ഇന്ത്യയിലെ ഫ്രഞ്ചധീനപ്രദേശങ്ങളുടെ വിമോചനത്തിനായി നടന്ന സമരങ്ങളുടെ ഭാഗമായി മയ്യഴിയിൽ നടന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളാണ് മയ്യഴി വിമോചനസമരം എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിന് നേതൃത്വം നല്കിയ ഐ. കെ. കുമാരൻ മയ്യഴി ഗാന്ധിയെന്ന് അറിയപ്പെടുന്നു. 1954 ജൂൺ 16നാണ് മയ്യഴി ഫ്രഞ്ച് ആധിപത്യത്തിൽ നിന്നും വിമോചിതമായത്.

കോളനിഭരണത്തിന്റെ തുടക്കവും വളർച്ചയും തിരുത്തുക

1721 ഏപ്രിൽ 2ന് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാകമ്പനി പ്രതിനിധി ആന്ദ്രേ മൊല്ലന്തെൻ വടകര വാഴുന്നവരുമായി കുരുമുളക് കച്ചവടത്തിനും മയ്യഴിയിൽ പാണ്ടികശാല പണിയുവാനുള്ള അനുവാദത്തിനുമായി കരാർ ഒപ്പിടുന്നതോടെയാണ് മയ്യഴിയിലെ ഫ്രഞ്ച് കൊളോണിയൽ വാഴ്ചയുടെ ചരിത്രം ആരംഭിക്കുന്നത്. തൊട്ടടുത്ത തലശ്ശേരിയിൽ പാണ്ടികശാല പണിത് കച്ചവടം നടത്തുന്ന ബ്രിട്ടീഷുകാർ മയ്യഴിയുടെ നിയന്ത്രണംകൂടി കൈവശപ്പെടുത്തുവാനുള്ള ശ്രമം ഇതോടെ ആരംഭിക്കുന്നു. കുറുങ്ങോട്ട് നായർ, തണ്ടരപ്പള്ളി കുറുപ്പ് എന്നീ നാടുവാഴികൾ മയ്യഴിയുടെ മേലുള്ള അവകാശത്തിന്റെ പേരിൽ കലഹിച്ചിരുന്നു. അതിനാൽ വടകര വാഴുന്നവരുമായി ഉണ്ടാക്കിയ കരാർ ഒരു തർക്കവിഷയമായിരുന്നു. ഈ തർക്കത്തിൽ ബ്രിട്ടീഷുകാർ പക്ഷം പിടിക്കുകയും ഫ്രഞ്ചുകാരുമായുള്ള യുദ്ധങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. ഫ്രഞ്ച് അധീന ദേശങ്ങളുടെ വ്യാപ്തി ഈ യുദ്ധങ്ങൾ കാരണം നിരന്തരം മാറിക്കൊണ്ടിരുന്നു. തർക്കങ്ങളും യുദ്ധവും അവസാനിക്കുന്നത് സാമൂതിരിയുടെ മദ്ധ്യസ്ഥതയിൽ ബ്രിട്ടീഷുകാർ, ഫ്രഞ്ചുകാർ, വടകര വാഴുന്നവർ എന്നിവർ ഒപ്പിട്ട ഒത്തുതീർപ്പ് കരാറിലൂടെയായിരുന്നു.

1739ൽ ഫ്രഞ്ചുകാർ ചെറുകല്ലായി കുന്നിനുമേൽ സെന്റ് ജോർജ്ജ് കോട്ട പണിതു. അതോടൊപ്പം ഒരു പാണ്ടികശാലയും. അതോടെ ഭരണനിർവ്വഹണത്തിനുള്ള സംവിധാനങ്ങൾ ഓരോന്നായി ആരംഭിക്കുയും ചെയ്തു. വടക്കൻ കേരളത്തിൽ പ്രവർത്തിക്കുന്ന മിഷിനറിമാരുടെ സഹായത്തോടെ പള്ളിയും വിദ്യാലയവും മയ്യഴിയിൽ ആരംഭിച്ചു. ഒരു ആശുപത്രിയും അവർ മയ്യഴിയിൽ സ്ഥാപിച്ചു. മയ്യഴിയിലെ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ജീവനക്കാർ ഫ്രഞ്ച് ഭരണസംവിധാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ അവർ പോണ്ടിച്ചേരി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഫ്രഞ്ച്ഭരണസംവിധാനത്തിന് കീഴിലായിരുന്നു. കമ്പനിയും ഭരണസംവിധാനവും തമ്മിൽ വ്യത്യാസമില്ലായിരുന്നു.

