ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനായ ജർമൻ ഭൗതികശാസ്ത്രജ്ഞനാണ്‌ മാക്സ് പ്ലാങ്ക്(ഏപ്രിൽ 23, 1858 – ഒക്ടോബർ 4, 1947). പ്രകാശം അനുസ്യൂതതരംഗപ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും ആദ്യം പറഞ്ഞത് അദ്ദേഹമാണ്‌. 1918-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ്‌ പ്ലാങ്ക്. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ അദ്ദേഹം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്, എന്നാൽ ഭൗതികശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രശസ്തി പ്രധാനമായും നിലകൊള്ളുന്നത് ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ്. 42 വയസ്സുള്ളപ്പോളാണ് നിലവിലുണ്ടായിരുന്ന ശാസ്ത്രവിജ്ഞാനത്തെ മുഴുവൻ പിടിച്ചുകുലുക്കിയതും, ഭാവിയിൽ ഏതാണ്ട് എല്ലാ വിജ്ഞാനമേഖലകളിലേക്കും വ്യാപിച്ച് പ്രകാശം വിതറാൻ പോരുന്ന സിദ്ധാന്തങ്ങളിലേക്കു വഴി തെളിച്ചതുമായ, തന്റെ ഊർജസിദ്ധാന്തം അവതരിപ്പിച്ചത്. ഈ സിദ്ധാന്തമാണ് 18 വർഷം കഴിഞ്ഞ്, 1918ൽ അദ്ദേഹത്തിനെ ഭൗതികത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനാക്കിയത്.

മാക്സ് പ്ലാങ്ക്
ജനനം(1858-04-23)ഏപ്രിൽ 23, 1858
മരണംഒക്ടോബർ 4, 1947(1947-10-04) (പ്രായം 89)
ദേശീയത ജർമൻ
അറിയപ്പെടുന്നത്പ്ലാങ്കിന്റെ സ്ഥിരാങ്കം
ക്വാണ്ടം ഭൗതികം
ഇരുണ്ട വസ്തുക്കളിൽ നിന്നുള്ള വികിരണത്തിന്റെ വിശദീകരണം
പുരസ്കാരങ്ങൾനോബൽ സമ്മാനം(ഭൗതികശാസ്ത്രം)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഊർജ്ജതന്ത്രജ്ഞൻ

മാക്സ് പ്ലാങ്ക് പാരമ്പര്യപരമായി ബൌദ്ധികമായ കഴിവുകൾ ഉള്ള കുടുംബത്തിൽ നിന്നുള്ള ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ചനും മുതു-മുത്തച്ചനും ഗോട്ടിങ്ങാൻ സർവകലാശാലയിലെ അധ്യാപകർ ആയിരുന്നു.അദ്ദേഹത്തിന്റെ പിതാവും കീൽ & മ്യുനിച് സർവകലാശാലയിലെ നിയമ അധ്യാപകൻ ആയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അമ്മാവൻ ഒരു ജഡ്ജി ആയിരുന്നു.

പ്ലാങ്ക് ജനിച്ചത് ജർമ്മനിയിലെ കീൽ എന്ന സ്ഥലത്ത് ആണ്. ജോഹൻ ജൂലിയസ് വിൽഹെം ഉം അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ എമ്മാ പാറ്റ്സിഗ് ഉം ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. അദ്ദേഹത്തിനെ മാമോദീസാ മുക്കിയപ്പോൾ നൽകിയ പേര് കാൾ എറണ്സ്റ്റ്‌ ലുട്വിഗ് മാക്സ് പ്ലാങ്ക്(Karl Ernst Ludwig Marx Planck) എന്നാണ്.അദ്ദേഹം അറിയപ്പെട്ടിരുന്നത് മാക്സ് എന്ന നാമധേയത്തിൽ ആയിരുന്നു.

മാക്സ് ആ കുടുംബത്തിലെ ആറാമത്തെ കുട്ടിയായിരുന്നു. അതിൽ രണ്ടു സഹോദരങ്ങൾ അദ്ദേഹത്തിനെ പിതാവിന്റെ ആദ്യ ഭാര്യയിൽ ഉള്ളവർ ആയിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അദ്ദേഹം 1864 ലെ ഡാനിഷ്-പ്രേഷിയൻ യുദ്ധത്തിനു സാക്ഷ്യം വഹിച്ചു. 1867 ൽ പ്ലാങ്കിന്റെ കുടുംബം ജർമ്മനിയിലെ തന്നെ മ്യുണിച് എന്ന സ്ഥലത്തേക്ക് താമസം മാറി, അവിടെ പ്ലാങ്ക് ഒരു കായിക വിദ്യാലയത്തിൽ ചേർന്നു. അവിടെ അദ്ദേഹം ഹെർമൻ മുള്ളർ എന്ന ഗണിത ആദ്യപകന്റെ കീഴിൽ വാനശാസ്ത്രവും കണക്കും പഠിച്ചു. മുള്ളർ ആണ് പ്ലാങ്കിനെ ഊർജ സംരക്ഷണം എന്നാ ഭൗതിക ശാസ്ത്ര തത്ത്വം പഠിപ്പിച്ചത്. പ്ലാങ്ക് അദ്ദേഹത്തിന്റെ 17ആം വയസിൽ ബിരുദം നേടി. അങ്ങനെ അദ്ദേഹത്തിനു ഭൗതിക ശാസ്ത്ര രംഗത്തേക്ക് വളരെ വേഗം കടന്നുവരാനായി.

