആഖ്യാനങ്ങളിൽ ഏറ്റവും ജനകീയമായിരുന്ന കൃതിയാണ് മഹാബലിചരിതം ഓണപ്പാട്ട് എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ ലഘുകഥാഗാനം. ഓണപ്പാട്ട്, മാവേലി നാടുവാണീടും കാലം . . എന്നീ പേരുകളും ഈ പാട്ടിനുണ്ട്. ഓണാഘോഷത്തിന് സംഭവിച്ച പരിണാമങ്ങൾ, ആഘോഷത്തിന്റെ സവിശേഷതകൾ, ജനങ്ങളുടെ പങ്കാളിത്തവും പ്രതികരണങ്ങളും - ഇതെല്ലാം വിവരിക്കുന്ന ഈ കൃതി ആധുനികകാലത്തിനു മുമ്പുള്ള ഓണാഘോഷത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായകമാവുന്ന ഒരു പ്രധാന രചനയാണ്.
'മാവേലിനാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം'
എന്നു തുടങ്ങുന്ന വളരെയേറെ പ്രസിദ്ധമായ വരികൾ ഈ കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത്. മാവേലി എന്ന സങ്കല്പത്തെയും ഓണം എന്ന ആഘോഷത്തെയും അടിസ്ഥാനമാക്കി 19-20 നൂറ്റാണ്ടുകളിൽ മലയാളിയുടെ സാമൂഹ്യ ഭാവനാലോകം എങ്ങനെ രൂപപ്പെട്ടു എന്ന് ഈ കൃതി വ്യക്തമാക്കിത്തരുന്നു.
പാഠഭേദങ്ങളും അച്ചടിയും
തിരുത്തുക18-ാം നൂറ്റാണ്ടിലോ 19-ാം നൂറ്റാണ്ടിലോ പകർത്തിയ പല താളിയോലപ്പകർപ്പുകളും ഈ പാട്ടിനുണ്ട്. ഏറ്റവും പഴക്കം തോന്നിക്കുന്ന പാഠം ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ (ജർമ്മനി) ഗുണ്ടർട്ടിന്റെ ശേഖരത്തിൽ നിന്ന് പ്രൊഫ.സ്കറിയാ സക്കറിയ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചതാണ് [1]. യഥാർത്ഥത്തിൽ ട്യൂബിങ്ങൻ ശേഖരത്തിൽ രണ്ടു പാഠങ്ങളാണ് ഉള്ളത്. ഒരു താളിയോലപ്പകർപ്പും ഒരു നോട്ടുബുക്കു പകർപ്പും. രണ്ടും തമ്മിൽ നേരിയ വ്യത്യാസങ്ങളേ ഉള്ളൂ. ചിറക്കൽ കോവിലകം ഗ്രന്ഥപ്പുരയിൽ ഉണ്ടായിരുന്നതാണ് മറ്റൊരു താളിയോല പാഠം. ചൊവ്വര വെള്ളാരപ്പിള്ളി വെടിയൂർ മനയിൽ നിന്നു ശേഖരിച്ച വേറൊരു താളിയോല ഗ്രന്ഥവും ഉണ്ട്. രണ്ടും ചേർത്ത് ശുദ്ധപാഠം നിർമ്മിക്കാനുള്ള ഒരു ശ്രമം നടത്തി, കെ.രാഘവൻപിള്ള തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥാലയത്തിൽ നിന്ന് പുറത്തിറക്കിയിട്ടുണ്ട് [2]. കുറുപ്പംവീട്ടിൽ ഗോപാലപിള്ളയുടെ കേരളമഹാചരിതത്തിന് അനുബന്ധമായി മറ്റൊരു പാഠം നൽകിയിട്ടുണ്ട് [3]. ഇതും വേറൊരു താളിയോലഗ്രന്ഥങ്ങളിൽ നിന്ന് പകർത്തിയതാണ്. ഗോപാലപിള്ളയുടെ അതേ പാഠം തന്നെയാണ് പിന്നീട് കേരളസാഹിത്യ അക്കാദമിക്കു വേണ്ടി പ്രസിദ്ധീകരിച്ച കേരളഭാഷാഗാനങ്ങൾ രണ്ടാം ഭാഗത്തിൽ വി.ആനന്ദക്കുട്ടൻനായർ ചേർത്തിട്ടുള്ളത് (4). ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അപൂർണമായി ഉദ്ധരിച്ച പാഠവും ഒരു താളിയോലഗ്രന്ഥത്തിൽ നിന്നായിരിക്കണം (5).
