മലയാള മഹാനിഘണ്ടു

കേരള സർവകലാശാലയുടെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന മലയാളം മലയാളം ഇംഗ്ലീഷ് നിഘണ്ടുവാണ് മല
(മലയാളം ലക്സിക്കൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർവകലാശാലയുടെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന മലയാളം മലയാളം ഇംഗ്ലീഷ് നിഘണ്ടുവാണ് മലയാള മഹാനിഘണ്ടു. മലയാളം ലക്സിക്കൺ എന്നും പേരുണ്ട്. ആഗമികവും ഭാഷാശാസ്ത്രപരവുമായ തത്ത്വങ്ങളെ ആധാരമാക്കിയാണ് ഈ നിഘണ്ടു നിർമ്മിച്ചിട്ടുള്ളത്. ഡോ. ശൂരനാട് കുഞ്ഞൻപിള്ളയായിരുന്നു സ്ഥാപക എഡിറ്റർ. കേരളസർവകലാശാലയുടെ പ്രസിദ്ധീകരണവിഭാഗമാണ് ഈ നിഘണ്ടുവിന്റെ പ്രസാധനവും വിതരണവും നിർവ്വഹിച്ചുപോരുന്നത്.

മലയാള മഹാനിഘണ്ടു
മലയാളമഹാനിഘണ്ടു
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംനിഘണ്ടു
സാഹിത്യവിഭാഗംനിഘണ്ടു
പ്രസാധകർകേരള സർവകലാശാല
ഏടുകൾവോള്യം1 - 1188 pages + cover

സവിശേഷത

തിരുത്തുക

ഇന്ത്യൻ ഭാഷകളിൽ നടക്കുന്ന നിഘണ്ടുനിർമ്മാണസംരംഭങ്ങളിൽ ഏറ്റവും ബൃഹത്തും ഗഹനവുമായ ഒന്നാണ് മലയാള മഹാനിഘണ്ടു. ആഗമികവും ഭാഷാശാസ്ത്രപരവുമായ തത്ത്വങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഈ നിഘണ്ടു ഗുണ്ടർട്ടിന്റെ നിഘണ്ടുവിനും ശ്രീകണ്ഠേശ്വരത്തിൻറെ ശബ്ദതാരാവലിക്കും ശേഷം ഭാഷാസാമഗ്രികൾ ആഴത്തിൽ വിശകലനം ചെയ്ത് അർത്ഥവിവരണം നടത്തുന്ന സമ്പൂർണ്ണ നിഘണ്ടുവാണ്. പദങ്ങളെ രൂപപരമായും അർത്ഥപരമായും വിശകലനം ചെയ്യുക, പദത്തിന് ലിപ്യന്തരണം നല്കുക, അതിന്റെ വ്യുല്പത്തി രേഖപ്പെടുത്തുക, ബന്ധപ്പെട്ട ശൈലികൾ പ്രയോഗങ്ങൾ പഴ‍ഞ്ചൊല്ലുകൾ എന്നിവ നല്കുക, ദ്രാവിഡപദങ്ങൾക്ക് സഗോത്രഭാഷയിലെ സമാനരൂപം കൊടുക്കുക, പരകീയപദങ്ങൾക്ക് വ്യുല്പത്തിയും മൂലരൂപവും നിർണ്ണയിക്കുക, വ്യുല്പത്തി വ്യത്യസ്തമായ സമാനരൂപങ്ങളെ കണ്ടെത്തി തരംതിരിച്ചു കാണിക്കുക, സമസ്തപദങ്ങളുടെ ഘടകങ്ങൾ വേർതിരിച്ചു കാണിക്കുക, രൂപഭേദങ്ങളും ലിപിഭേദങ്ങളും ചൂണ്ടിക്കാണിക്കുക, ക്രിയകൾ വർഗ്ഗീകരിച്ച് രൂപാവലി നിർണ്ണയിക്കുക, ക്രിയകളുടെ കാലരൂപങ്ങളും നാമങ്ങളുടെ ലിംഗരൂപങ്ങളും കൊടുക്കുക, സസ്യങ്ങളുടെയും ജന്തുക്കളുടെയും ശാസ്ത്രീയനാമമുൾപ്പെടെയുള്ള വിവരങ്ങൾ നല്കുുക, പ്രചാരലുപ്തപദങ്ങളും അർത്ഥങ്ങളും സൂക്ഷ്മതയോടെ കണ്ടെത്തിക്കൊടുക്കുക, പുരാണേതിഹാസങ്ങൾ പാരമ്പര്യശാസ്ത്രങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പ്രത്യേകവിവരണം നല്കുക, പദങ്ങളുടെ വ്യത്യസ്ത അർത്ഥങ്ങൾ ഇഴപിരിച്ച് ഉദാഹരണസഹിതം മലയാളത്തിലും ഇംഗ്ലീഷിലും അർത്ഥവിവരണം നടത്തുക, മലയാളഭാഷയുടെ സമഗ്രമായ വ്യാകരണവിശകലനം നിർവ്വഹിക്കുക ഇങ്ങനെ നിരവധി സവിശേഷതകൾ മലയാള മഹാനിഘണ്ടുവിന് അവകാശപ്പെടാം.

