പതിനാല് പതിനേഴ് നൂറ്റാണ്ടുകളിൽ അതായതു മദ്ധ്യഭാരത ചരിത്രകാലഘട്ടത്തിൽ വടക്കേ ഇന്ത്യയിൽ പടർന്നു പിടിച്ച ഭക്തിസങ്കൽപ്പത്തിൻറെ  ഭാഗമായി ശ്രീരാമ ഭക്തി പ്രചരിക്കുകയുണ്ടായി. ഡൽഹി സുൽത്താന്മാരുടേയും മുഗൾ സാമ്രാജ്യത്തിൻറെയും കാലഘട്ടത്തിൽ ഇസ്ലാംമത സങ്കൽപ്പത്തിന് സമാന്തരമായ ഒരു ഹൈന്ദവ ഭക്തിപ്രസ്ഥാനം ഇവിടെ ഉയർന്നുവന്നുവെന്നുള്ളത് ആശ്ചര്യകരമായ ഒരു സത്യമായിരുന്നു. അല്ലാഹുവിൻറെ രാജ്യവും രാമരാജ്യവും ഒന്നുപോലെ കാണപ്പെട്ടു. ഈ സങ്കല്പ്പത്തിനെ അതിൻറെ പരമോന്നതിയിലേക്ക് നയിച്ചത് കബിർദാസിൻറെ ശ്രീരാമദർശനങ്ങളും തുളസിദാസിന്റെ രാമചരിതമാനസം ആയിരുന്നു. കൂടാതെ കൃഷ്ണഭക്തയായ മീരാബായിയുടെ ശ്രീകൃഷ്ണഭക്തി കൃതികളും ഇതിലേക്ക് വഴി തെളിച്ചു. മീരയുടെ കൃഷ്ണഭക്തിദർശനങ്ങൾ  മഹാനായ അക്ബർ ചക്രവർത്തിയെ സ്വാധീനിച്ചിരുന്നു.

കേരളത്തിലും ഏതാണ്ട് ഈ സമയത്തുതന്നെയാണ് ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ രൂപപ്പെട്ടത്. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമായിരുന്നു, ഇവിടെ ക്രൈസ്തവ – ഇസ്ലാം മതങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും അതൊന്നും ഹൈന്ദവ ഭക്തിപ്രസ്ഥാനത്തിന് വിഘാതമായിരുന്നില്ല.  കേരളത്തിൽ പതിമൂന്നാം നൂറ്റാണ്ടിൻറെ അവസാനഘട്ടത്തിൽ ജീവിച്ചിരുന്ന വില്വമംഗലം സ്വാമിയാരുടെ ശ്രീകൃഷ്ണാമൃതമാണ് ആദ്യത്തെ ഭക്തകൃതി. ഭഗവാൻറെ  ലീലകൾ അവതരിപ്പിക്കുന്ന ഈ കൃതി സംസ്കൃതത്തിലായിരുന്നു. ബ്രാഹ്മണ മേധാവിത്വവും അതിൽനിന്നു ഉരുത്തിതിരിഞ്ഞ ചാതുർവർണ്ണ്യവ്യവസ്ഥയും ഇവിടെ സമൂഹത്തിൽ നാല് ജാതികൾ സൃഷ്ടിക്കപ്പെട്ടു, കൂടാതെ അധികാരത്തിനുവേണ്ടി നാടുവാഴികൾ തമ്മിലുള്ള മത്സരങ്ങളും രാജാക്കന്മാരുടെ ദുർബലതയും പതിനഞ്ചു പതിനേഴു നൂറ്റാണ്ടുകളിൽ ഇവിടെ ഒരു സാമ്പത്തിക- ധാർമ്മികതകർച്ചയ്ക്ക് വഴിയൊരുക്കി   ഡോ കെ..എൻ ഗണേഷ് അഭിപ്രായപ്പെട്ടപോലെ വർണ്ണാശ്രമധർമത്തിന് പുറത്തു ദൈവത്തിൻറെ മുമ്പിലുള്ള ഒരു സമ്പൂർണമായ സങ്കല്പ്പമായിട്ടാണ്  ഇവിടെ ഭക്തിപ്രസ്ഥാനം ഉടലെടുത്തത് നാടുവാഴികളുടെയും രാജാക്കന്മാരുടേയും കീഴിൽ ഞെരിഞ്ഞമർന്ന ഒരു അധമജനവിഭാഗത്തെയാണ് കേരളത്തിൽ ഭക്തിപ്രസ്ഥാനം വളരെ ആകർഷിച്ചതും ഉൾക്കൊണ്ടതും  ജ്ഞാനമാർഗ്ഗമോ യോഗമാർഗ്ഗമോ കർമ്മയോഗമോ ഒന്നും തന്നെ അവലംബിക്കാതെ കേവലം ഈശ്വരഭക്തി കൊണ്ടുമാത്രം ഈശ്വരസാക്ഷൽക്കാരം നേടാമെന്നതായിരുന്നു ഭക്തിമാർഗ്ഗ സിദ്ധാന്തങ്ങൾ അനുശാസിച്ചിരുന്നത്. അവശജനവിഭാഗത്തിന് ഇതൊരൂ ഉന്മേഷ൦ പകർന്ന സന്ദേശമായിരുന്നു. രാവണനെ നിഗ്രഹിച്ച രാമൻ ഉത്തരേന്ത്യയിൽ രക്ഷകനായപ്പോൾ അധർമ്മത്തിൻറെ പര്യായമായ കംസനെ വധിച്ചു ധർമ്മത്തെ നിലനിർത്തിയ കൃഷ്ണനാണ് ഇവിടെ ആരാധ്യനായത്. ശ്രീരാമക്ഷേത്രങ്ങൾ ഇന്ന് കേരളത്തിൽ വിരളമാണ്. യഥാർഥത്തിൽ ഇന്ന് കാണുന്ന ഹിന്ദുമതം കേരളത്തിൽ ആവിർഭവിക്കുന്നത് എ,ഡി, എട്ടാം ശതകത്തോട് കൂടിയ ബ്രാഹ്മണ കുടിയേറ്റത്തോടെയാണ് അതിനു മുൻപ് ഇവിടെ നിലവിലുണ്ടായിരുന്നത് പ്രാചീന ദ്രാവിഡ, ബുദ്ധ-ജൈന മതങ്ങളായിരുന്നു, ഇക്കാലത്ത് തന്നെ ക്രിസ്തു മതവും അതിനുശേഷം ഇസ്ലാമും കേരളത്തിൽ ആവിർഭവിച്ചിരുന്നു. 