പ്ലാങ്ക് ഒരു സംഗീത വിദഗ്‌ദൻ കൂടിയായിരുന്നു, അദ്ദേഹം സംഗീത ക്ലാസുകൾക്ക്‌ സ്ഥിരമായി പോയിരുന്നു.കൂടാതെ പിയാനോ സെല്ലോ എന്നിവ ഉപയോഗിച്ച് മനോഹരമായ ഗാനങ്ങൾ പ്ലാങ്ക് നിർമിച്ചിരുന്നു.

മ്യുനിച്ചിലെ ഫിസിക്സ്‌ പ്രോഫെസ്സർ ആയ ഫിലിപ്പ് വോൺ ജോളി അദ്ദേഹത്തെ ഭൗതിക ശാസ്ത്ര മേഖലയിൽ വരുന്നതിനെതിരെ ഒരിക്കൽ ഉപദേശിച്ചു "എല്ലാ കണ്ടുപിടിത്തങ്ങളും നടന്നുകഴിഞ്ഞ ഒരു മേഖലയിൽ ശേഷിക്കുന്നത് അടക്കാനുള്ള ചില ദ്വാരങ്ങൾ മാത്രമാണ്." അതിനു മറുപടിയായി മാക്സ് പറഞ്ഞു "ഞാൻ പുതിയവ ഒന്നും കണ്ടെത്താൻ ആഗ്രഹിക്കുന്നില്ല പക്ഷേ ഭൗതിക ശാസ്ത്രത്തിന്റെ പ്രാഥമിക കാര്യങ്ങൾ മനസ്സിലാക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അങ്ങനെ മാക്സ് 1874 ഇൽ തുടർ പഠനങ്ങൾക്കായി മ്യുണിച് സർവകലാശാലയിൽ ചേർന്നു. അദ്ധ്യാപകൻ ആയ ജോളിയുടെ കീഴിൽ അദ്ദേഹം തന്റെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ചു. ആദ്യകാലത്ത്‌ പ്ലാങ്കിന്റെ ശ്രദ്ധ ഹൈഡ്രജൻ ചൂടാക്കിയ പ്ലാറ്റിനം ലോഹത്തിലൂടെ കടത്തിവിടുന്നതിൽ ആയിരുന്നു.പിന്നീട് പ്ലാങ്ക് പ്രായോഗിക ഭൗതികശാസ്ത്രത്തിലേക്ക്‌ തിരിഞ്ഞു.

1877 ൽ പ്ലാങ്ക് ജെർമനിയിലെ ബെർലിനിൽ ഭൗതിക ശാസ്ത്രജ്ഞന്മാരായ ഹെർമാൻ വോൺ ഹെൽമ്ഹോല്റ്റ്‌, ഗുസ്താവ് കിർചോഫ്ഫ്‌ ഗണിതശാസ്ത്രഞ്ജനായ കാൾ വെയിർസ്ട്രാസ് എന്നിവരുടെ കൂടെ ഒരു വർഷത്തെ പഠനത്തിനു ചേർന്നു.അദ്ദേഹത്തിന് ഹേംഹോൾഡ്നെ പറ്റിയുള്ള അഭിപ്രായം ഇപ്രകാരം ആയിരുന്നു "ഹേംഹോൾഡ് ഒരിക്കലും തയ്യാറാവാതെ ക്ലാസുകൾ എടുക്കുന്നവനും, കൂടെ കൂടെ കണക്കിൽ തെറ്റുകൾ വരുത്തുന്നവനും, ശ്രോതാക്കളെ അലോസരപ്പെടുത്തുന്നവനും ആണ്" പക്ഷേ കിർചോഫ്ഫ്‌ വളരെ തയ്യാറായ ശേഷം മാത്രം ക്ലാസുകൾ എടുക്കുന്ന ആൾ ആയിരുന്നു. വളരെ പെട്ടെന്നു തന്നെ അദ്ദേഹവും ഹേംഹോൾഡ്ഉം അടുത്ത സുഹൃത്തുക്കൾ ആയി മാറി. പ്ലാങ്ക് അവിടെ വച്ച് ക്ലോസിയാസ് എന്ന ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വയം പഠിക്കുവാൻ തുടങ്ങി. അത് പ്ലാങ്കിനെ താപ വികിരണങ്ങൾ തന്റെ ഗവേഷണ വിഷയമായി തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചു.


"https://ml.wikipedia.org/w/index.php?title=മാക്സ്_പ്ലാങ്ക്&oldid=3792883" എന്ന താളിൽനിന്ന് ശേഖരിച്ചത്