ബുള്ളിഫോം കോശം
ബുള്ളിഫോം കോശങ്ങൾ Bulliform cells വലിയ, കുമിളയുടെ രൂപത്തിലുള്ള ഉപരിവൃതി കോശങ്ങളാണ്. അനേകം ഏകബീജപത്ര സസ്യങ്ങളിൽ അവയുടെ ഇലകളുടെ മുകൾഭാഗത്ത് കൂട്ടമായി കാണപ്പെടുന്ന കോശങ്ങളാണ്. ഇലയുടെ അഡാക്സിയൽ അല്ലെങ്കിൽ മുകൾ പ്രതലത്തിൽ കാണപ്പെടുന്ന കോശങ്ങളാണിവ. ഇവ സാധാരണയായി ഇലയുടെ മദ്ധ്യഭാഗത്തുള്ള പ്രധാന ഞരമ്പിനടുത്തായാണ് കാണപ്പെടുന്നത്. ഈ കോശങ്ങൾ വലുതും ശൂന്യമായ ഉൾഭാഗമുള്ളതും നിറമില്ലാത്തവയുമാണ്.
ബുള്ളിഫോം കോശങ്ങളുടെ പ്രവർത്തനം താഴെപ്പറയുന്നതുപോലെ വിവരിക്കാം:
ആവശ്യത്തിനു വെള്ളം ലഭ്യമാകുമ്പോൾ ബുള്ളിഫോം കോശങ്ങൾ വെള്ളം ആഗിരണം ചെയ്യുകയും അതിന്റെ ഫലമായി അവ വീർത്തു കട്ടികൂടുന്നു. അവ വീർക്കുമ്പോൾ ഇല നീണ്ട് മുകളിലേയ്ക്ക് ഉയരുന്നു. ഇല പുറത്തേയ്ക്കു കാണപ്പെടുന്നു. ഇലയുടെ നീളുന്ന അവസ്ഥയിൽ വെള്ളം കൂടുതലായി നഷ്ടമാകുന്നു. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ, വെള്ളത്തിന്റെ ദൗർലഭ്യസമയത്ത് ഈ കോശങ്ങളുടെ ജലാംശം നഷ്ടമാകുകയും ഇവ ദുർബ്ബലമാകുകയും ചെയ്യുന്നു. ