തമിഴ്നാട്ടിലെ നാമക്കലിനടുത്തുള്ള തിരുച്ചെങ്കോട് അർധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പെരുമാൾ മുരുകൻ എഴുതിയ നോവലാണ് 'മാതൊരുഭാഗൻ'. ജാതി സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് നോവൽ വിപണിയിൽ നിന്ന് പിൻ വലിക്കുകയും മുരുകൻ എഴുത്ത് നിർത്തുന്നതായി ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു. [1]

മാതൊരുഭാഗൻ
മാതൊരുഭഗൻ
മാതൊരുഭാഗൻ കവർ
ഭാഷതമിഴ്
പ്രസാധകർകാലച്ചുവട്

പ്രമേയം

തിരുത്തുക

നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകൾ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയിൽ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങൾ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക. [2] മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭർത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവിൽ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തിൽ പങ്കെടുക്കാൻ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.

വിവാദങ്ങൾ

തിരുത്തുക

2010-ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവൽ പ്രസിദ്ധീകരിച്ചത്. 2014 ഡിസംബറിൽ ഇതിന്റെ ആംഗലേയ പരിഭാഷ പെൻഗ്വിൻ ബുക്ക്സ് വൺ പാർട്ട് വുമൺ എന്ന പേരിൽ പുറത്തിറക്കി. ഇതിനെ തുടർന്ന് നാമക്കൽ ജില്ലയിൽ ഹിന്ദുസംഘടനകൾ ഈ പുസ്തകത്തിനെതിരേ രംഗത്തിറങ്ങി.[3] പിന്നീട് തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. പുസ്തകത്തിന്റെ പ്രതികൾ കത്തിക്കുകയും ഭീഷണിയെത്തുടർന്ന്, പെരുമാൾ മുരുകന് കുടുംബസമേതം നാടുവിടേണ്ടിയും വന്നു. നാമക്കൽ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന ഒത്തുതീർപ്പ് യോഗത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാൾ മുരുകനും തമ്മിൽ ഒത്തുതീർപ്പിലെത്തി. നോവലിലെ വിവാദഭാഗങ്ങൾ നീക്കം ചെയ്യാമെന്നും വിപണിയിൽ ബാക്കിയുള്ള കോപ്പികൾ പിൻവലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകൻ സമ്മതിച്ചതിനെത്തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധം പിൻവലിക്കാൻ തയ്യാറായി. ഇതിനു പിന്നാലെ താൻ എഴുത്തു നിർത്തുകയാണെന്ന് മുരുകൻ പ്രഖ്യാപിച്ചു.

വിവർത്തനം

തിരുത്തുക

2013-ൽ പെൻഗ്വിൻ 'വൺ പാർട്ട് വുമൺ' എന്ന പേരിൽ ഇതിന്റെ ഇംഗ്ലൂഷ് പരിഭാഷ പുറത്തിറക്കി.

അവലംബങ്ങൾ

തിരുത്തുക
  1. "ഹിന്ദുത്വ ഭീഷണി: തമിഴ് സാഹിത്യകാരൻ െപരുമാൾ മുരുകൻ എഴുത്ത് നിർത്തുന്നു". www.mathrubhumi.com. Archived from the original on 2015-01-15. Retrieved 14 ജനുവരി 2015.
  2. "Perumal Murugan gives up writing". www.thehindu.com. Retrieved 14 ജനുവരി 2015.
  3. മുരളി പാറപ്പുറം. "ആർഎസ്എസിനെതിരെ പെരുമാൾ മുരുകനെ മറയാക്കുന്നവർ വസ്തുതകൾ അവഗണിക്കുന്നു". ജന്മഭൂമി ദിനപത്രം. Archived from the original on 2015-02-06. Retrieved 6 ഫെബ്രുവരി 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാതൊരുഭാഗൻ&oldid=3640816" എന്ന താളിൽനിന്ന് ശേഖരിച്ചത്