അഹമ്മദ്‌നഗർ സുൽത്താനത്തിൻ്റെ സർഗിരോഹ് ആയി സേവനമനുഷ്ഠിച്ച മറാഠാ സർദാറായിരുന്നു മാലോജി ഭോസ്‌ലെ (1552 - 1605). [1] അദ്ദേഹം ഷഹാജിയുടെ പിതാവും മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ മുത്തച്ഛനുമായിരുന്നു.

ശ്രീമന്ത് സർദാർ

മാലോജി ഭോസ്‌ലെ
ജനനം
മാലോജി ബാബാജി ഭോസ്‌ലെ

c. 1552
മരണംc. 1605(1605-00-00) (പ്രായം 52–53)
ഇന്ദാപൂർ
സ്ഥാനപ്പേര്ഫലകം:Br entries
കുട്ടികൾഷഹാജി ഭോസ്‌ലെ
ഷരീഫ്ജി
മാതാപിതാക്ക(ൾ)ബാബാജി ഭോസ്‌ലെ (പിതാവ്)
ബന്ധുക്കൾവിഠോജി (സഹോദരൻ)
ജിജാബായി (മരുമകൾ)
ശിവാജി (ചെറുമകൻ)

ആദ്യകാല ജീവിതം

തിരുത്തുക

പൂനെയ്ക്ക് ചുറ്റുമുള്ള ഹിംഗാനി ബെർഡി, ദേവൽഗാവ് ഗ്രാമങ്ങളിലെ പാട്ടീൽ (ഗ്രാമത്തലവൻ) ആയിരുന്ന ബാബാജി ജാദവിൻ്റെ (മ. 1597) മകനായി 1552-ലാണ് മാലോജി ജനിച്ചത്. [2][3] മാലോജിക്ക് വിഠോജി എന്ന്` പേരായ ഒരു ഇളയ സഹോദരനും ഉണ്ടായിരുന്നു.

സിന്ദ്ഖേഡിലെ ജാധവുകൾക്കൊപ്പം

തിരുത്തുക

ചെറുപ്പത്തിൽ തന്നെ പൂനെ വിട്ട മാലോജിയും സഹോദരൻ വിഠോജിയും സിന്ദ്ഖേഡിലെ ജാധവുകളുടെ കീഴിൽ കുതിരപ്പടയാളികളായി സേവനമനുഷ്ഠിച്ചു. ജാധവുകൾ അഹമ്മദ്‌നഗർ സുൽത്താനത്തിന് സൈനിക സേവനം നൽകിപ്പോന്നു. ഫൽട്ടണിലെ ദേശ്മുഖ് ആയിരുന്ന ജഗ്പാൽറാവു നിംബാൽക്കറുടെ സഹോദരി ഉമാ ബായിയെ (ദീപാ ബായി എന്ന പേരിലും അറിയപ്പെടുന്നു) മാലോജി വിവാഹം കഴിച്ചു. പുത്രലബ്ധിക്കായി മാലോജിയുടെ ഭാര്യ ഉമാബായി അഹമ്മദ്‌നഗറിലെ സൂഫി സന്യാസി ഷാ ഷെരീഫിൻ്റെ ദർഗയിൽ പ്രാർത്ഥിച്ചിരുന്നതായി പറയപ്പെടുന്നു. പിന്നീട് മാലോജിയും ഉമാബായിയും ദേവഗിരിയിൽ സ്ഥിരതാമസമാക്കിയപ്പോൾ, ഉമാബായി രണ്ട് ആൺമക്കൾക്ക് ജന്മം നൽകി. അവരിൽ മൂത്തയാളാണ് ശിവജിയുടെ പിതാവായ ഷാഹാജി. രണ്ടു വർഷങ്ങൾക്കു ശേഷം പിറന്ന രണ്ടാമത്തെ മകന് ഷരീഫ്ജി എന്നു പേരിട്ടു. [4] ഒരു ഹോളി ചടങ്ങിനിടെ, ജാദവുകളുടെ നേതാവായ ലഖുജി ജാധവ്, തൻ്റെ മകൾ ജിജാബായിയും മാലോജിയുടെ മകൻ ഷാഹാജിയും തമ്മിൽ നല്ല ചേർച്ചയായിരിക്കുമെന്ന് തമാശയായി അഭിപ്രായപ്പെട്ടു. മാലോജി ലഖുജിയുടെ പരാമർശം ഗൗരവമായി എടുക്കുകയും ഷഹാജിയും ജിജാബായിയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മാലോജിയെ താഴ്ന്ന പദവിയിലുള്ള ശിലേദാറായി കണക്കാക്കിയ ലഖുജിയെ ഈ നീക്കം കുപിതനാക്കി. [5] അദ്ദേഹം മാലോജിയെ തന്റെ സേവനങ്ങളിൽ നിന്ന് പിരിച്ചുവിട്ടു. പിന്നീട്, നിംബാൽക്കറുടെ സ്വാധീനവും ഭോസലെ കുടുംബത്തിൻ്റെ ഉയർച്ചയും ജിജാബായിയെ വിവാഹം കഴിക്കാൻ ഷാഹാജിയെ സഹായിച്ചു.