മാവേലിചരിതം ഓണപ്പാട്ടിന്റെ അച്ചടിയുടെ ലഭ്യമായ ചരിത്രം ഇങ്ങിനെ സംഗ്രഹിക്കാം. 1874-ൽ കൊച്ചി സെന്തോമസ അച്ചുകൂടത്തിൽ ഒരു പതിപ്പ് അച്ചടിക്കപ്പെട്ടിട്ടുണ്ട്. 1887-ലും അതേ പ്രസ്സിൽ നിന്നു തന്നെ ഒരു പതിപ്പു കൂടി പുറത്തിറങ്ങി. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 1934 വരെ കൊല്ലം എസ്.ടി.റെഢ്യാർ പ്രസ്സിൽ നിന്ന് 29 പതിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു; മിക്കവാറും ഓരോ വർഷവും ഓണക്കാലത്ത് ഒരു പതിപ്പ് (6). തൃശ്ശൂർ ഭാരതവിലാസം അച്ചുകൂടം 1910 മുതലെങ്കിലും ഈ പാട്ട് അച്ചടിക്കുന്നുണ്ടായിരുന്നു. കുന്നംകുളം ഏ.ആർ.പി.പ്രസ്സിൽ 1950-കൾ വരെ ഇതേ പാട്ടിന്റെ ഒട്ടേറെ പതിപ്പുകൾ മുദ്രണം ചെയ്തിരുന്നു. വർഷം രേഖപ്പെടുത്തുന്ന രീതി അവർക്കുണ്ടായിരുന്നില്ല (7). തിരുവനന്തപുരം ചന്ദ്രാ പ്രസ്സിൽ നിന്നും 1939-ൽ പുറത്തിറങ്ങിയ പ്രതികൾ ഇപ്പോഴും ചില ലൈബ്രറികളിൽ കാണാം (8). 1957-ൽ എറണാകുളം ലക്ഷ്മിവിലാസം പ്രസ്സുകാർ മഹാബലിചരിതം എന്ന പേരിൽ ഈ പാട്ട് അച്ചടിച്ചിറക്കിയിരുന്നു. 20-ാം നൂറ്റാണ്ടിലെ അച്ചടിപ്പതിപ്പുകൾ മിക്കതും സമാനപാഠങ്ങളാണ് ഉപയോഗിച്ചിരുന്നത്.
വ്യത്യസ്തമായ താളിയോല പാഠങ്ങളും സമാനതയുള്ള അച്ചടിപാഠങ്ങളും കൂടാതെ ഇപ്പോൾ ഇന്റർനെറ്റ് പാഠങ്ങളും ഇതേ പാട്ടിനുണ്ട്. മാവേലിരാജ്യം എന്ന ബ്ലോഗിൽ മാവേലീചരിതം ഓണപ്പാട്ടിന്റെ ചില പാഠങ്ങൾ ലഭ്യമാണ് (9).
കാലം, കവി
തിരുത്തുകഒരേസമയം അനേകം പാഠങ്ങളായി നിലനിൽക്കുന്ന നാടൻപാട്ടുകൾക്ക് രചനാകാലം, സ്ഥലം, കർതൃത്വം എന്നിവയൊന്നും നിർണായകമല്ല. മഹാബലിചരിതം ഓണപ്പാട്ടിന്റെ കർതൃത്വത്തെയും കാലത്തെയും കുറിച്ച് ഏതാനും ചർച്ചകൾ നടന്നിട്ടുണ്ട്. 'ഈ കവിത ഏകദേശം കൊല്ലം 500-നു മുമ്പു ഉണ്ടായതുതന്നെ. പാട്ടിന്റെ ആദ്യം കിളിപറയുന്നതായി തീർത്തത് അനന്തരം ഏതോ വിദ്വാൻ ചെയ്തതാണ് എന്ന് പി. ഗോവിന്ദപ്പിള്ള (10). കേരളസാഹിത്യ ചരിത്രത്തിൽ ഉള്ളൂർ ഇങ്ങനെ അഭിപ്രായപ്പെടുന്നു - 'ഓണപ്പാട്ടിനു മഹാബലിചരിതം എന്നും പേരുണ്ട്. കവിയാരെന്നറിയുന്നില്ല. ഒൻപതാം ശതകത്തിലോ പത്താം ശതകത്തിലോ (കൊല്ലവർഷം) ഉള്ള കൃതിയാണെന്നനുമാനിക്കാം' (11). 17-ാം നൂറ്റാണ്ടിലോ 18-ാം നൂറ്റാണ്ടിലോ രചിച്ചതായിരിക്കണം ഈ പാട്ട് എന്ന ഉള്ളൂരിന്റെ ഊഹം കെ.രാഘവൻപിള്ളയും (12) എം.ജി.എസ്.നാരായണനും (13) കെ.ടി.രവിവർമയും (14) ഏകദേശം ശരിവെക്കുന്നുണ്ട്. 1930 – 1950 കാലത്ത് ഓണത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലേഖനമെഴുതുന്ന കോട്ടക്കൽ പി.വി.കൃഷ്ണവാര്യരും (15) കെ.വി.എമ്മും ഓണപ്പാട്ടിലെ കഥയും വരികളും ഉദ്ധരിക്കുന്നതായി കാണാം (16).
പാട്ടിന്റെ ലഭ്യമായ മിക്ക പാഠങ്ങളിലും കവിയെക്കുറിച്ച് സൂചനയില്ല. എന്നാൽ ചിറയ്ക്കൽ കോവിലകത്തുനിന്നു കിട്ടിയ പാഠത്തിന്റെ അന്ത്യത്തിൽ 'ശങ്കരനിർമ്മിതമായ പാട്ട്' എന്നൊരു വരിതന്നെയുണ്ട്. ഇതിൽ നിന്ന് 'ഏതോ ഒരു ശങ്കരനാണ് ഈ പാട്ടു നിർമ്മിച്ചതെന്ന്' കെ. രാഘവൻ പിള്ള അനുമാനിക്കുന്നു (17). മാവേലിരാജ്യം ബ്ലോഗിലെ പാഠത്തിലും ഈ വരി കാണുന്നുണ്ട് (18). എന്നാൽ മറ്റു പാഠങ്ങളിലൊന്നും ഇല്ലാത്തതിനാൽ ശങ്കരന്റെ കർതൃത്വം സംശയാസ്പദമാണ്.
