ഭായി ജഗത് ജി
സേവാ പന്തി വിഭാഗത്തിൽപ്പെട്ട പ്രമുഖനായ സന്യാസിയാണ് ഭായി ജഗത് ജി. സിക്ക് ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ ശിഷ്യരിൽ ഒരാളായ ഭായി കനയ്യ ആണ് സേവാ പന്തി വിഭാഗം എന്ന സേവന സംഘം സ്ഥാപിച്ചത്. ഇന്നത്തെ റെഡ്ക്രോസ് സംഘടനക്കു തുല്യമായ പ്രവർത്തനങ്ങളാണ് ഈ സംഘടന ചെയ്തിരുന്നത്. ഭായി കനയ്യയുടെ ശിഷ്യപരമ്പരയിൽ അഞ്ചാമതായി വരുന്ന പിൻഗാമിയാണ് ഭായി ജഗത് ജി. ഇന്ന് പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന ജംഗ് ജില്ലയിലെ മഘിനാ എന്ന സ്ഥലത്താണ് ജനിച്ചത്. വളരെ എളിയ സ്ഥിതിയിൽ നിന്നാണ് അദ്ദേഹം വളർന്നത്. ഗ്രാമച്ചന്തയിലെ ഒരു തൊഴിലാളി ആയിട്ടാണ് ജീവിതം ആരംഭിച്ചത്. അവിടെ വച്ച് ചെയ്യാത്ത ഒരു മോഷണക്കുറ്റം ആരോപിക്കപ്പെടുകയും തുടർന്ന് നിരപരാധിത്വം തെളിയുകയും ചെയ്തു. എന്നാൽ ഈ സംഭവം അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു. മനുഷ്യരുടെ പണത്തിനോടുള്ള ആർത്തിയും തുടർന്നുണ്ടാകുന്ന ദുരിതങ്ങളും ദുരന്തങ്ങളും മനസ്സിനെ മഥിച്ചു. ഇതിന് മോചനം നേടുന്നതിന് ഈശ്വരന് സ്വയം സമർപ്പിക്കുകയാണ് എന്ന് ബോധ്യം വന്ന ജഗത്ജി അക്കാലത്തെ പ്രമുഖ ഗുരുവായിരുന്ന ഭല്ലാ റാമിനെ സമീപിച്ചു. അവർ നൂർപുർ എന്ന സ്ഥലത്തെത്തി ഒരു ധർമ്മ ശാല സ്ഥാപിച്ചു. ജഗത് ജിയുടെ ആത്മാർത്ഥതയും മനശുദ്ധിയും പ്രവർത്തന വൈശിഷ്ട്യവും കണ്ട് സന്തോഷവാനായ ഭായി ഭല്ലാ രാം, ജഗത് ജിയെ സേവാ പന്തിയിൽ ഉൾപ്പെടുത്തി. അദ്ദേഹത്തിന്റെ സഹാനുഭൂതി, ഔദാര്യം, മനുഷ്യത്വം എന്നിവയെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങളും കഥകളും നിലനിൽക്കുന്നുണ്ട്. എല്ലാവരും അദ്ദേഹത്തെ ദൈവമായിട്ടാണ് കണ്ടിരുന്നത്. വിഭജനത്തിനു ശേഷം ഭട്ടിണ്ടയിലെ ഗോനിയാനാ മണ്ടിയിൽ തിക്കാനാ നൂർപുർതാൾ പുനസ്ഥാപിക്കപ്പെട്ടു. ഇന്ന് നിസ്സ്വാർത്ഥമായ സേവനതൽപരതയുടെ ദീപസ്തംഭമായി സേവാ പന്തി നിലനിൽക്കുന്നു.[1] ഭാരതീയ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ സ്മരണക്കായി 15.01.2012 ൽ അഞ്ചു രൂപാ വിലയുള്ള സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ ഇന്ത്യൻ തപാൽ വകുപ്പ്