ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള അതിപുരാതനമായ ഖുർആൻ കൈയ്യെഴുത്ത് പ്രതിയുടെ രണ്ട് തുകൽ ഏടുകളെയാണ് Birmingham Quran Manuscript അഥവാ ബർമിംഗ്ഹാം ഹസ്തലിഖിതങ്ങൾ എന്നു പറയുന്നത്.[1] എ.ഡി 548-645 കാലഘട്ടമാണ് ഇതിന്റെ റേഡിയോ  കാർബൺ പഴമയായി 2015ൽ നിശ്ചയിക്കപ്പെട്ടത്. സർവ്വകലാശാലയിലെ തന്നെ കാഡ്ബറി റിസർച്ച് ലൈബ്രറിയിലെ കൂടുതൽ ബൃഹത്തായ മധ്യപൗരസ്ത്യ ഹസ്തലിഖിത ശേഖരത്തിന്റെ ഭാഗമാണ് ഈ രണ്ട് തുകൽ ഏടുകൾ[2]

ഇടത്ത്  ആആധുനിക ഖുർ ആൻ. വലത് ബർമിംഗ്ഹാം പ്രതി               

ഹിജാസി അറബി ലിപിയിൽ മഷി ഉപയോഗിച്ച് തുകലിൽ എഴുതപ്പെട്ടതാണ് ഈ ലിഖിതം.എഴുത്ത് ഇപ്പോഴും വളരെ വ്യക്തതയോടെ നിലനിൽക്കുന്നുണ്ട്. ഖുർആനിലെ 18മുതൽ 20 വരെയുള്ള അധ്യായങ്ങളിലെ വചനങ്ങളാണ് ഈ ഏടുകളിൽ കാണുന്നത് [3] 2015ലും 2016ലും ഏതാനം മാസങ്ങൾ ഇവ പൊതു പ്രദർശനത്തിനു വെച്ചിരുന്നു.[4]

 
പേജിന്റെ ക്ലോസപ്പ് ചിത്രം

ഫ്രാൻസിലെ  നാഷണൽ ബിബ്ലിയൊതീക്  ഗ്രന്ഥാലയത്തിലെ  16  ഏടുകൾ  ഉള്ള   ഒരു  പുരാലിഖത്തിൽ  കാണുന്ന 2 പേജുകളുടെ വിടവാണ് ഈ രണ്ട് ഏടുകൾ കണ്ടെടുത്തതോടെ നികത്തപ്പെട്ടത്ത്

.  

ഒരോ ഏടിനും 343മി.മി വീതിയും 258 മി.മി നീളവുമുണ്ട്. ഇരുവശത്തുമായി വിശാലവും വ്യക്തവുമായിട്ടാണ് എഴുത്തുള്ളത്. ആദ്യ ഏടിന്റെ ഇരുവശത്തുമായി ഖുർആനിലെ 18ആം അധ്യായമായ സൂറ അൽകഹഫിലെ 17മുതൽ 31 വരെയുള്ള വചനങ്ങളും രണ്ടാമത്തേതിൽ 19ആം അധ്യായത്തിലെ (സൂറ മറിയം) അവസാന എട്ട് വചനങ്ങളും, 20ആം അധ്യായത്തിലെഅദ്യ നാല്പത് വചനങ്ങളുമാണുള്ളത്. ഇന്ന് നിലവിലുള്ള എല്ലാ 
ഖുർആനുകളിലും കാണുന്ന അതെ വചന ക്രമമാണ് ഈ പുരാലിഖിതത്തിലുമുള്ളത്.പിൽക്കാലത്ത് പ്രചാരത്തിൽ വന്ന സ്വരാക്ഷര ചിഹ്നങ്ങൾ ഈ ഹസ്ത ലിഖിതത്തിലില്ല. ഒരു അധ്യായം അവസാനിക്കുന്നതിനെ കുറിക്കാൻ ഒരു അലങ്കൃത രേഖയും, ഒരു വചനം അവസാനിക്കുന്നിടം അടയാളപ്പെടുത്താൻ സൂചക കുത്തുകളും ഉപയോഗിച്ചിരിക്കുന്നു. ഇതെല്ലാം പിൽക്കാലത്തെ ഖുർആൻ എഴുത്തുകാർ മാതൃകയായി സ്വീകരിച്ചിരിക്കുന്നതായി ഈ ഏടുകൾ  സ്ഥിതീകരിക്കുന്നു. .[5] [6] .

