പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ ജല സംരക്ഷണത്തിന് വേണ്ടി കൊക്ക-കോള കമ്പനിക്കെതിരെ സമരം നയിച്ച ആദിവാസി സ്ത്രീയായിരുന്നു മയിലമ്മ. സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത മയിലമ്മ കോക്കകോള വിരുദ്ധ സമിതിയുടെ സ്ഥാപകയാണ്. കൊക്കകോളയുടെ ഫാക്റ്ററിയിൽ നിന്നുള്ള മാലിന്യം മൂലം കഷ്ടത നേരിട്ട് അനുഭവിക്കേണ്ടിവന്നയാളാണ് മയിലമ്മ. മയിലമ്മയുടേ കിണറ്റിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലാതാവുകയും സമാനമായ അനുഭവം പരിസരവാസികൾക്കെല്ലാം ഉണ്ടാവുകയും ചെയ്തതോടെ അവർ സമരമാർഗ്ഗമവലബിക്കുകയായിരുന്നു. 2007 ജനുവരി 6ന് 69ആം വയസ്സിൽ അവർ അന്തരിച്ചു[1].

മയിലമ്മ
ജനനം1937 ഓഗസ്റ്റ്
ദേശീയതഇന്ത്യൻ
തൊഴിൽസമര നായിക

ജീവിത രേഖ തിരുത്തുക

1937 ഓഗസ്റ്റ് 10ന് മുതലമട പഞ്ചായത്തിൽ ആട്ടയാംപതിയിലെ രാമൻ-കുറുമാണ്ട ദമ്പതികളുടെ മകളായി ജനിച്ച മയിലമ്മ വിജയനഗർ കോളനിയിലെ സാധാരണ വീട്ടമ്മ മാത്രമായിരുന്നു. ഇരുളർ ഗോത്രത്തിൽ പെട്ട ആദിവാസി കുടുംബമാണ് മയിലമ്മയുടേത്. കോള വിരുദ്ധ സമരത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച മയിലമ്മ വിവാഹ ശേഷമാണ് പ്ലാച്ചിമട ഉൾക്കൊള്ളുന്ന പെരുമാട്ടി പഞ്ചായത്തിലെത്തിയത്‌[2]. 2002 ഏപ്രിൽ 22 നു കമ്പനിക്കു മുന്നിൽ കുടിൽ കെട്ടിയായിരുന്നു പ്രതിഷേധ സമരം. അന്നു മുതൽ കൊക്ക-കോള കമ്പനിക്കെതിരെ സമരത്തിന്റെ മുന്നണിയിൽ നിന്നു പ്രവർത്തിച്ചു.

പശ്ചാത്തലം തിരുത്തുക

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നീണ്ട സമരമാണ് പ്ലാച്ചിമട സമരം. കൊക്കകോള കമ്പനി പ്ലാച്ചിമടയിൽ 1997 ലാണ് പ്ലാച്ചിമടയിൽ ഫാക്റ്ററി സ്ഥാപിച്ചത്. താമസിയാതെ ഭൂഗർഭജലം വറ്റിത്തുടങ്ങുകയും പരിസരവാസികളുടെ കുടിവെള്ളം മലിനമാകുകയും ചെയ്തു. ഈ ഭാഗത്ത് പ്രധാനമായും വസിച്ചിരുന്നത് ആദിവാസികളായിരുന്നു. അവർ 2002 ഏപ്രിൽ 22 നു മയിലമ്മയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി സമരം ആരംഭിക്കുകയും ഫാക്റ്ററിയുടേ വാതിൽ ഉപരോധിക്കുകയും ചെയ്തു. പഞ്ചായത്ത് ഫാക്റ്ററിയുടെ ലൈസൻസ് റദ്ദ് ചെയ്ത് സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കമ്പനി നിയമപരമായി സ്റ്റേ വാങ്ങിച്ചു. അവർ നിയമപോരാട്ടം കൂടുതൽ ശക്തമാക്കുകയും സുപ്രീം കോടതിവരെ എത്തിക്കുകയും ചെയ്തു. കമ്പനി സംസ്ഥാന പൊലൂഷൻ കണ്ട്രോൾ ബോർഡിന്റെയും പഞ്ചായത്തിന്റെയും ഇടപെടൽ മൂലം അടച്ചു പൂട്ടേണ്ടി വന്നു. [3]

ആത്മകഥ തിരുത്തുക

മയിലമ്മ, ജോതിബായി പരിയാടത്തുമായി ചേർന്നെഴുതിയ ആത്മകഥ 'മയിലമ്മ ഒരു ജീവിതം' എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധം ചെയ്തു.

പുരസ്കാരങ്ങൾ തിരുത്തുക

  • ഔട്ട്ലുക് മാഗസിൻ ഏർപ്പെടുത്തിയ "സ്പീക്ക് ഔട്ട്" പുരസ്കാരം. [4]
  • സ്ത്രീശക്തി ട്രസ്റിന്റെ "സ്ത്രീശക്തി പുരസ്കാരം"[5][6]

റഫറൻസുകൾ തിരുത്തുക

  1. "Kerala's anti-Coke crusader is dead" (in ഇംഗ്ലീഷ്). ibnlive.com. 2007 ജനുവരി 7. Archived from the original on 2010-12-01. Retrieved 2010 ഏപ്രിൽ 4. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://www.outlookindia.com/article.aspx?228877
  3. https://plachimada.wordpress.com/2009/02/23/plachimada-agitation-is-2500-days-old/
  4. http://sudeepsdiary.blogspot.ae/2007/01/mayilamma.html
  5. മലയാള മനോരമ അഭിമാന താരങ്ങൾ
  6. "ദ് ഹിന്ദു 2007 ജനുവരി 8 - Mayilamma, symbol of anti-cola stir, is no more Monday,". Archived from the original on 2012-10-26. Retrieved 2013-03-26.
"https://ml.wikipedia.org/w/index.php?title=മയിലമ്മ&oldid=3656037" എന്ന താളിൽനിന്ന് ശേഖരിച്ചത്