1948-ൽ കാസർകോട് താലൂക്കിലും മലബാറിലും ഭക്ഷ്യക്ഷാമം പടർന്നുപിടിച്ച കാലത്തു്, ജന്മിമാരുടെ നെല്ല് പൂഴ്ത്തിവയ്പിനെതിരായി നടന്ന ഒരു കർഷകസമരമാണു് മടിക്കൈ നെല്ലെടുപ്പ് സമരം.

ജന്മിമാരിൽനിന്ന് നെല്ലെടുത്ത് വിതരണം ചെയ്യുവാനായി കർഷകസംഘം പ്രവർത്തകർ കക്കോത്തായരുടെ ഇല്ലത്തുചെന്ന് പത്തായത്തിലുള്ള നെല്ലളക്കാൻ ആവശ്യപ്പെട്ടു. കെ മാധവൻ, മടിക്കൈ കുഞ്ഞിക്കണ്ണൻ, പി അമ്പുനായർ എന്നിവരായിരുന്നു സമരത്തിനു് നേതൃത്വം നൽകിയതു്. മിച്ചമുള്ള നെല്ല് അവിടെവച്ചുതന്നെ റേഷൻ വിലയ്ക്ക് വിതരണം ചെയ്തു. തുടർന്നു് പൊലീസ് മടിക്കൈ കുഞ്ഞിക്കണ്ണനെ അറസ്റ്റുചെയ്തു. കെ ആർ കുഞ്ഞിക്കണ്ണൻ, കെ എം കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകർ മടിക്കൈ കുഞ്ഞിക്കണ്ണനെ മോചിപ്പിക്കാനാവശ്യപ്പെടുകയും പൊലീസ് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.