കഥാസംഗ്രഹം
തിരുത്തുകപാഠങ്ങളിലെല്ലാം പൊതുവിൽ സമാനമായ കഥയാണ്. ഇന്നത്തെ മഹാബലി - വാമന കഥയുമായി സ്പഷ്ടമായ അന്തരമുള്ളതും ഭാഗവതം പോലുള്ള പുരാണങ്ങളിലെ വാമനാവതാരകഥയുമായി കാര്യമായ ബന്ധമൊന്നും ഇല്ലാത്തതും ആണ് പാട്ടിലെ കഥ. കിളിപ്പാട്ടു മാതൃകയിൽ കിളിയെക്കൊണ്ടു പാടിക്കുന്ന രീതിയിലാണ് ആരംഭം. തൃക്കാക്കര വാഴുന്ന മഹാദേവന്റെ അഥവാ മഹാമന്നന്റെ 'ലീലകൾ കേൾക്കുവിൻ' എന്നാരംഭിക്കുന്ന പാട്ടിൽ തുടർന്ന് 'മാവേലി നാടുവാണ' കാലമാണ് വർണിക്കപ്പെടുന്നത്. സുപ്രസിദ്ധമായ ആ വർണനയ്ക്കുശേഷം മഹാദേവന്റെ തിരുനാളായ തിരുവോണം തൃക്കാക്കരവെച്ച് ആഘോഷിക്കാൻ മാവേലിരാജാവ് അരുളിച്ചെയ്തതായി പറയുന്നു. ആദിയിൽ തൃക്കാക്കരയിലെ ആഘോഷമായിരുന്നു ഓണം. എന്നാൽ കുട്ടികൾക്കും വൃദ്ധന്മാർക്കും തൃക്കാക്കരവരെ സഞ്ചരിച്ച് ഓണാഘോഷത്തിൽ പങ്കെടുക്കാൻ വിഷമം തോന്നിയതുകൊണ്ട് പിന്നീട് 'ഇല്ല'ങ്ങളിൽ തന്നെ ഓണമാഘോഷിച്ചാൽ മതിയെന്നായി മാവേലി. അത്തം തൊട്ട് പത്തുനാളാണ് വീടുകളിലെ ഓണാഘോഷം.
ഇങ്ങനെ മാവേലിയുടെ വാഴ്ച തുടർന്നുകൊണ്ടിരുന്നു. ഏറെക്കാലം കഴിഞ്ഞ് മാവേലിമന്നൻ മരിച്ചശേഷം, അല്ലെങ്കിൽ മണ്ണുപേക്ഷിച്ച ശേഷം, മോടികളൊക്കെയും നിലച്ചു. മാവേലിയുടെ മരണത്തിന് ചിറയ്ക്കൽ പാഠത്തിൽ മാത്രം ഒരു കാരണം കൊടുക്കുന്നുണ്ട്. ഒരു ഉണ്ണി വന്ന് മുപ്പിടി മണ്ണ് ചോദിച്ചപ്പോൾ മാവേലി അളക്കാൻ അനുവദിച്ചു. അളന്നപ്പോൾ മുപ്പിടി തികഞ്ഞില്ല. അതുകൊണ്ടാണത്രേ മാവേലി നാടുപേക്ഷിച്ചത് (19). ഇതേവരികൾ അല്പം മാറ്റിയ രീതിയിൽ മാവേലിരാജ്യം ബ്ലോഗിലെ പാഠത്തിലും കാണാം (20). മറ്റു പാഠങ്ങളിലെല്ലാം മാവേലിയുടേത് സ്വാഭാവികമായ 'മണ്ണുപേക്ഷിക്കൽ' അഥവാ 'നാടുനീങ്ങൽ' ആയിട്ടാണ് സൂചന.
താൻ നാടുപേക്ഷിച്ചതിനു ശേഷം ഓണം മുടങ്ങിയ കഥ കേട്ട മാവേലി ഖേദത്തോടെ, എന്താണ് പോംവഴി എന്ന് കൃഷ്ണനോട് അന്വേഷിക്കുന്നു. മാവേലിയുടെ ദു:ഖം കണ്ട് പണ്ടത്തെപ്പോലെ ചിങ്ങമാസത്തിലെ തിരുവോണനാളിൽ മാനുഷരെല്ലാരും മേളിക്കുമ്പോൾ അവരെ വന്നു കണ്ടുകൊള്ളാൻ മാധവൻ അനുവദിച്ചു. മാവേലിയും മാധവനും കൂടിയാണ് ഓണത്തിന് എഴുന്നള്ളുന്നത്. ഓണത്തിന്റെ ചടങ്ങുകളും ഒരുക്കങ്ങളും വിവരിച്ചശേഷം, ഓണവാണിഭം, കളികൾ, ഓണപ്പുടവയ്ക്കുവേണ്ടിയുള്ള വാശിപിടിച്ച തർക്കങ്ങൾ എന്നിവയെല്ലാം വർണിക്കപ്പെടുന്നു. ഒരുക്കങ്ങൾക്കിടയിൽ മാവേലിയും മഹാദേവനും കൂടി ഭൂലോകം കാണാനെഴുന്നള്ളി. അതു കാണാനായി ദേവനാരിമാരടക്കം ഒട്ടേറെ പേർ വന്നുചേരുകയും ചെയ്യുന്നു. ഓണം കഴിഞ്ഞ് മാവേലിയും മഹാദേവനും തിരിച്ച് വൈകുണ്ഠത്തിലേക്കു തന്നെ എഴുന്നള്ളുമ്പോൾ 'മാനുഷർ നിന്നു കരയുന്ന'തായി രേഖപ്പെടുത്തുന്നു പാട്ടുകാർ.