ചെറുശ്ശേരി നമ്പൂതിരിയുടെ (A.D.1375- 1475) കൃഷ്ണഗാഥ, പൂന്താനത്തിൻറെ  (1547-1640), ജ്ഞാനപ്പാന, മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ (1559-1632)  നാരായണീയം, എഴുത്തച്ഛൻറെ അദ്ധ്യാത്മരാമായണം, കുഞ്ചൻ നമ്പിയാരുടെ (1700-1770) തുള്ളൽപ്പാട്ടുകൾ, രാമപുരത്തു വാരിയരുടെ ( 1703- 1753) കുചേലവൃത്തം വഞ്ചിപ്പാട്ട്  ഇവയെല്ലാം വലിയ ജനശ്രദ്ധ പിടിച്ചുപറ്റി തുഞ്ചത്ത് എഴുത്തച്ഛൻറെ കാലത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, എന്നിരുന്നാലും എഴുത്തച്ഛൻ മേൽപ്പത്തൂരിൻറെ സമകാലികനാണ്, ഇവർ രണ്ടുപേരും 16-17 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നവരാണ്, എഴുത്തച്ഛനു മുമ്പ് പതിനാലാം നൂറ്റാണ്ടിൽ നിരണം കവികളും ചീരാമ കവിയും ഇവിടെ രാമായണം മലയാളത്തിൽ വിവർത്തനം ചെയ്തിരുന്നുവെങ്കിലും അവയെല്ലാം മലയാളവും തമിഴും കൂടി കലർന്നതായിരുന്നു.എന്നാൽ മലയാളത്തെ തമിഴിൻറെ പിടിയിൽ നിന്നും മാറ്റി, സംസ്കൃതത്തോട് ബന്ധപ്പെടുത്തിയതായിരുന്നു എഴുത്തച്ഛൻറെ അദ്ധ്യാത്മരാമായണം. വാല്മീകിരാമായണത്തിൽ നിന്നും വ്യത്യസ്തമായി രാമനെ വൈഷ്ണവാതാരമായിട്ടാണ് അദ്ദേഹം വിവരിച്ചത്. കേരളത്തിൽ വൈഷ്ണവ പ്രസ്ഥാനം ആഞ്ഞടിക്കുന്ന അക്കാലത്ത് രാമനെ വിഷ്ണുവിൻറെ അവതാരമാക്കേണ്ടത് ഒരാവശ്യമായിരുന്നു. കൂടാതെ ഭക്തിരസവും സാഹിത്യവും പ്രകൃതി വർണ്ണനയും ഉൾപ്പെടുത്തിക്കൊണ്ട് വാർത്തെടുത്ത അതിമനോഹരമായ ഒരു കാവ്യമായി പരിലസിച്ചു. ഇവരുടെ . കൃതികളെല്ലാം വൈഷ്ണവപ്രസ്ഥാനത്തിന് കേരളത്തിൽ ആക്കം കൂട്ടിയിരുന്നു വെണ്ണ കട്ടുതിന്നുന്ന വികൃതിയായ കൃഷ്ണൻ (കണ്ണൻ ) കേരളീയരുടെ മനം കവർന്നു. എങ്കിലും, ഇവിടെ നിലനിന്നിരുന്ന ശൈവ പ്രസ്ഥാനത്തിന് ഇതൊരു തിരിച്ചടി ആയിരുന്നില്ല .ശിവലിംഗാരാധന പഴയതുപോലെ തുടർന്നിരുന്നു. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനം ഇവയിൽ പലതും ദൃശ്യകലാരൂപത്തിൽ അവതരിപ്പിച്ചതാണ്. കൂടാതെ ഈ കാലഘട്ടത്തിൽ  അരങ്ങേറിയ മറ്റൊരു കലാരൂപമായിരുന്നു രാമനാട്ടവും കൃഷ്ണനാട്ടവും പിന്നെ ഇവ കഥകളിയായി രൂപാന്തരപ്പെട്ട, ശ്രീ ഉണ്ണായിവാര്യരുടെ നളചരിതമെന്ന കാവ്യവും കഥകളിയും ക്ഷേത്രകലകളുടെ ആരംഭം കുറിച്ചു. 