അഹമ്മദ്നഗർ സുൽത്താനത്തിൽ

തിരുത്തുക

മാലോജിയും വിഠോജിയും ഒരിക്കൽ വയലിൽ കൃഷിചെയ്യുന്നതിനിടയിൽ ഒരു നിധി കണ്ടെത്തുകയും സമ്പന്നരാകുകയും ചെയ്തു എന്നൊരു വിവരണം ഷെഡ്‌ഗാവ്ങ്കർ ബഖാർ നൽകുന്നുണ്ട്. എന്നാൽ ജാദുനാഥ് സർക്കാരിനെപ്പോലുള്ള ചരിത്രകാരന്മാർ ഇത് തള്ളിക്കളയുന്നു. [6] 1577-ൽ മാലോജിയും വിഠോജിയും മുർതാസ നിസാം ഷാ I-ൻ്റെ കീഴിലുള്ള അഹമ്മദ്‌നഗർ സുൽത്താനത്തിൻ്റെ സൈനികസേവനത്തിൽ ചേർന്നു. അഹമ്മദ്‌നഗർ സുൽത്താനത്തിൻ്റെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയർന്ന മാലിക് അംബറിൻ്റെ വിശ്വസ്ത സഹായിയായി മാലോജി മാറി. [7] ഇതേസമയം മാലോജിയുടെ അടുത്ത ബന്ധുകളായ മുധോളിലെ ഘോർപഡെ കുടുംബം, അഹമ്മദ്നഗർ സുൽത്താനത്തിന്റെ എതിരാളികളായ ബീജാപ്പൂർ സുൽത്താനത്തിലെ പ്രമുഖരായ പ്രഭുക്കന്മാരായി. [8] മാലിക് അംബറിനോടൊപ്പം അഹമ്മദ്നഗറിന്റെ എതിരാളികളായ ഡെക്കാൻ സുൽത്താനത്തുകൾക്കും മുഗളന്മാർക്കും എതിരെ പോരാടി മാലോജി അതിവേഗം പദവികളിലേക്ക് ഉയർന്നു. അദ്ദേഹത്തിനും സഹോദരനും ഏലൂർ (വെരുൾ), ദെർഹാഡി, കണ്ണറാഡ് എന്നീ മൂന്ന് പർഗാനകളുടെ നിയന്ത്രണം ലഭിച്ചു. ഇതോടൊപ്പം നിരവധി ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളും ഇവരുടെ നിയന്ത്രണത്തിലായി. [5] അഹമ്മദ്‌നഗർ സുൽത്താനത്തിൻ്റെ ഭരണാധികാരിയായിരുന്ന ബഹദൂർ നിസാം ഷാ 1595-ലോ 1599-ലോ മാലോജിക്ക് രാജ പദവി നൽകി. [9] മാലിക് അംബറിൻ്റെ ശുപാർശ പ്രകാരം, ശിവനേരി, ചകൻ കോട്ടകളുടെ നിയന്ത്രണത്തോടൊപ്പം പൂനെ, സുപെ എന്നീ പർഗാനകളുടെ ജാഗീറും (കരം പിരിവിനുള്ള അവകാശം) അദ്ദേഹത്തിന് ലഭിച്ചു. മാലോജി വെരുളിനടുത്തുള്ള ഘൃഷ്ണേശ്വർ ജ്യോതിർലിംഗക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം നടത്തി. കൂടാതെ ശിഖർ ഷിംഗ്നാപൂരിലെ ശംഭു മഹാദേവ ക്ഷേത്രത്തിൽ ഒരു വലിയ ജലസംഭരണിയും നിർമ്മിച്ചു. [10]

