ബെസ്സസ്
ബാക്ട്രിയയിലെ അവസാനത്തെ അക്കാമെനിഡ് സത്രപ് അഥവാ ഗവർണറും ദാരിയസ് മൂന്നാമന്റെ മരണശേഷം പേർഷ്യൻ അക്കാമെനിഡ് സാമ്രാജ്യത്തിന്റെ സ്വയംപ്രഖ്യാപിതരാജാവും ആയിരുന്നു ബെസ്സസ് (ജനനം:അജ്ഞാതം, മരണം:ബി.സി.ഇ. 329 (വേനൽക്കാലം))[1]. ഇക്കാലത്ത് അഫ്ഘാനിസ്താൻ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യയായിരുന്നു ബാക്‌ട്രിയ. അലക്സാണ്ടറെ നേരിട്ട പേർഷ്യൻ അകാമെനിഡ് സേനയിൽ അഫ്ഘാനിസ്താനിൽ നിന്നുള്ള ഏറ്റവും പ്രധാന ഘടകം ബാക്‌ട്രിയയിൽ നിന്നുള്ള ബെസ്സസിന്റേതായിരുന്നു എന്ന് അലക്സാണ്ടറുടെ സംഘത്തിലെ ചരിത്രകാരന്മാർ വിശദീകരിക്കുന്നു. തന്റെ ബാക്ട്രിയൻ സൈന്യത്തിനു പുറമേ ബാക്ട്രിയക്കു വടക്കുള്ള സോഗ്ദിയയിലേയും, ഹിന്ദുകുഷിന് തെക്കുള്ള ഇന്ത്യക്കാരുടെ സൈന്യത്തേയും ബെസ്സസ് നയിച്ചിരുന്നു[2].
ദാരിയസ് മൂന്നാമനെ അലക്സാണ്ടർ പരാജയപ്പെടുത്തിയ ബി.സി.ഇ. 331 ഒക്ടോബർ 1-ആം തിയതി നടന്ന ഗോഗമേല യുദ്ധത്തിൽ പേർഷ്യൻ സൈന്യത്തിന്റെ ഇടതുവിഭാഗത്തെ നയിച്ചിരുന്നത് ബെസ്സസ് ആയിരുന്നു. ബി.സി.ഇ. 330-ൽ അലക്സാണ്ടറുടെ ആക്രമണവേളയിൽ ദാരിയസ് മൂന്നാമനെ വധിച്ച[3][1] ബെസ്സസ്, താനാണ് ദാരിയസിന്റെ പിൻഗാമിയായ രാജാവെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അർടാക്സെർക്സെസ് അഞ്ചാമൻ എന്ന് പേര് സ്വീകരിച്ച അദ്ദേഹം പേർഷ്യൻ അക്കാമെനിഡ് രാജാവിന്റേതുപോലുള്ള ആടയാഭരണങ്ങളും ടിയാറ കിരീടവും ധരിച്ചിരുന്നു.
അലക്സാണ്ടർക്കെതിരെയുള്ള യുദ്ധത്തിൽ ബെസ്സസിന് വിവിധ വിഭാഗങ്ങളിൽ നിന്നും സഹായം ലഭിച്ചിരുന്നു. സോഗ്ദിയർ, കാസ്പിയൻ കടലിനു കിഴക്കുഭാഗത്തെ ഒരു സിഥിയൻ വിഭാഗമായ ദഹായികൾ ആറൽ കടലിന് തെക്കുള്ള സിഥിയൻ വിഭാഗമായ മസാഗെറ്റേ, ബാക്ട്രിയക്ക് വടക്കും കിഴക്കുമുള്ള സിഥിയൻ ശകർ, ഹിന്ദുകുഷിനു കിഴക്കുള്ള ഇന്ത്യക്കാർ തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തില്പെടൂന്നു. ദാരിയസ് മൂന്നാമന്റെ മരണശേഷം അക്കാമെനിഡ് സാമ്രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളുടെ നേതാവായിരുന്നു ബെസ്സസ്. ഹിന്ദുകുഷിന്റെ തെക്കുവശത്തുള്ള ഇന്ത്യക്കാരുടെ മേലുള്ള ബെസസിന്റെ നിയന്ത്രണത്തിൽ നിന്ന്, ഇറാനിൽ നിന്നും ഹിന്ദുകുഷും കാബൂൾ താഴ്വരയും കടന്ന് സിന്ധൂതടത്തിലേക്കുള്ള തന്ത്രപൊഅരമായ പാതയുടെ നിയന്ത്രണവും ബെസസിന്റെ അധീനതയിലായിരുന്നെന്നു മനസ്സിലാക്കാം[2].
ദാരിയസ് മൂന്നാമന്റെ മരണത്തിനു ശേഷം ബാക്ട്രിയയിലേക്കു മടങ്ങിയ ബെസ്സസ്, അലക്സാണ്ടർക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ വ്യാപൃതനായി. ബി.സി.ഇ. 329-ൽ ബാക്ട്രിയയിലെത്തിയ അലക്സാണ്ടറെയും സൈന്യത്തേയും ഭയപ്പെട്ട ബെസ്സസിന്റെ അനുയായികൾ തന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി മാസിഡോണിയർക്കു മുന്നിൽ ഹാജരാക്കി.
പേർഷ്യൻ രീതിയനുസരിച്ച്, ബെസ്സസിന്റെ മൂക്കും ചെവികളും മുറിച്ചുനീക്കാനായി അലക്സാണ്ടർ ഉത്തരവിട്ടു. ബെസ്സസിന്റെ മരണത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ നിലവിലുണ്ട്. ദാരിയസ് മൂന്നാമൻ കൊല്ലപ്പെട്ടയിടത്ത് വച്ച് ബെസ്സസ് കുരിശിലേറ്റപ്പെട്ടു എന്ന് കർട്ടിയസ് റുഫസ് പറയുന്നു. പീഡനങ്ങൾക്ക് വിധേയനായ ബെസ്സസിന്റെ ശിരച്ഛേദം നടത്തിയെന്നാണ് ആരിയന്റെ അഭിപ്രായം. വിചാരണക്കു ശേഷം ബെസ്സസിന്റെ ശരീരം കഷണങ്ങളാക്കി നുറുക്കി എന്നാണ് പ്ലൂട്ടാർക്ക് പറയുന്നത്.
എന്നാൽ അലക്സാണ്ടറുടെ വരവറിഞ്ഞ ബെസ്സസ് മദ്ധ്യേഷ്യൻ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തെന്നും അഭിപ്രായമുണ്ട്[2].
അവലംബം
തിരുത്തുക- ↑ 1.0 1.1 Heckel, Waldemar (2008). "Who's Who in the Age of Alexander the Great". pp. 67–73. doi:10.1002/9780470757604.ch2.
- ↑ 2.0 2.1 2.2 Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 117. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Gershevitch, Ilya; William Bayne Fisher; J.A. Boyle The Cambridge History of Iran, Volume 2 Cambridge University Press 1985 ISBN 978-0521200912 p.449 [1]