പ്രധാന പാഠവ്യതിയാനങ്ങൾ
തിരുത്തുകമഹാബലിചരിതത്തിന്റെ അച്ചടിപാഠങ്ങളിൽ നേരിയ വ്യത്യാസങ്ങളേ ഉള്ളുവെങ്കിലും താളിയോലയിൽ പകർത്തി സൂക്ഷിക്കപ്പെട്ടവ വ്യക്തമായ പാഠവ്യതിയാനങ്ങൾ പ്രകടിപ്പിക്കുന്നു. ചില താളിയോലപകർപ്പുകൾക്ക് 200 വർഷത്തെ പഴക്കം അനുമാനിക്കപ്പെടുന്നതുകൊണ്ട് തീർച്ചയായും ആ പാഠങ്ങൾ 18-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്നവയുടെ ചില മാതൃകകളായിരിക്കണം. പക്ഷേ 20-ാം നൂറ്റാണ്ടിലെ വാമൊഴിപാഠങ്ങൾ അച്ചടിപ്പതിപ്പിൽ നിന്ന് രൂപം കൊണ്ടതായിരിക്കാനാണ് കൂടുതൽ സാധ്യത. വാമൊഴിയിൽ നിന്ന് താളിയോലയിലേക്കും അതിൽ നിന്ന് വീണ്ടും വാമൊഴിയിലേക്കും ഓലയിൽ നിന്നും വാമൊഴിയിൽ നിന്നും പിന്നീട് അച്ചടിപാഠങ്ങളിലേക്കും അച്ചടിപതിപ്പിൽ നിന്നു തുടർന്നും വാമൊഴിയിലേക്കും സഞ്ചരിച്ചുകൊണ്ടേയിരുന്ന കേരളത്തിലെ ഫോക്‌ലോറിന്റെ പരിണതികൾ മനസ്സിലാക്കുന്നതിന് നല്ലൊരു മാതൃകയാണ് മാവേലീചരിതം ഓണപ്പാട്ട്.
പാട്ടിന്റെ പാഠങ്ങളിലൊന്നിലും 'മഹാബലി' എന്ന പദം ഒരിടത്തുപോലും വരുന്നില്ല. പകരം കൂടുതൽ പാഠങ്ങളിലും 'മാവേലി'യാണുളളത്. എന്നാൽ ഗുണ്ടർട്ടിന്റെ രണ്ടു പകർപ്പുകളിലും മാബലി എന്നാണ് പ്രയോഗം (21). പുരാണത്തിലെ മഹാബലി എന്ന അസുരരാജാവുമായി പാട്ടിലെ മാവേലിക്ക് ബന്ധം കാണുന്നില്ല. മാവേലീചരിതത്തിന് മഹാബലിചരിതം എന്ന പേര് പിന്നീട് നൽകിയതാവാം. ലഭിച്ച പാഠങ്ങളിൽ ഏറ്റവും ചെറുതിന് 216 വരിയും ഏറ്റവും വലുതിന് 266 വരിയും ദൈർഘ്യമുണ്ട്.
മാവേലിനാടുവാണീടുംകാലം എന്ന സമൂഹസ്വപ്നം
തിരുത്തുക'മാവേലിനാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആധികൾ വ്യാധികളൊന്നുമില്ല'
എന്നുള്ള പ്രസിദ്ധമായ വരികൾക്കു പോലും വിഭിന്ന പാഠങ്ങൾ ഉണ്ട്. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ശേഖരിച്ചിട്ടുള്ള ഗുണ്ടർട്ടിന്റെ രണ്ടു പാഠത്തിലും
'മാനുഷരെല്ലാരുമൊന്നുപോലെ,
ആമോദത്തോടെ വസിക്കും കാലം' എന്ന രണ്ടു വരികളേ ഇല്ല.