കൊടുങ്ങല്ലൂരിലെ പെരുമാൾക്കന്മാരുടെ ഭരണം അവസാനിക്കുമ്പോൾ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഹിന്ദുമതം സർവസാധാരണമായി. സ്വതന്ത്രരായ നാടുവാഴി സ്വരൂപങ്ങൾക്ക് ഒരു പരദേവതയും പുറമേ ഇഷ്ടദൈവങ്ങളുമുണ്ടായിരുന്നു. പരദേവതമാരിൽ മുഖ്യം ഭഗവതി ആയിരുന്നു. ഇഷ്ടദൈവങ്ങൾ അയ്യപ്പൻ, വേട്ടക്കൊരുമകൻ, കണ്ടകർണ്ണൻ  മുതലയവരായിരുന്നു. ബ്രാഹ്മണനാടുവാഴികൾക്കു പരദൈവങ്ങളായിട്ടു കൃഷ്ണൻ, വിഷ്ണു, ഗണപതി എന്നിവരായിരുന്നു. നെടുംചേഴിയൻ എന്ന പാണ്ഡ്യരാജാവിൻറെ (എ.ഡി. എട്ടാം നൂറ്റാണ്ടു) കാലത്താണ് വൈഷ്ണവമതത്തിനു തമിഴകത്ത് നല്ല പ്രചരണം  ലഭിക്കുന്നത്, ഇദ്ദേഹം വേണാടിനെയും വിഴിഞ്ഞത്തെയും ആക്രമിച്ചു മതപ്രചരണം നടത്തിയിരുന്നു, തിരുവനന്തപുരത്തെ ശ്രീപത്മനാഭക്ഷേത്രത്തെക്കുറിച്ചുള്ള ആദ്യ പരാമർശം ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന “ നമ്മൾവാർ “ എന്ന വൈഷ്ണവാചാര്യൻറെ തിരുവായ്മൊഴിയിലാണെന്നു കെ.ശിവശങ്കരൻ എന്ന ചരിത്ര പണ്ഡിതൻ അഭിപ്രായപ്പെടുന്നു. എന്നാൽ ആദ്യപ്രതിഷ്ഠ ശ്രീകൃഷ്ണനാണോ അനന്തപത്മനാഭനാണോ എന്നും വ്യക്തമല്ല. ഏതായാലും ഈ പ്രതിഷ്ഠകർമ്മം നടന്നത് എ.ഡി. 781 ശേഷമായിരിക്കണമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

