മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു

(മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയലാർ രാമവർമ്മ എഴുതി ജി. ദേവരാജൻ ഈണം നൽകി അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി യേശുദാസ് അലപിച്ച ഒരു ഗാനമാണ് മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു എന്നത്.[1] ഈ ഗാനത്തിനാണ് യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. 1972-ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ലഭിക്കുകയുണ്ടായി.

ഈ കവിതയിൽ കവി, മനുഷ്യനാണ് മതങ്ങളെ സൃഷ്ടിച്ചതെന്നും ആ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചുവെന്നും പിന്നീട് മനുഷ്യനും മതങ്ങളും ദൈവങ്ങളും ഒരുമിച്ച് മണ്ണും മനസ്സും പങ്കുവച്ചുവെന്നും പറയുന്നു. വിവിധ ജാതിമതവിഭാഗങ്ങളായി തിരിഞ്ഞ് ഇന്ത്യയിലെ മനുഷ്യർ തമ്മിൽത്തമ്മിൽക്കണ്ടാൽ അറിയാത്തവരാവുകയും തൽഫലമായി ഇന്ത്യ ഒരു ഭ്രാന്താലയമായി മാറിയെന്നും കവി അഭിപ്രായപ്പെടുന്നു. മനുഷ്യഹൃദയങ്ങളിൽ നിന്ന് സ്നേഹം നഷ്ടമാവുകയും അത് ആയുധങ്ങൾ സൂക്ഷിക്കുവാനുള്ള ഇടമായി മാറുകയും ചെയ്തു. ദൈവത്തിൻ്റെയും മതത്തിന്റെയും പേരിൽ തെരുവിൽക്കിടന്ന് മനുഷ്യർ തമ്മിൽത്തല്ലിയപ്പോൾ തെരുവിൽ ദൈവമാണ് മരിക്കുന്നതെന്നും അതുകണ്ട് ചെകുത്താൻ ചിരിക്കുന്നുണ്ടെന്നും കവി നിരൂപിക്കുന്നുണ്ട്. ഭാരതം രൂപം കൊണ്ട അടിസ്ഥാനവികാരങ്ങളായ സത്യവും സൗന്ദര്യവും സ്വാതന്ത്ര്യവും നമ്മുടെ രക്തബന്ധങ്ങളും സ്നേഹങ്ങളും നഷ്ടമായെന്ന് കവി പറയുന്നു. എപ്പോൾ ധർമ്മത്തിനു ഹാനിയുണ്ടാകുമോ ആ യുഗങ്ങളിൽ എല്ലാം അതു പരിഹരിക്കാൻ അവതരിക്കുമെന്നു പറഞ്ഞ അവതാരങ്ങൾ എവിടെയെന്നു കവി ചോദിക്കുന്നു. തെരുവിൽ മതത്തിന്റെ പേരിൽ തമ്മിൽത്തല്ലി മനുഷ്യർ മരിക്കുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന ഗുണം കണ്ട് മതങ്ങൾ ചിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് കവിത അവസാനിക്കുന്നത്.

  1. "മനുഷ്യൻ മതങ്ങളെ". m3db.com.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക