പതിനാറാം നൂറ്റാണ്ടിലെ കോഴിക്കോട് രാജ്യ സ്ഥാനപതിയും നാവിക പോരാളിയും ആയിരുന്നു മായിമാമ മരക്കാർ (മായമാമ മരക്കാർ). [1]

മായിമാമ മരക്കാർ
മരണം1507 മാർച്ച്
ദേശീയതകോഴിക്കോട് രാജ്യം (ആധുനിക ഇന്ത്യ)
അറിയപ്പെടുന്നത്നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ, സൈന്യാധിപൻ, വ്യാപാര പ്രമുഖൻ

കോലത്തിരി രാജാവുമായി ഗാഢ ബന്ധമുണ്ടായിരുന്ന കോലത്ത് നാട്ടിലെ കച്ചവട പ്രമുഖനായിരുന്നു മായിമാമ. തൻ പോരിമ കാട്ടുന്ന പോർച്ചുഗീസുകാരുമായി കോലത്തിരി രാജൻ പുലർത്തുന്ന അടുപ്പത്തിൽ ഇദ്ദേഹം പരസ്യമായി അസന്തുഷ്ടി പ്രകടിപ്പിച്ചു. മായിമാമയുടെ നീരസവും അസന്തുഷ്ട്ടിയും കോലത്തിരി രാജാവ് രഹസ്യമായി പോർച്ചുഗീസ് പക്ഷത്തിനു കൈമാറി. ഈ പരാതിയിൻ മേൽ പോർച്ചുഗീസ് ക്യാപ്റ്റൻ വിസെൻറ് സൊദ്റെ എടുത്ത് ചാടി നടപടികളെടുത്ത് മായിമാമയുടെ കപ്പലുകളെ ആക്രമിച്ചു. പോർച്ചുഗീസിനെതിരെ പകയും പ്രതികാരവാഞ്ജയും വർദ്ധിപ്പിക്കുവാൻ ഇത്തരം ആക്രമങ്ങൾ മായിമാമയെ പ്രേരിതമാക്കി. [2]

പോർച്ചുഗീസ് വിരുദ്ധ ചേരിയിലുള്ള കോഴിക്കോട് രാജ്യത്തേക്ക് ആവാസം മാറ്റിയ മായമാമ പോർച്ചുഗീസിനെതിരായ അന്താരാഷ്ട്ര പിന്തുണയ്ക്ക് സാമൂതിരിയെ സഹായിച്ചു. 1504 മുതൽ ഈജിപ്ത് കേന്ദ്രമാക്കി മംലൂക് സാമ്രാജ്യത്തിൽ കോഴിക്കോടിൻറെ നയതന്ത്ര നീക്കങ്ങൾക്ക് സാരഥ്യം വഹിക്കുകയും, പോർച്ചുഗീസിനെതിരെ കോഴിക്കോട് രാജ്യമടക്കമുള്ള ഇന്ത്യൻ തീര രാജ്യങ്ങളെ സഹായിക്കുവാനായി അന്തരാഷ്ട്ര സൈനിക സഹകരണത്തിന് ശ്രമമാരംഭിക്കുകയും ചെയ്തു.[3] മായിമാമയുടെ നയതന്ത്ര നീക്കങ്ങൾ ഫലം കണ്ടു. മംലൂക്ക് സുൽത്താനേറ്റ്, ഗുജറാത്ത് സുൽത്താനേറ്റ് എന്നീ പ്രമുഖ രാജ്യങ്ങൾ ചേർന്ന സൈനിക സഹകരണത്തിന് നാന്ദിയൊരുങ്ങി. ഭീമാകാരമായ 12 മംലൂക്ക് പടക്കപ്പലുകളുടെ അകമ്പടിയോടെ പോർച്ചുഗീസിനെതിരായ നീക്കങ്ങൾക്കായി 1508 -ൽ അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചു. [4]

ആയിരത്തി അഞ്ഞൂറോളം മാപ്പിള നാവിക പോരാളികൾ അടങ്ങിയ കോഴിക്കോടിൻറെ പട നൗകകളും, മംലൂക്ക് സുൽത്താനേറ്റ്, ഗുജറാത്ത് സുൽത്താനേറ്റ് എന്നീ രാജ്യങ്ങളുടെ സഖ്യസൈന്യവും ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് കേന്ദ്രമായ ചൗൾ ആക്രമിച്ചു. കഠോര യുദ്ധത്തിൽ സഖ്യസൈന്യം വിജയിച്ചെങ്കിലും മായിമാമ മരക്കാർ അടക്കമുള്ള നിരവധി പോരാളികളുടെ ജീവൻ അതിനായി ഹോമിക്കപ്പെട്ടു. [2]

  1. " Mayimama Marakkar, whom the Zamorin had sent as his ambassador to Egypt in 1504" The zamorins of Calicut: from the earliest times down to A.D. 1806 by K. V. Krishna Ayyar [1]
  2. 2.0 2.1 Rise of Portuguese Power in India, 1497-1550 R.S. Whiteway p. 93
  3. Malabar manual William Logan p.316
  4. Malabar manual William Logan p.316
"https://ml.wikipedia.org/w/index.php?title=മായിമാമ_മരക്കാർ&oldid=3237640" എന്ന താളിൽനിന്ന് ശേഖരിച്ചത്