കോളനിവിരുദ്ധ പ്രസ്ഥാനത്തിന്റെ തുടക്കം തിരുത്തുക

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കൊളോണിയൽ വിരുദ്ധസമരം ദേശവ്യാപകമാകുന്നതിന്റെ ഭാഗമായി മയ്യഴിയിലും അതിന്റെ അനുരണനങ്ങളുണ്ടായി. മയ്യഴിയിലെയും പരിസരത്തെയും അഭ്യസ്തവിദ്യരായ യുവാക്കൾ കേരളത്തിൽ നടന്ന ദേശീയവിമോചനസമരത്തിൽ പങ്കാളികളായിരുന്നു. ഇക്കാലത്താണ് മഹാത്മാഗാന്ധി ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപിക്കുവാൻ കേരളസന്ദർശനം നടത്തുന്നത്. 1934 ജനവരി 13ന് ഗാന്ധിജി മയ്യഴി സന്ദർശിച്ചു. മയ്യഴിയിലെ പുത്തലം കാവിൽ ഗാന്ധിജിക്ക് പൌരസ്വീകരണം സംഘടിപ്പിക്കപ്പെട്ടു. സ്വീകരണത്തി്ൽ സംസാരിക്കവേ ഗാന്ധിജി ഇങ്ങനെ പറഞ്ഞു : ബ്രിട്ടീഷ് ഇന്ത്യയെന്നും ഫ്രഞ്ച് ഇന്ത്യയെന്നും പോർച്ചുഗീസ് ഇന്ത്യയെന്നും മറ്റുമുള്ള വകതിരിവ് എനിക്കില്ല. ഇതെല്ലാം ഒരു രാജ്യമാണ്. നിങ്ങളുടെ സിരകളിൽ ഒഴുകുന്ന ചോര തന്നെയാണ് എന്റെയും സിരകളിലുള്ളത്. കാലാവസ്ഥയും ആചാരങ്ങളും വ്യത്യസ്തമായിരിക്കാം. പോലീസിന്റെ തൊപ്പിയുടെ നിറവും സ്കൂളുകളിൽ പഠിപ്പിക്കുന്ന ഭാഷയും മാറിയിരിക്കാം. എന്നാൽ നിങ്ങളും ബ്രിട്ടീഷ് ഇന്ത്യയിലെ ജനങ്ങളും തമ്മിൽ വ്യത്യാസമില്ല.

മഹാത്മാഗാന്ധിയുടെ സന്ദർശനം അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ ആവേശം നല്കി. യൂത്ത് ലീഗ് എന്ന പേരിൽ ഒരു സംഘടന 1934ൽ തന്നെ രൂപീകരിക്കപ്പെട്ടു. സാമൂഹികസേവനമായിരുന്നു സംഘടനയുടെ ലക്ഷ്യം. പക്ഷെ അത് ദേശീയവാദികളായ യുവാക്കളുടെ ഒരു വേദിയായയിരുന്നു. ഐ. കെ. കുമാരൻ, മുച്ചിക്കൽ പത്മനാഭൻ, വാഴയിൽ ഗോപി, മാതൃഭൂമി കുഞ്ഞിരാമൻനായർ, അടിയേരി കണാരൻ, കളത്തിൽ കൃഷ്ണൻ, ഈരായി ശ്രീധരൻ, അക്ലാരി നാരായണൻ, ആണിയിൽ ഗോപാലൻ, പാലത്തായി സുകുമാരൻ, ഇ.സി.ഭരതൻ എന്നിവരായിരുന്നു യൂത്ത് ലീഗിന്റെ മുന്നണി പ്രവർത്തകർ. ഈ സംഘടനയ്ക്ക് അംഗീകാരം നല്കാൻ ഫ്രഞ്ച് ഭരണാധികാരികൾ വിസമ്മതിച്ചു. രാഷ്ട്രീയേതരമായ പ്രവർത്തനമാണ് സംഘടനയുടേത് എങ്കിലും അതിന്റെ പ്രവർത്തകർ കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരായിരുന്നു എന്നതുതന്നൈയാണ് അംഗീകാരം നല്കാതിരിക്കാൻ കാരണം. മയ്യഴിയിൽ രൂപപ്പെട്ടുവരുന്ന സാമ്രാജ്യത്വവിരുദ്ധ മനോഭാവവത്തെ പ്രകടമായ രൂപത്തിലെത്തിച്ച രണ്ട് സംഭഭവങ്ങളാണ് ഗാന്ധിജിയുടെ സന്ദർശനവും യൂത്ത് ലീഗിന്റെ രൂപീകരണവും.

മഹാജനസഭ തിരുത്തുക

48 ലെ ഒക്ടോബർ കലാപം തിരുത്തുക

മയ്യഴിയുടെ സ്വാതന്ത്ര്യപ്രാപ്തി തിരുത്തുക

അവലംബം തിരുത്തുക

മയ്യഴി, സി.എച്ച്.ഗംഗാധരൻ, ബുൿ സ്ക്വയർ, മയ്യഴി. 1987, രണ്ടാം പതിപ്പ് 2002, മൂന്നാം പതിപ്പ് കേരള സാഹിത്യ അക്കാദമി 2018.

"https://ml.wikipedia.org/w/index.php?title=മയ്യഴി_വിമോചനസമരം&oldid=3941618" എന്ന താളിൽനിന്ന് ശേഖരിച്ചത്