ഭൂസംരക്ഷണസമരം-2013
കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഭൂവിനിയോഗത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.(എം) ന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഭൂസംരക്ഷണ സമിതി നടത്തിയ പ്രധാന സമരങ്ങളിലൊന്നാണ് ഭൂസമരം. മിച്ചഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മിച്ചഭൂമിയെന്ന് സി.പി.ഐ.(എം) ചൂണ്ടിക്കാണിക്കുന്ന കേരളത്തിലെ ജില്ലാതലങ്ങളിലെ 14 കേന്ദ്രങ്ങളിലും വിവിധ ഏരിയകളിലെ 129 സ്ഥലങ്ങളിലും 2013 ജനുവരി 1 മുതൽ 16 വരെയാണ് സമരം നടന്നത്. [1]
പശ്ചാത്തലം
തിരുത്തുക1970-കളിലെമിച്ച ഭൂമി സമരത്തിനു ശേഷം ഒറ്റപ്പെട്ട ഭൂസമരങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു ഭൂസമരത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ടില്ല. ആധുനിക കേരളത്തിനു് അടിത്തറ പാകിയത് ഭൂപരിഷ്ക്കരണമായിരുന്നു. തിരുവിതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തന്നെ ഭൂപരിഷ്ക്കരണ നടപടികൾ ആരംഭിച്ചിരുന്നു. 1885-ലെ പട്ടം പ്രഖ്യാപനവും 1896-ലെ ജന്മി-കുടിയാൻ നിയമവും ജന്മിമാരെ നിയന്ത്രിക്കുന്നതിനും പാട്ടഭൂമിയിൽ കുടിയാന്റെ അവകാശം ഉറപ്പിക്കാനുമുള്ള നടപടികളായിരുന്നു. അതേ പോലെ, കൊച്ചിയിൽ 1914-ലെയും 1938-ലെയും കുടിയാൻ നിയമങ്ങൾ, 1943-ലെ വെറുംപാട്ടക്കാരൻ നിയമം എന്നിവ മുഖ്യമായും പാട്ടഭൂമിയിൽ കുടിയാന്റെ അവകാശം ഉറപ്പിക്കാനായിരുന്നു.
ഈ നിയമങ്ങളിലൊന്നിലും കൃഷിഭൂമി കൈവശം വെക്കുന്നതിനു പരിധിയോ, ഭൂരഹിത കർഷകത്തൊഴിലാളിക്ക് ഭൂമി നൽകുന്ന വിഷയമോ കടന്നു വന്നിരുന്നേയില്ല. ഈ പശ്ചാത്തലത്തിൽ 1957 ഏപ്രിൽ അഞ്ചാം തീയതി അധികാരത്തിൽ വന്ന ഇ.എം.എസ്. സർക്കാർ ഏപ്രിൽ പതിനൊന്നിന് കുടി ഒഴിപ്പിക്കലുകൾ അടിയന്തിരമായി തടയുന്നതായി ഒരു ഓർഡിനൻസ് കൊണ്ടുവന്നു. ഈ ഓർഡിനൻസു് 1957-ൽ തന്നെ കേരള ഒഴിപ്പിക്കൽ നിരോധന നടപടിക്രമ നിയമം 1957 (Kerala Stay of Eviction Proceedings Act) ആക്കി പാസാക്കുകയും ചെയ്തു. ഇതേ തുടർന്ന്, സമഗ്രമായ ഭൂപരിഷ്ക്കരണ നിയമം പാസാക്കാനുള്ള നടപടികളും ചർച്ചകളും ആരംഭിച്ചു. ഇപ്രകാരം പാസ്സാക്കപ്പെട്ട ഭൂപരിഷ്കരണ നിയമത്തിൽ ഒരു കുടുംബത്തിന് കൈവശം വെയ്കാവുന്ന ഭൂമിയുടെ പരമാവധി പരിധി നിശ്ചയിച്ചിരുന്നു. ഇതിനുപരിയായി വ്യക്തികളുടെ കൈവശമിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ. എന്നാൽ ഇപ്രകാരം ഭൂമി ഏറ്റെടുക്കാതിരുന്നതിനെ തുടർന്ന് ഇപ്പോഴും ഏക്കറുകണക്കിന് ഭൂമി വ്യക്തികളുടെ കൈവശമിരിക്കുന്നു എന്ന ആരോപണമുന്നയിച്ചാണ് സി.പി.ഐ.(എം) ഭൂസമരം നടത്തിയത്. [2]
ഭൂസംരക്ഷണ സമിതി
തിരുത്തുകഭൂപ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ടുള്ള പ്രചാരണ - പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി സി.പി.ഐ (എം) അനുകൂല സംഘടനകളായ ആദിവാസി ക്ഷേമ സമിതി, പട്ടികജാതി ക്ഷേമ സമിതി, കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ, കേരള കർഷക സംഘം എന്നിവ ചേർന്ന് രൂപംകൊടുത്ത സംവിധാനമാണ് ഭൂസംരക്ഷണ സമിതി. [3]
അവലംബം
തിരുത്തുക- ↑ ഭൂപരിഷ്കരണം: ജനുവരി ഒന്നുമുതൽ സി.പി.എം സമരം:കേരളകൌമുദി
- ↑ "കടപ്പാട് ആർ. രാമകുമാർ, malayal.am". Archived from the original on 2018-09-03. Retrieved 2013-01-27.
- ↑ "ഭൂസംരക്ഷണ സമിതി നിവേദനം നൽകി:മാതൃഭൂമി". Archived from the original on 2012-12-29. Retrieved 2013-01-28.