കോഴിക്കോട് തിരുവണ്ണൂർ കോവിലകത്തെ ശ്രീ.പി.കെ.മാനവിക്രമൻ രാജായുടെയും പാലയ്ക്കൽ അമ്മുക്കുട്ടിയെന്ന സാവിത്രിയമ്മയുടെയും മൂത്ത പുത്രനായി 1926 മെയ് 31ന് ഉത്രാടം നക്ഷത്രത്തിൽ മാധവജി ഭൂജാതനായി. കല്ലായി ഗണപതി മിഡിൽ സ്ക്കൂളിലും തളി സാമൂതിരി ഹൈസ്ക്കൂളിലുമായി ഇന്റർമീ ഡിയറ്റുവരെ പഠനം പൂർത്തിയാക്കി പ്രശസ്തവിജയം വരിച്ചു. 1946ൽ മദ്രാസ് കൃസ്ത്യൻ കോളജിൽ നിന്ന് ബി.എസ് സി. പാസായി. 1942 ആഗസ്റ്റ് മാസത്തിൽ സംഘപ്രചാരകനായി കോഴിക്കോട്ടെത്തിയ ഡാത്തോ ഡെംഗ്ഡ്ജി യുമായി പരിചയത്തിലാവുകയും കേരളത്തിലെ ആദ്യത്തെ സംഘശാഖയിൽ സ്വയംസേവകനാവുകയും ചെയ്തു. ബി.എസ്.സി. പാസായ ഉടനെ സംഘപ്രവർത്തനത്തിന് ജീവിതം ഉഴിഞ്ഞുവെച്ചു കൊണ്ട് പ്രചാരകനായി.1948 ലെ സംഘനിരോധനത്തിനെതിരായി പ്രവർത്തിച്ച് ജയിൽ വാസമനുഷ്ഠിച്ചു. ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രചാരകനായി പ്രവർത്തിച്ചു പ്രചാരകനായിരിക്കുമ്പോൾ തന്നെ അതാതു പ്രദേശത്തെ സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചും അവിടങ്ങളിലെ പ്രമുഖ വ്യക്തികളെക്കുറിച്ചും പഠിക്കാൻ അവസരം ലഭിച്ചു. ആലപ്പുഴയിൽ പ്രചാരകനായിരിക്കുമ്പോൾ കമ്യൂണിസത്തെക്കുറിച്ചും ഹിന്ദുമഹാ മണ്ഡലരൂപീകരണകാലത്ത് കേരളത്തിലെ ഹിന്ദുക്കളുടെ സാമൂഹ്യപ്രശ്നത്തെക്കുറിച്ചും വിശദമായി പഠിച്ചു. 1982-ൽ കൊച്ചിയിൽ നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ സംഘാടകനായി പ്രവർത്തിച്ചു കൊണ്ട് തന്റെ സംഘടനാശേഷി പ്രകടിപ്പിച്ചു. 1962 കാലത്ത് ഉത്തരകേരളത്തിൽ പ്രചാരകനായിരി ക്കുമ്പോൾ ഉഗ്രസാധകനായ പള്ളത്ത് നാരായണൻ നമ്പൂതിരി അവർകളിൽ നിന്ന് ശ്രീവിദ്യാപരമായ മന്ത്രദീക്ഷ സ്വീകരിക്കുകയും തുടർച്ചയായി തന്ത്രവിദ്യയുടെ വിവിധവശങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു.

1975-ൽ ക്ഷേത്ര സംരക്ഷണസമിതിയുടെ പ്രവർത്തനത്തിൽ പ്രവേശിച്ചതോടെ തന്റെ തന്ത്രശാസ്ത്രപാണ്ഡിത്യം കേരളത്തിലെ ക്ഷേത്രസമുദ്ധരണവുമായി ബന്ധപ്പെടുത്തി ശാസ്ത്രീയമായി ചിന്തിക്കാനും പഠനം നടത്താനും തുടങ്ങി. തന്റെ സിദ്ധാന്തങ്ങൾ ക്ഷേത്രവിശ്വാസികളെ ബോധ്യപ്പെടുത്തു വാൻ നടത്തിയ പഠനശിബിരങ്ങളും ഭാരതത്തിലെങ്ങുമുള്ള മഹാപണ്ഡിതന്മാരുമായി നടത്തിയ ചർച്ചകളും അദ്ദേഹത്തെ ഏതദ്വിഷയത്തിൽ ആധികാരികവക്താവായി ഉയർത്തി.[1]

"https://ml.wikipedia.org/w/index.php?title=മാധവ്ജി&oldid=3552384" എന്ന താളിൽനിന്ന് ശേഖരിച്ചത്