മാധവി (മഹാഭാരതം)
യയാതിയുടെ പുത്രി മാധവിയുടെ കഥ മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിലാണ് (ശ്ലോകം 12, അധ്യായം 145) പ്രതിപാദിക്കപ്പെട്ടിട്ടുളളത്. അധികമൊന്നും അറിയപ്പെടാതിരുന്ന ഈ ഉപകഥ പൊതുജന ശ്രദ്ധ ആകർഷിച്ചതിനു കാരണം ഭീഷ്മ് സാഹ്നിയുടെ മാധവി എന്ന നാടകമാണ്.[1],[2]. മലയാളത്തിൽ ഒ.എൻ.വി കുറുപ്പിന്റെ സ്വയംവരം എന്ന കവിതയും മാധവിയുടെ ദുരവസ്ഥയെ ചിത്രീകരിക്കുന്നു [3]
കഥാസംഗ്രഹംതിരുത്തുക
ഋഷി വിശ്വാമിത്രന്റെ ശിഷ്യനായിരുന്നു ഗാലവൻ. ഗുരുകലാധ്യയനം കഴിഞ്ഞ് വിട പറയുമ്പോൾ ഗുരുദക്ഷിണ നല്കാൻ ഗാലവൻ തയ്യാറായി. ഒന്നും വേണ്ടെന്ന് വിശ്വാമിത്രൻ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞെങ്കിലും ഗാലവൻ പിടിവാദം പിടിച്ചു. നീരസം പൂണ്ട വിശ്വാമിത്രൻ ഉത്തരവിട്ടു - ലക്ഷണമൊത്ത വെളുത്ത എണ്ണൂറു കുതിരകൾ , ഓരോന്നിന്റേയും ഒരു ചെവി മാത്രം കറുത്തിരിക്കണം. ദിക്ഭ്രാന്തനായ ഗാലവൻ, ചക്രവർത്തി യയാതിയെ സമീപിച്ചു. തന്റെ കൈവശം അത്തരം കുതിരകളില്ലെന്നും, എന്നാൽ തന്റെ പുത്രി മാധവിക്ക് ഗാലവന്റെ ആവശ്യം നിറവേറ്റിത്തരാനാകുമെന്നും പറഞ്ഞ് യയാതി മകളെ ഗാലവന് ദാനമായി നല്കി. അതി സുന്ദരിയായിരുന്ന മാധവിയെ അയോധ്യയിലെ രാജാവ് ഹരിയാസനന് ഒരു വർഷത്തേക്ക് വിവാഹം കഴിച്ചു കൊടുത്ത് ഗാലവൻ ഒരു ചെവി കറുത്ത ഇരുനൂറു വെളളക്കുതിരകളെ സമ്പാദിക്കുന്നു. രാജാവിന് മാധവിയിൽ വസുമൻ എന്ന പുത്രൻ ജനിക്കുന്നു. ഒരു വർഷത്തെ കാലാവധി കഴിഞ്ഞപ്പോൾ ഗാലവൻ മാധവിയെ ഇനിയുമൊരു വർഷത്തേക്ക് കാശിരാജാവ് ദിവോദാസനു കൈമാറുന്നു. ദിവോദാസനും ലക്ഷണമൊത്ത ഇരുനൂറു കുതിരകളെ പകരം നല്കുന്നു. മൂന്നാമത്തെ വർഷം ഉസിനാര ചക്രവത്തിയുടെ കൊട്ടാരത്തിലാണ് മാധവിക്ക് കഴിയേണ്ടി വന്നത്. മൂന്നു കൊല്ലങ്ങൾ കഴിഞ്ഞിട്ടും അറുനൂറു കുതിരകളെ മാത്രം സമ്പാദിക്കാനായ ഗാലവൻ നിരാശനായി വിശ്വാമിത്രനെ സമീപിക്കയും അറുനൂറു കുതിരകളോടൊപ്പം മാധവിയേയും ഋഷിക്കു കാഴ്ച വെക്കുകയും ചെയ്യുന്നു. മാധവിയിൽ ഋഷിക്കു പിറക്കുന്ന പുത്രനാണ് അഷ്ടകൻ. വിശ്വാമിത്രൻ ഗാലവനെ ഋണമുക്തനാക്കുന്നു. തന്റെ ആവശ്യം തീർന്നപ്പോൾ ഗാലവൻ മാധവിയെ തിരിച്ച് യയാതിയെ ഏല്പിക്കുന്നു. യയാതി മകളുടെ സ്വയം വരം ഏർപ്പാടു ചെയ്യാൻ ഒരുങ്ങിയെങ്കിലും, അവൾ വനവാസമാണ് കാംക്ഷിച്ചത്. ആജീവനാന്തം താൻ നേടിയെടുത്ത പുണ്യം പിതാവിനു ചാർത്തിക്കൊടുക്കാൻ മാധവി തയ്യാറായാതായും കഥയിൽ പറയുന്നു.
പ്രാധാന്യംതിരുത്തുക
ചൂഷണത്തിനു വിധേയമാകുന്ന സ്ത്രീവർഗ്ഗത്തിന്റെ പ്രതീകമായാണ് മാധവി പൊതുവേ ചർച്ച ചെയ്യപ്പെട്ടിട്ടുളളത്.
അവലംബങ്ങൾതിരുത്തുക
- ↑ Bhishm Sahni (2005). Madhavi. Rajkamal Prakashan. ISBN 8171784585.
- ↑ Vettam Mani (2010). Puranic Encyclopedia (2 പതിപ്പ്.). Motilal Banarsidass. ISBN 8120805976.
- ↑ O.N.V.Kurup (2008). swayamvaram. DC Books. ISBN 9788126407910.