'മാബലിനാടുവാണീടുംകാലം
ആധികൾ വ്യാധികളൊന്നുമില്ല'
എന്നാണവിടെ പാടിപ്പോകുന്നത് (22). അതേസമയം തുടർന്നുള്ള വരികൾ മിക്ക പാഠങ്ങളിലും തുല്യമാണ്. 'ആപത്ത്', 'ആധികൾ', 'വ്യാധികൾ', 'ബാലമരണങ്ങൾ', 'ദുഷ്ടർ', 'നല്ലവരല്ലാതെയുള്ളവർ', 'കള്ളം', 'ചതിവ്', 'പൊളിവചനം', 'കള്ളപ്പറ', 'ചെറുനാഴി' മുതലായ 'കള്ളത്തര'ങ്ങൾ, ഇതൊന്നും ഇല്ലാത്ത കാലം. ഒപ്പം തന്നെ മാനുഷരെല്ലാരുമൊന്നുപോലെ 'ആമോദത്തോടെ'യോ 'ആനന്ദത്തോടെ'യോ വസിക്കുന്ന കാലം. 'പത്തായിരത്താണ്ടിരിക്കുന്ന'തും 'നെല്ലിനു നൂറുവിളവു'ള്ളതും 'നല്ലകനകം കൊണ്ടെല്ലാവരും ആഭരണങ്ങളണിയുന്ന'തും 'വേണ്ടും നേരം നല്ല മഴ പെയ്യുന്ന'തും ആ കാലത്തിന്റെ നന്മകളാണ്. 'മാനുഷരെല്ലാരുമൊന്നുപോലെ', 'ഭൂലോകമൊക്കെയുമൊന്നുപോലെ', 'ആലയമൊക്കെയുമൊന്നുപോലെ' എന്നീ വരികളിൽ കാണുന്ന ഒന്നുപോലെ എന്ന സങ്കല്പം ആധുനിക കേരളത്തിൽ വ്യാഖ്യാനിക്കപ്പെട്ടത് സമത്വം എന്ന അർത്ഥത്തിലാണ് . ഈ വരികൾ വ്യാഖ്യാനിച്ചുകൊണ്ട് കെ.ടി.രവിവർമ്മ എഴുതുന്നു: 'തന്റെ കണ്ണിൽ ഏറ്റവും പ്രധാനമായ കാര്യം പാട്ടുകാരൻ ആദ്യംതന്നെ പറയുന്നു: മാനുഷരെല്ലാരുമൊന്നുപോലെ. ഉച്ചനീചജാതികളും ധനികദരിദ്രവ്യത്യാസങ്ങളും ഒന്നും ഉണ്ടായിരുന്നില്ലെന്ന്! മധ്യകാലകേരളത്തിൽ ഇത്തരമൊരാശയം സങ്കല്പിക്കുവാനും പ്രകടിപ്പിക്കുവാനും കഴിഞ്ഞതുതന്നെ അത്ഭുതമായി കരുതണം' (23). പുരാണങ്ങളിലൊന്നിലും തന്നെ ഇങ്ങനെയൊരു കാലത്തെപ്പറ്റിയുള്ള വിവരണങ്ങളില്ല എന്ന് രവിവർമ്മ കൂട്ടിച്ചേർക്കുന്നു. മാത്രമല്ല ബലിയുടെ ഭരണകാലത്ത് ജാതിവ്യവസ്ഥ സുദൃഢമായിരുന്നു എന്ന് സ്‌കന്ദപുരാണം പറയുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട് (24). എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ ഈ നാടൻപാട്ടിൽ 'സത്യൈശ്വര്യാദികളുടെ - സമത്വത്തിന്റെയല്ല - സ്വപ്നമാണ് ഒളിഞ്ഞിരിക്കുന്നത്' എന്നാണ് (25).
ഓണവുമായി ബന്ധപ്പെട്ട് ആധുനിക മലയാളികൾ നെയ്‌തെടുത്ത സ്വപ്നങ്ങളുടെയെല്ലാം അടിസ്ഥാനമായി വർത്തിച്ചതും കവിതകളും കഥകളും നാടകങ്ങളും ഓർമ്മക്കുറിപ്പുകളും വിവരണലേഖനങ്ങളും പഠനങ്ങളും അടക്കം നിരവധി നിരവധി ഓണാഖ്യാനങ്ങളുടെ സൃഷ്ടിക്ക് പ്രേരകമായിത്തീർന്നതുമാണ് ലക്ഷക്കണക്കിന് മലയാളികൾക്ക് ഇപ്പോഴും ഓർമ്മയിൽ നിന്ന് നേരിട്ട് പാടാൻ കഴിയുന്ന ഈ വരികൾ. ചില വ്യതിയാനങ്ങൾ ഉണ്ടെങ്കിലും പാട്ടുകാർ ഉണ്ടാക്കിയെടുത്ത ഈ സമൂഹസ്വപ്നം പിന്നീട് ലക്ഷക്കണക്കിന് മലയാളികളുടെ നാവിലൂടെ സഞ്ചരിച്ച് ഓണാഘോഷത്തിന് അർത്ഥവും ആനന്ദവും നൽകി ഇപ്പോഴും സജീവമായി നിലനിൽക്കുന്നു.
ഓണവാണിഭത്തിന്റെ വർണന
തിരുത്തുകമവേലിചരിതം ഓണപ്പാട്ടിൽ ഏറ്റവും വിശദമായും വാചാലമായും വർണിക്കുന്നത് ഓണത്തിന്റെ ചടങ്ങുകളോ കഥയോ അല്ല, മറിച്ച് ഓണക്കാലത്ത് സജീവമാകുന്ന വാണിഭവും അതിലെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരുടെയും വാങ്ങാൻ ആഗ്രഹിക്കുന്നവരുടെയും പ്രതീക്ഷകളും പിണക്കങ്ങളും മറ്റുമാണ്. ആകെ 233 വരികളുള്ള ഗുണ്ടർട്ടിന്റെ പാഠത്തിൽ 87 വരികളും, 231 വരികളുള്ള വെള്ളാരപ്പിള്ളി പാഠത്തിൽ 50 വരികളും, 266 വരികളുള്ള ചിറയ്ക്കൽ പാഠത്തിൽ 75 വരികളും വാണിഭവർണനക്കായി ഉപയോഗിക്കുന്നു. മറ്റു പാഠങ്ങളിലും സമാന അനുപാതം തന്നെ. ഗുണ്ടർട്ടിന്റെ പാഠത്തിലും ചിറയ്ക്കൽ പാഠത്തിലും ഇതരപാഠങ്ങളിലെ അനുപാതത്തേക്കാൾ അല്പം കൂടുതൽ വരികൾ വാണിഭത്തിനായി നീക്കിവെക്കുന്നു. പല കാര്യങ്ങളിലും ഈ പാഠങ്ങൾ ആപേക്ഷികമായി കൂടുതൽ വിശദാംശങ്ങൾ തരുന്നുമുണ്ട്.