ഋഗ്വേദകാലത്ത്‌ പ്രജാപതി എന്നപേരിൽ അറിയപ്പെട്ടിരുന്ന വിഷ്ണുവിന് പ്രാധാന്യം ഏറിയത് ജൈനന്മാരുടെ മഹാപുരുഷന്മാരായ ഒമ്പത് വാസുദേവന്മാർ വിഷ്ണുവിൻറെ അവതാരങ്ങളായി പരിഗണിക്കപ്പെട്ടതുകൊണ്ടാണ്. ക്രിസ്തുവിനു മുമ്പും പിമ്പുo തിരുവനന്തപുരത്ത് വസിച്ചിരുന്ന ജൈനർ കൃഷ്ണനെ ആരാധിച്ചിരുന്നു. എട്ടാം നൂറ്റാണ്ടു മുതൽ വൈഷ്ണവമതം തമിഴകത്ത് നന്നായി പ്രചരിച്ചതുമൂലം തൽസമയം  തിരുവനന്തപുരത്തുo വൈഷ്ണവാരധാന ആരംഭിച്ചതായി കരുതാം. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്  ശിവക്ഷേത്രങ്ങളാണ്. ര്ണ്ടാം സ്ഥാനത്ത് ഭാഗവതിക്ഷേത്രങ്ങളാണ്. വിഷ്ണു, രാമ പ്രതിഷ്ഠകൾ കുറവാണ്. കൃഷ്ണൻ, അയ്യപ്പൻ, ഗണപതി, സരസ്വതി, സുബ്രഹ്മണ്യൻ, ഹനുമാൻ എന്നിവർ മുഖ്യർ. കേരളത്തിലെ ഒരേഒരു പരശുരാമക്ഷേത്രം തിരുവനന്തപുരത്തിനടുത്തുള്ള തിരുവല്ലത്താണ്,അവിടെത്തന്നെ ബ്രഹ്മ്മാവിനും ഒരു ക്ഷേത്രമുണ്ട്.  

ഭക്തകവികളുടെ ദർശനത്തിൽ നിന്ൻ ഉടലെടുത്തതാണ് സംഗീതം, സാഹിത്യം കല എന്നിവ, ഭക്തിപ്രസ്ഥാനം ക്ഷേത്രകലകൾ വളരുവാനും മലയാള ഭാഷ വികസിക്കുവാനും സഹായകരമായി അദ്ധ്യാത്മരാമയണം ,തുള്ളൽപ്പാട്ടുകൾ, വഞ്ചിപ്പാട്ട്, കൃഷ്ണഗാഥ മുതലായ ഭക്തകൃതികളിൽ സാധാരണക്കാർ പ്രത്യേകിച്ചും പിന്നോക്ക സമുദായക്കാർ കൂടുതൽ ആകൃഷ്ടരായി. ഇതവരുടെ മനസ്സിനെ അക്ഷരപൂർണ്ണമാക്കുന്നതിനുo മനോവികാസത്തിനു൦ വഴി തെളിയിച്ചു. കൂടാതെ ഇവർക്ക് സംസ്കൃതം പഠിക്കുവാനും ഈ അവസരം പ്രയോജനപ്പെട്ടെന്ന് മാത്രമല്ല അവശ ജനവിഭാഗത്തിൽ സാക്ഷരത ഉയർത്തുവാനും പ്രയോജനപ്പെട്ടു . കേരളത്തിൽ ഇന്ൻ കാണപ്പെടുന്ന സാക്ഷരതയുടെയും പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാനചിന്തയുടെയും ബീജം ഈ ഭക്തിപ്രസ്ഥനത്തിൽ നിന്ന് ഉടലെടുത്തതാണെന്ന് മനസ്സിലാക്കാം

അവലംബം തിരുത്തുക

  1. കേരളസംസ്കരചരിത്രം  (ശ്രീധരമേനോൻ)
  2. കേരളത്തനിമ (ഡോ. ആർ ഗോപിനാഥൻ)
  3. പ്രാചീനകേരളം  (കെ. ശിവശങ്കരൻ നായർ)
  4. കേരള സംസ്കാരം (പ്രൊഫ് അചുതവാരിയർ)
  5. കേരളത്തിൻറെ സാംസ്കാരിക ചരിത്രം (പി.കെ. ഗോപാലകൃഷ്ണൻ)