കണ്ടെത്തലിന്റെ ചരിത്രം

തിരുത്തുക

ആൽബ ഫിദെലി (Alba Fedeli),എന്ന ഇറ്റാലിയൻ വനിത തന്റെ പി.എച്.ഡി തീസിസിനുള്ള തയാറെടുപ്പിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഈ ലിഖിതങ്ങൾ ശ്രദ്ധയിൽ പെട്ടത്. മറ്റൊരു ശേഖരത്തിൽ ആയിരിക്കേണ്ടുന്ന ഈ പേജുകൾ ഏതോ കാലത്ത് അവിടെ നിന്നും നീക്കം ചെയ്ത് കൈമറിഞ്ഞ് ഇവിടെയെത്തുകയായിരുന്നെന്ന് ഫിദെലി തിരിച്ചറിഞ്ഞു .[2]  കാഡ്ബറി റിസർച്ച് ലൈബ്രറി മുൻകൈയ്യെടുത്ത് ഈ ലിഖിതങ്ങൾ റേഡിയോ കാർബൺ ഡേറ്റിംഗ് ചെയ്യുകയുണ്ടായി. ഏ.ഡി. 568 നും 645നും ഇടയിലായിട്ടാണ് ഈ തുകൽ ഏടുകളുടെ പഴക്കം എന്നായിരുന്നു കണ്ടെത്തൽ, 95.4% കൃത്യതയാണ് ഈ നിരീക്ഷണം അവകാശപ്പെടുന്നത്..[7]

പ്രാധാന്യം

തിരുത്തുക

റേഡിയോ കാർബൺ മുഖാന്തരം കണ്ടെത്തിയ പഴമ  ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ച് അതീവ പ്രധാനമാണ്. മുഹമ്മദ് നബിയുടെ ജീവിത കാലഘട്ടം 570-632 ആണെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പിൻഗാമികളിൽ മൂന്നാമനായ ഖലീഫ ഉസ്മാന്റെ കാലത്താണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ഖുർആൻ ആദ്യമായി പ്രസിദ്ധീകരിച്ചത്. അതു വരെയുണ്ടായിരുന്ന മറ്റെല്ലാ ഖുർ ആൻ പതിപ്പുകൾ അതോടെ കത്തിച്ചു കളയപ്പെട്ടത്രെ.[8] 
ബ്രിട്ടിഷ് ലൈബ്രറിയിലെ തുർക്കി/പേർഷ്യൻ ഹസ്തലിഖിതാ വകുപ്പ് മേധാവി ഡോ. മുഹമ്മദ് ഇസാ വലി പറയുന്നതിപ്രകാരമാണ് "ഉസ്മാനിക ക്രോഡീകരണം നാം ഇത് വരെ ധരിച്ച കാലഘട്ടത്തിനു മുമ്പ് തന്നെ 
നടന്നിരുന്നു എന്ന് കാട്ടുന്നതാണ് ഈ ലിഖിതങ്ങൾ. അല്ലെങ്കിൽ ക്രോഡീകരണത്തിനു മുമ്പുള്ള പതിപ്പുകളിൽ
 ഒന്നാണ് ഇത് എന്ന് അനുമാനിക്കണം".

"https://ml.wikipedia.org/w/index.php?title=ബർമിംഗ്ഹാം_ഖുർആൻ_ഏടുകൾ&oldid=4140012" എന്ന താളിൽനിന്ന് ശേഖരിച്ചത്