ഭാരതദീപം
കൊൽക്കത്തയിൽ രൂപം കൊണ്ട ബ്രഹ്മസമാജത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലേയ്ക്കും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഒരു മാസികയാണ് ഭാരതദീപം[1].1920 നവംബറിലാണ് കൊല്ലത്തുനിന്ന് ഭാരതദീപം പ്രസിദ്ധീകരണം ആരംഭിച്ചത്. സാധുശിവപ്രസാദായിരുന്നു പത്രാധിപർ. പി. കെ. പത്മനാഭനാശാൻ മാനേജറും. കൊല്ലത്തെ ശ്രീകൃഷ്ണവിലാസം പ്രസ്സിലാണ് മാസിക അച്ചടിച്ചിരുന്നത്. ഡമ്മി 1/8ൽ 38 പുറങ്ങളിലായിരുന്നു ഒരു ലക്കം. മഹാകവി വള്ളത്തോളിന്റെ മംഗളാശംസകയോടെയാണ് ഭാരതദീപം പ്രസിദ്ധീകരണം തുടങ്ങിയത്. ബ്രഹ്മവിദ്യാഭൂഷൺ പി. കെ. പണിക്കർ, സ്വാമി ബ്രഹ്മവ്രതൻ, വിദ്വാൻ വി.കെ. ശ്രീധരനുണ്ണി, ടി.വി. ശ്രീനിവാസശാസ്ത്രി, കെ. രാമൻ മേനോൻ, എ. ആർ. ദാമോദരൻനമ്പ്യാർ ബി.എ. ബി.എൽ, കിളിക്കൊല്ലൂർ സി. കെ. സുകുമാരൻ, പി. കെ. രാഘവപ്പണിക്കർ, കെ. അയ്യപ്പൻ, മന്നത്തുപത്മനാഭൻ, മൂലൂർ പത്മനാഭപ്പണിക്കർ, ഡോക്ടർ. എ. ഗോപാലൻ, ആയാംകുടി പി. ആർ. ശങ്കരപ്പിള്ളി തുടങ്ങിയവരായിരുന്നു മാസികയിലെ പ്രധാന എഴുത്തുകാർ.