മൂന്നുപാഠങ്ങളിൽ 'മാനം വളച്ച വളപ്പകത്തു' നടക്കുന്ന 'വേണ്ടുന്ന വാണിഭ'ത്തെക്കുറിച്ചാണ് പാട്ടുകാർ വിസ്തരിക്കുന്നത്. ഓണക്കാലത്തു മാത്രം താൽക്കാലികമായി കമാനം വെച്ച വലിയൊരു വളപ്പിൽ സജ്ജീകരിക്കുന്ന, ഇന്നത്തെ ഓണച്ചന്തയുടെ പഴയ രൂപമായ ഓണവാണിഭമാണിത്. എന്നാൽ ചിറയ്ക്കൽ പാഠത്തിന്റെ പാട്ടുകാർ 'നല്ല നഗരങ്ങളെല്ലാടവും' ഒരുക്കുന്ന വാണിഭമാണ് വിവരിക്കുന്നത്. ഗുണ്ടർട്ടിന്റെ പാഠത്തിൽ രണ്ടുതരം ഇടങ്ങളും കൂട്ടിച്ചേർക്കുന്നു.
പാട്ടുകാരുടെ പ്രധാന ദൗത്യങ്ങളിലൊന്ന് ഓണവാണിഭത്തിന്റെ വർണനയാണെന്നു ധരിക്കാവുന്ന വിധത്തിൽ സൂക്ഷ്മവും വിശദവുമായ പ്രതിപാദനമാണ് മവേലി ചരിതത്തിലുള്ളത്. കേരളത്തിലെ പട്ടണങ്ങളും അങ്ങാടികളും വാണിഭങ്ങളും 17-18 നൂറ്റാണ്ടുകളിൽ അവശ്യവസ്തുക്കളുടെ കാര്യത്തിൽ മാത്രമല്ല, ആർഭാടവസ്തുക്കളുടെ ലഭ്യതയിലും ഒരേതരം ഉൽപ്പന്നങ്ങളുടെ സൂക്ഷ്മമായ വൈവിധ്യത്തിലും എത്രത്തോളം സമൃദ്ധമായിരുന്നു എന്ന് തെളിയിക്കുന്നു ഈ വർണന. ചരിത്രകാരന്മാർ സാധാരണമായി ആശ്രയിക്കുന്ന വിദേശികളുടെ കണക്കുകളെയും കുറിപ്പുകളെയും അപേക്ഷിച്ച്, അങ്ങാടിയുടെയും ചന്തയുടെയും ശബ്ദായമാനമായ, വിഭിന്നവികാരങ്ങൾ പ്രതിഫലിക്കുന്ന, അന്തരീക്ഷം ഒപ്പിയെടുക്കുന്നതാണ് പാട്ടുകാരുടെ ശീലുകൾ.
പൊതുവായി വെളുത്ത വസ്ത്രം ധരിച്ചിരുന്ന മലയാളികൾ, പക്ഷേ അതിൽതന്നെ എത്രമാത്രം വൈവിധ്യം പ്രകടിപ്പിച്ചിരുന്നു എന്ന് മഹാബലിചരിതത്തിലെ വ്യത്യസ്തമായ മുണ്ടുകളുടെയും കച്ചകളുടെയും പരാമർശം തെളിയിക്കുന്നു.
"ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവിണിയും ചിറ്റാടയും
നല്ല മണപ്പാടെ ചെല്ലാരിയും
കായങ്കുളച്ചേല പോർക്കളിയൻ
മങ്കാരത്തോരനും വെള്ളുണ്ടയും
തഴ്ചരി നല്ലതു കോഴിക്കോടൻ
ചീനത്തെ മുണ്ടുകൾ വേണ്ടുവോളം
തോരനെഴുതിയ വാളും പിടി
തെക്കർ കിഴക്കർ കവിണിയുണ്ട്
ഓരോ തരങ്ങളിൽ വേണ്ടുവോളം
പട്ടുപുടവകൾക്കറ്റമില്ല" (26)
ഓണക്കോടിയും ആഭരണങ്ങളും വാങ്ങാൻ തിക്കിത്തിരക്കുന്നവരുടെ കൂട്ടത്തിൽ ഓണപ്പുടവയും മാലയും വാങ്ങാൻ കഴിവില്ലാത്ത ഒരു മകളുടെയും അവരെ ആശ്വസിപ്പിക്കുന്ന അമ്മയുടെയും സംഭാഷണം ഉൾക്കൊള്ളിച്ചിരിക്കുന്ന പാട്ടുകാരുടെ സാമൂഹ്യബോധം ശ്രദ്ധിക്കേണ്ടതാണ്.
