മഴമൂളി
മുളയുടെ കുറ്റി ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു സംഗീത ഉപകരണം എന്ന് മഴമൂളിയെ വിശേഷിപ്പിക്കാം.[1] [2]ശരാശരി മൂന്ന് ഇഞ്ചോളം വ്യാസവും മൂന്ന് അടിയോളം നീളവുമുള്ള മുളയുടെ കുറ്റിക്കകത്ത് തലങ്ങും വിലങ്ങും മുളയുടെ തന്നെ കഷണങ്ങൾ അടിച്ചുറപ്പിക്കുന്നു. അതിനുശേഷം മുളങ്കുറ്റിക്കകത്ത് 75 ശതമാനത്തോളം ഭാഗം നിറയെ, ഉണങ്ങിയ കുരുക്കൾ, ഉണങ്ങിയ കായകൾ, മുത്തുകൾ, മുതലായവ നിറച്ചാണ് മഴമൂളി ഉണ്ടാക്കുന്നത്. മഴമൂളിയുടെ ഒരറ്റം ഉയർത്തിയാൽ അകത്ത് നിറച്ചിട്ടുള്ള വസ്തുക്കൾ എല്ലാം അകത്ത് തലങ്ങും വിലങ്ങും ഉറപ്പിച്ചിട്ടുള്ള മുളക്കഷണങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കി മറ്റേ അറ്റത്തേക്ക് പ്രവഹിക്കുന്നു. അപ്പോഴുണ്ടാകുന്ന ശബ്ദം ഒരു മഴ പോലെയോ, ഒരു കാട്ടാരുവി പോലെയോ ഉള്ള തോന്നലുണ്ടാക്കുന്നു. കണ്ണടച്ച് പിടിച്ച് കേട്ടാൽ മനോഹരമായ അനുഭവമാണത്. കേരളത്തിൽ വയനാട്ടിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്.