ബീജാപൂർ സുൽത്താനത്തിനെതിരായി ഇന്ദാപൂരിൽ വെച്ച് നടന്ന യുദ്ധത്തിൽ മാലോജി കൊല്ലപ്പെട്ടു. അദ്ദേഹത്തിൻ്റെ മരണ വർഷം 1605 ആണെന്നും അക്കാലത്ത് അഞ്ച് വയസ്സ് മാത്രമുണ്ടായിരുന്ന മകൻ ഷാഹാജിയെ വളർത്തിയത് സഹോദരൻ വിഠോജിയാണെന്നും ഒരഭിപ്രായമുണ്ട്. [5] എന്നാൽ മറ്റ് വിവരണങ്ങൾ അനുസരിച്ച് അദ്ദേഹത്തിൻ്റെ മരണ വർഷം 1620[11] അല്ലെങ്കിൽ 1622 ആയി കണക്കാക്കുന്നു. മരണശേഷം, മാലോജിയുടെ ജാഗിർ അവകാശം മകൻ ഷാഹാജിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. [8]

  1. Shivaji The Great Vol. I by Dr. Balkrishna p.53
  2. Salma Ahmed Farooqui (2011). A Comprehensive History of Medieval India: From Twelfth to the Mid-Eighteenth Century. Dorling Kindersley India. pp. 314–. ISBN 978-81-317-3202-1.
  3. V. B. Kulkarni (1963). Shivaji: The Portrait of a Patriot. Orient Longman. p. 27.
  4. Shivaji The Great Vol I, Dr. Bal Krishna, p.53
  5. 5.0 5.1 5.2 Chintaman Vinayak Vaidya (1931). Shivaji: the founder of Maratha Swaraj. C. V. Vaidya. pp. 10–15. Retrieved 8 October 2012.
  6. Historical Biography in Indian Literature by SP Sen p.226
  7. Farooqui Salma Ahmed; Salma Ahmed Farooqui (2011). A Comprehensive History of Medieval India: From Twelfth to the Mid-Eighteenth Century. Pearson Education India. p. 314. ISBN 978-81-317-3202-1. Retrieved 8 October 2012.
  8. 8.0 8.1 Stewart Gordon (16 September 1993). The Marathas 1600-1818. Cambridge University Press. pp. 41–44. ISBN 978-0-521-26883-7. Retrieved 8 October 2012.
  9. Joseph G. Da Cunha (1900). Origin of Bombay. Bombay, Society's library; [etc., etc.]
  10. Govind Sakharam Sardesai (1957). New History of the Marathas: Shivaji and his line (1600-1707). Phoenix Publications. p. 58. ISBN 9788121500654. Retrieved 8 October 2012.
  11. Richard M. Eaton (17 November 2005). A Social History of the Deccan, 1300-1761: Eight Indian Lives. Cambridge University Press. pp. 178–. ISBN 978-0-521-25484-7. Retrieved 8 October 2012.
"https://ml.wikipedia.org/w/index.php?title=മാലോജി_ഭോസ്‌ലെ&oldid=4122780" എന്ന താളിൽനിന്ന് ശേഖരിച്ചത്