"ഇങ്ങിനെ കേട്ടോരു കന്യകയും
അമ്മയോടങ്ങു പറഞ്ഞാളല്ലോ
ഓണപ്പുടവയിനിക്കില്ലമ്മേ
നാണക്കേടായിട്ടു വന്നു കൂടും
എന്റെ പുടവയെടുത്തു കൊൾ നീ
ഓണം കഴിഞ്ഞേയെനിക്കു വേണ്ടൂ" (27)
"അന്നൊരു നാരി പറഞ്ഞാളല്ലോ
മാലയും താലി എനിക്കില്ലമ്മേ
എന്നതു കൊണ്ടേതും ഖേദിക്കേണ്ടാ
മംഗല്യം തേച്ചു വെളുക്കക്കെട്ടി
വസ്ത്രം ധരിച്ചാൽ മതി മകളേ” (28)
ഉത്രാടസന്ധ്യയ്ക്ക് മഹാദേവനെ മൺരൂപത്തിൽ പ്രതിഷ്ഠിക്കുന്നതും പൂക്കളമിടുന്നതും കളികളും ഓണപ്പുടവയ്ക്കും മറ്റും വേണ്ടിയുള്ള വാശിപിടിച്ച തർക്കങ്ങളും അടക്കം പാട്ടിന്റെ മൂന്നിലൊന്നോളം ഭാഗം സ്ത്രീകളുടെയും കുട്ടികളുടെയും ഓണമാണ്.
ആധുനികതയ്ക്കു മുമ്പുണ്ടായിരുന്ന കേരളീയ സമൂഹത്തിൽ, വൈവിധ്യപൂർണമായ ആഘോഷരീതികളോടെ, പല പല സാമൂഹ്യവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ, നിരന്തരം പരിണമിച്ചുകൊണ്ടിരുന്ന, ഓണത്തിന്റെ ഭാവനാപൂർണമായ ചിത്രം മാവേലിചരിതം ഓണപ്പാട്ട് വരച്ചുവെക്കുന്നു.
കുറിപ്പുകൾ
തിരുത്തുക(1) മനോജ് കുറൂർ (എ.ഡി.) 1996. അഞ്ചടി ജ്ഞാനപ്പാന, ഓണപ്പാട്ട് (ജന.എഡി.) സ്കറിയാ സക്കറിയ, ചങ്ങനാശ്ശേരി : കേരളപഠനകേന്ദ്രം
(2) രാഘവൻപിള്ള, കെ. (എഡി.) 1964 പാട്ടുകൾ. ഒന്നാം ഭാഗം. ഭാഷാഗ്രന്ഥാവലി അങ്കം 115. തിരുവനന്തപുരം: കേരള സർവ്വകലാശാല.
(3) ഗോപാലപിള്ള, കുറുപ്പംവീട്ടിൽ കെ.എൻ. 1948. കേരളമഹാചരിതം വാള്യം 2. തിരുവനന്തപുരം: റെഡ്യാർ പ്രസ്സ് ബുക്ക് ഡിപ്പോ. പുറം. 230-236
(4) ആനന്ദക്കുട്ടൻ നായർ, വി (സമ്പാ.) 1980. കേരള ഭാഷാഗാനങ്ങൾ. നാടൻപാട്ടുകൾ. വോള്യം 2. തൃശ്ശൂർ: കേരളസാഹിത്യ അക്കാദമി പുറം. 172-178.
(5) ഉള്ളൂർ 2015 (1950). കേരള സാഹിത്യ ചരിത്രം, വാല്യം 1. തിരുവനന്തപുരം. കേരള സർവകലാശാല. പുറം. 903-905.
(6) മഹാബലിചരിതം ഓണപ്പാട്ട് 1934 (29-ാം പതിപ്പ്). കൊല്ലം: എസ്.ടി.റെഢ്യാർ
(7) മഹാബലിചരിതം ഓണപ്പാട്ട്. കുന്നംകുളം : ഏ.ആർ.പി. പ്രസ്സ്
(8) മഹാബലിചരിതം ഓണപ്പാട്ട് 1939. ചാല, തിരുവനന്തപുരം: ചന്ദ്ര പ്രസ്സ്.
(9) മാവേലിചരിതം ഓണപ്പാട്ട് http://mavelirajyam.blogspot.com/2021/07/blog-post.html ശേഖരിച്ചത് 30/07/2024.
(10) ഗോവിന്ദപിള്ള, പി. 1956 (1889). മലയാള ഭാഷാചരിതം. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം, എൻ.ബി.എസ്. പുറം. 145.
(11) ഉള്ളൂർ 2015 (1950). പുറം. 903.
(12) രാഘവൻപിള്ള, കെ. 1964. പുറം.3
(13) നാരായണൻ, എം.ജി.എസ്. 2001 (1999). അധിനിവേശം, വ്യവസായ വിപ്ലവം, ദേശീയത, വിജ്ഞാന വിസ്ഫോടനം. 500 വർഷത്തെ കേരളം ചില അറിവടയാളങ്ങൾ. ഡോ. സ്കറിയ സക്കറിയ (ജന.എഡി). ചങ്ങനാശ്ശേരി: താരതമ്യപഠനസംഘം. പുറം. 22
(14) രവിവർമ്മ, കെ.ടി. 2001. ഋഗ്വേദം മുതൽ ഓണപ്പാട്ടുകൾ വരെ : ത്രിവിക്രമ-ബലിമിത്തിന്റെ വികാസ പരിണാമങ്ങൾ. കോട്ടയം: ഡി.സി.ബുക്സ്. പുറം. 189.
(15) കൃഷ്ണവാരിയർ, കോട്ടക്കൽ പി.വി. 1934 തിരുവോണം. ഈ ദേശീയാഘോഷത്തിന്റെ ചിട്ടകളും ചടങ്ങുകളും. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 20, പുറം. 4-6, 29.
