ഒരു നിശ്ചിത താപനിലയിലുള്ള വാതകങ്ങളുടെ ഒരു മിശ്രിതത്തിൽ ഓരോ വാതകങ്ങൾക്കും തനതായ ഒരു മർദ്ദമുണ്ടായിരിക്കും. ഇതു്, മിശ്രിതത്തിന്റെ മൊത്തം വ്യാപ്തത്തിൽ ആ വാതകം മാത്രം ഉണ്ടായിരുന്നെങ്കിൽ സ്വാഭാവികമായി പ്രകടമാകുമായിരുന്ന അതേ മർദ്ദമായിരിക്കും. ഈ മർദ്ദത്തെ മിശ്രിതത്തിലെ ആ വാതകത്തിന്റെ ഭാഗികമർദ്ദം എന്നു പറയുന്നു.ഡാൾട്ടന്റെ നിയമമനുസരിച്ച് ആദർശവാതകങ്ങളുടെ ഒരു മിശ്രിതത്തിന്റ ആകമാനമുള്ള മർദ്ദം അതിൽ ഉൾപ്പെടുന്ന എല്ലാ വാതകങ്ങളുടേയും ഭാഗികമർദ്ദങ്ങളുടെ ആകത്തുകയായിരിക്കും.

ഒരു വാതകത്തിന്റെ ഭാഗികമർദ്ദം അതിന്റെ തന്മാത്രകളുടെ താപഗതികപ്രവർത്തനങ്ങളുടെ അളവായി കണക്കാക്കാം. ഒരു വാതകം, ഏതെങ്കിലും ദ്രാവകങ്ങളോ വാതകങ്ങളോ ആയി കൂടിച്ചേരുമ്പോൾ, അതിൽ ലയിക്കുന്നതും പടർന്നുചേരുന്നതും പ്രതിപ്രവർത്തിക്കുന്നതും ആ വാതകത്തിന്റെ ഗാഢതയേയോ സാന്ദ്രതയേയോ ആശ്രയിച്ചല്ല, പകരം അതിന്റെ ഭാഗികമർദ്ദത്തെ ആശ്രയിച്ചാണു്.

ഭാഗികമർദ്ദം എന്ന പ്രതിഭാസം ജീവശാസ്ത്രത്തിലെ രാസപ്രവർത്തനങ്ങളിലും പ്രധാനപ്പെട്ട ഒന്നാണു്. ഉദാഹരണത്തിനു് ശ്വസനത്തിനുവേണ്ടിവരുന്ന പ്രാണവായുവിന്റെ സുരക്ഷിതമായ അളവ് നിശ്ചയിക്കപ്പെടുന്നതു് ഓക്സിജന്റെ തന്നെ ഭാഗികമർദ്ദം എത്രയെന്നതിനനുസരിച്ചാണു്.

"https://ml.wikipedia.org/w/index.php?title=ഭാഗികമർദ്ദം&oldid=1918452" എന്ന താളിൽനിന്ന് ശേഖരിച്ചത്