ചരിത്രം

തിരുത്തുക

1953 ജൂലൈ 1 ന് ആരംഭിച്ച ഈ ബൃഹദ് പദ്ധതിക്ക് ഇതു വരെ അഞ്ചു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. പന്ത്രണ്ട് വാല്യങ്ങളുൾപ്പെടുന്ന പദ്ധതിയുടെ ആദ്യത്തെ ഒൻപത് വാല്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1965 ൽ ആദ്യ വാല്യം പുറത്തിറങ്ങി. അകാരത്തിൽ തുടങ്ങുന്ന പദങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയത്. ആ മുതൽ ഔ വരെയുള്ള പദങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് രണ്ടാം വാല്യം 1970 ലും ക മുതൽ കീ വരെയുള്ള പദങ്ങൾ ഉൾപ്പെടുത്തി മൂന്നാം വാല്യം 1976 ലും പുറത്തിറക്കി. തുടർവാല്യങ്ങൾ 1984(കു മുതൽ ഗ്ലൗ വരെ), 1985(ഘ മുതൽ ണ്യ വരെ), 1988(ത മുതൽ ദീ വരെ), 1997(ദു മുതൽ ന്റെ വരെ), 2009(പ മുതൽ പീ വരെ), 2017(പു മുതൽ പ്ര വരെ)എന്നീ വർഷങ്ങളിലും പ്രസിദ്ധീകരിച്ചു. കെ.വി. നമ്പൂതിരിപ്പാടായിരുന്നു രണ്ടാമത്തെ എഡിറ്റർ. ഡോ. ബി.സി. ബാലകൃഷ്ണന്റെ കാലത്ത് മൂന്നുവാല്യങ്ങൾ പുറത്തിറങ്ങി. ഇക്കാലത്ത് മൂന്നു കോടിയിലധികം പദങ്ങളുൾപ്പെടുന്ന കാർഡുകൾ തയ്യാറാക്കുകയുണ്ടായി. തുടർന്ന് ഡോ പി സോമശേഖരൻ നായരും ഡോ പി വേണുഗോപാലനും ഡോ സി ജി രാജേന്ദ്രബാബുവും എഡിറ്ററായി ഓരോ വാല്യങ്ങൾ പ്രസിദ്ധപ്പെടുത്തി.

ഒന്നാം വാല്യം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ എഡിൻബറോ സർവകലാശാലയിലെ ഭാഷാ ശാസ്ത്ര വകുപ്പിന്റെ അധ്യക്ഷനായ ഡോ. ആർ.ഇ. ആഷർ മഹാനിഘണ്ടു കാര്യാലയം സന്ദർശിച്ച്‌ മലയാള മഹാനിഘണ്ടുവിന്റെ പദശേഖരവും ഒന്നാം വാല്യവും പരിശോധിച്ചു. ആ പ്രവർത്തനത്തെ പ്രശംസിച്ച്‌ അദ്ദേഹമെഴുതിയ ലേഖനം രണ്ടാം വാല്യത്തിന്റെ ആമുഖമായി ചേർത്തിട്ടുണ്ട്‌.[1] ജപ്പാൻ, യു.കെ.,ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നു പോലും പണ്ഡിതർ ശാസ്ത്രീയമായി തയ്യാറാക്കിയിരുന്ന ഈ നിഘണ്ടുവിന്റെ പ്രവർത്തന രീതി മനസ്സിലാക്കാൻ എത്തിയിരുന്നു. [2]

2017 ൽ പ്രസിദ്ധീകരിച്ച 9-ാം വാല്യം, മഹാനിഘണ്ടു, തെറ്റുകളുടെ ആധിക്യത്താൽ വിവാദമായി. വലിയ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് ഒമ്പതാം വോള്യത്തിന്റെ വിൽപ്പന നിർത്താനും വിറ്റഴിഞ്ഞ ഏതാനും കോപ്പികൾ പിൻവലിക്കാനും സർവകലാശാലാ അധികാരികൾ തീരുമാനിച്ചു.[3][4]

  1. മലയാള മഹാനിഘണ്ടു(വാല്യം രണ്ട്)പു. xvii
  2. http://english.manoramaonline.com/news/kerala/keralapiravi-60-years-malayalam-dictionary-project.html
  3. http://www.deshabhimani.com/news/kerala/news-kerala-24-04-2017/639437
  4. http://news.keralakaumudi.com/beta/news.php?NewsId=TlRWTTA0NDc5Mzg=&xP=RExZ&xDT=MjAxNy0wNC0yMSAwMDoyMDowMA==&xD=MQ==&cID=Ng==
"https://ml.wikipedia.org/w/index.php?title=മലയാള_മഹാനിഘണ്ടു&oldid=2648199" എന്ന താളിൽനിന്ന് ശേഖരിച്ചത്