(16) കെ.വി.എം. 1948 ഓണം നമ്മുടെ ദേശീയോത്സവം. മാതൃഭൂമി ആഴ്ചപ്പതിപ്പ് സെപ്തം. 12. പുറം. 3
(17) രാഘവൻപിള്ള, കെ. 1964
(18) |മാവേലീചരിതം ഓണപ്പാട്ട് http://mavelirajyam.blogspot.com/2021/07/blog-post.html
(19) രാഘവൻപിള്ള, കെ. 1964
(20) മാവേലിചരിതം ഓണപ്പാട്ട് http://mavelirajyam.blogspot.com/2021/07/blog-post.html
(21) മനോജ് കുറൂർ 1996.
(22) മനോജ് കുറൂർ 1996.
(23) രവിവർമ്മ, കെ.ടി. 2001. പുറം. 191
(24) രവിവർമ്മ, കെ.ടി. 2001. പുറം. 191
(25) നാരായണൻ, എം.ജി.എസ്. 2001 പുറം. 22
(26) രാഘവൻപിള്ള, കെ. 1964
(27) രാഘവൻപിള്ള, കെ. 1964
(28) രാഘവൻപിള്ള, കെ. 1964
അവലംബം
തിരുത്തുക- ↑ മനോജ് കുറൂർ (1996). സക്കറിയ, സ്കറിയാ (ed.). അഞ്ചടി ജ്ഞാനപ്പാന, ഓണപ്പാട്ട്. ചങ്ങനാശ്ശേരി: കേരളപഠനകേന്ദ്രം.
- ↑ രാഘവൻപിള്ള, കെ. (1964). പാട്ടുകൾ. ഒന്നാം ഭാഗം. ഭാഷാഗ്രന്ഥാവലി അങ്കം 115. തിരുവനന്തപുരം: കേരള സർവ്വകലാശാല.
- ↑ ഗോപാലപിള്ള, കുറുപ്പംവീട്ടിൽ കെ.എൻ. (1948). കേരളമഹാചരിതം 2 വാള്യം. തിരുവനന്തപുരം: റെഡ്യാർ പ്രസ്സ് ബുക്ക് ഡിപ്പോ. pp. 230–236.}
ഉള്ളൂർ 2015 (1950). കേരള സാഹിത്യ ചരിത്രം, വാല്യം 1. തിരുവനന്തപുരം. കേരള സർവകലാശാല.
രാഘവൻപിള്ള, കെ. (എഡി.) 1964 പാട്ടുകൾ. ഒന്നാം ഭാഗം. ഭാഷാഗ്രന്ഥാവലി അങ്കം 115. തിരുവനന്തപുരം: കേരള സർവ്വകലാശാല.
മനോജ് കുറൂർ (എഡി.) 1996. അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട് (ജന.എഡി.) സ്കറിയാ സക്കറിയ, ചങ്ങനാശ്ശേരി : കേരളപഠനകേന്ദ്രം
മഹാബലിചരിതം ഓണപ്പാട്ട് 1934 (29-ാം പതിപ്പ്). കൊല്ലം: എസ്.ടി.റെഢ്യാർ
മഹാബലിചരിതം ഓണപ്പാട്ട് 1939. ചാല, തിരുവനന്തപുരം: ചന്ദ്ര പ്രസ്സ്.
മഹാബലിചരിതം ഓണപ്പാട്ട്. കുന്നംകുളം: ഏ.ആർ.പി. പ്രസ്സ്
മാവേലീചരിതം ഓണപ്പാട്ട് http://mavelirajyam.blogspot.com/2021/07/blog-post.html ശേഖരിച്ചത് 30/07/2024.
രവിവർമ്മ, കെ.ടി. 2001. ഋഗ്വേദം മുതൽ ഓണപ്പാട്ടുകൾ വരെ: ത്രിവിക്രമ-ബലിമിത്തിന്റെ വികാസ പരിണാമങ്ങൾ. കോട്ടയം: ഡി.സി.ബുക്സ്.
രൺജിത് പി. 2011. മലയാളിയുടെ ഭൂതകാലങ്ങൾ: ഓണവും സാമൂഹ്യഭാവനാലോകവും. തൃശൂർ: കറന്റ് ബുക്സ് തൃശൂർ.
നാരായണൻ, എം.ജി.എസ്. 2006. ഓണം - കേരളത്തിന്റെ ഉത്സവം. ഉത്സവങ്ങളുടെ രാഷ്ടീയം. (എഡി) കെ.ഇ.എൻ. കുഞ്ഞഹമ്മദ്. തിരുവനന്തപുരം: മൈത്രി ബുക്സ്
അധികവായനക്ക്
തിരുത്തുക- രവിവർമ്മ, കെ.ടി. 2001. ഋഗ്വേദം മുതൽ ഓണപ്പാട്ടുകൾ വരെ : ത്രിവിക്രമ-ബലിമിത്തിന്റെ വികാസ പരിണാമങ്ങൾ. കോട്ടയം: ഡി.സി.ബുക്സ്.
- രൺജിത് പി. 2011. മലയാളിയുടെ ഭൂതകാലങ്ങൾ: ഓണവും സാമൂഹ്യഭാവനാലോകവും. തൃശൂർ: കറന്റ് ബുക്സ് തൃശൂർ.