മംഗലം പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തിരൂർ ബ്ളോക്കിലാണ് മംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മംഗലം വില്ലേജുപരിധിയിലുൾപ്പെടുന്ന മംഗലം ഗ്രാമപഞ്ചായത്തിനു 12.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വെട്ടം, തലക്കാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തൃപ്രങ്ങോട് പഞ്ചായത്തും തെക്കുഭാഗത്ത് പുറത്തൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. 2000 സെപ്റ്റംബർ 30-ാം തിയതി വെട്ടം പഞ്ചായത്ത് വിഭജിച്ചു കൊണ്ടാണ് മംഗലം പഞ്ചായത്ത് രൂപീകൃതമായത്. ഭൂപ്രകൃതിയനുസരിച്ച് തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ പ്രധാന വിളകൾ, തെങ്ങ്, നെല്ല്, വാഴ എന്നിവയാണ്. തിരൂർ-പൊന്നാനിപുഴയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന നദി. പഞ്ചായത്തിൽ അഞ്ചു ഏക്കറോളം പ്രദേശത്ത് കണ്ടൽ കാടുകളുണ്ട്. തിരൂർ പൊന്നാനി കടവ്, വാടികടവ്, തെക്കേകടവ്, വടക്കേകടവ് എന്നിവ പഞ്ചായത്തിലെ പ്രധാന ജലഗതാഗത കേന്ദ്രങ്ങളാണ്. തിരൂർ-പുറത്തൂർ റോഡ്, മംഗലം-ആലിങ്ങൾ റോഡ്, കൂട്ടായി-തിരൂർ റോഡ്, മംഗലം-കൂട്ടായി റോഡ് തുടങ്ങിയവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതകൾ. ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ കുടുംബത്തിന്റെ വേരുകൾ കൂട്ടായി പ്രദേശത്താണ്. മഹാകവി വള്ളത്തോൾ നാരായണമേനോൻ ജനിച്ചതും വളർന്നതും മംഗലം ഗ്രാമത്തിലാണ്.