മങ്കേരി

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയുടെ ഒരു അതിർത്തി ഗ്രാമം. വിശാലമായ ഭാരതപ്പുഴയുടെ സാന്നിദ്ധ്യം ഈ കൊച്ചു ഗ്രാമത്തെ പാലക്കാട് ജില്ലയിലെ തൃത്താല പഞ്ചായത്തിലെ കൂടല്ലൂരിൽ നിന്നും വേർതിരിച്ചു നിർത്തുന്നു . വളാഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ മാറി ഇരിമ്പിളിയം പഞ്ചായത്തിൽ ഉൾപെടുന്ന ഈ ഗ്രാമ പ്രദേശം സമീപ പ്രദേശക്കാരുടെയെല്ലാം സായാഹ സഞ്ചാര കേന്ദ്രമാണ്. മനോഹരമായ കുന്നും വയലും ഭാരതപ്പുഴയുടെ സാന്നിദ്ധ്യവും ഈ ഗ്രാമത്തെ അതി മനോഹരമാക്കുന്നു. ഷൊർണൂർ മംഗലാപുരം തീവണ്ടി പാത ഈ ഗ്രാമത്തെ പ്രകമ്പനം കൊള്ളിച്ച് കടന്നു പോകുന്നു . ഇവിടത്തെ കുന്നിനു മുകളിൽ നിന്നും ഭാരതപ്പുഴയെ വീക്ഷിക്കുമ്പോൾ നയന സുഖം ലഭിക്കുന്നത് സ്വാഭാവികം. പുരാണ കഥകളിലെ കുന്തിപ്പുഴ ഭാരതപ്പുഴയുമായി ലയിക്കുന്ന രംഗം ഇവിടത്തെ കുന്നിനു മുകളിൽ നിന്ന് ദർശിക്കാം.


ഈ ഗ്രാമത്തെ പ്രധാനമായും രണ്ടായി തിരിച്ചിട്ടുണ്ട് മേലേ മങ്കേരിയും താഴെ മങ്കേരിയും. പ്രദേശത്തെ ഏറ്റവും ഉയർന്ന സ്ഥലത്തെ വലിയ പറമ്പ് അല്ലെങ്കിൽ നിരപ്പ് എന്നൊക്കെ പറയാറുണ്ട് . ഹിന്ദു മുസ്ലിം വിശ്വാസികൾ സാഹോദര്യത്തോടെ ഇടപഴകി ജീവിക്കുന്ന ഇവിടെ ഒരു സർക്കാർ പ്രൈമറി സ്കൂളും മൂന്ന് അംഗൻവാടികളും രണ്ട് മുസ്ലിം മദ്രസകളും നില കൊള്ളുന്നു , സമീപ പ്രദേശങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായുളള പ്രത്യേക ക്ലാസ് ഈ സർക്കാർ സ്കൂളിന്റെ സവിശേഷതയാണ് .


തിരുമാനംകുന്ന് ഭഗവതി ക്ഷേത്രമാണിവിടത്തെ ഹിന്ദു വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രം . ക്ഷേത്രത്തിലെ ഉൽസവവും സ്കൂൾ പരിസരത്ത് വെച്ച് നടത്താറുള്ള അയ്യപ്പൻ വിളക്കുമാണ് ഈ ഗ്രാമത്തിലെ പ്രധാന പരിപാടികൾ


ഇനിയും മനുഷ്യന്റെ കാടന്നു കയറ്റത്തിന് ഇരയാകാതെ യും തരിശിടാതെയും പച്ച പിടിച്ച് നിൽക്കുന്ന പാടശേഖരം അതി മനോഹരമാണ് . മണലെടുപ്പ് പാറ വെട്ടി കല്ലെടുക്കൽ തുടങ്ങിയ പ്രവർത്തികൾ ഈ ഗ്രാമത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കിലും മനോഹരമായ ഭൂപ്രകൃതി ഇപ്പോഴും നില നിൽക്കുന്നു. ഭൂരിഭാഗം ആളുകളും കൃഷി യെയും മറ്റു നിർമ്മാണ പ്രവർത്തനങ്ങളെയും തൊഴിലാക്കി ജീവിക്കുന്നു. മറ്റൊരു കൂട്ടം വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്ത് വരുന്നു.


മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നും വലിയ കുന്ന് വഴി ബസ് മാർഗ്ഗം ഈ ഗ്രാമത്തിൽ എത്തിച്ചേരാം. മേച്ചേരിപ്പറമ്പ്, വെണ്ടല്ലൂർ, പേരശ്ശനൂർ തുടങ്ങിയവയാണ് സമീപ പ്രദേശങ്ങൾ.

"https://ml.wikipedia.org/w/index.php?title=മങ്കേരി&oldid=3314697" എന്ന താളിൽനിന്ന് ശേഖരിച്ചത്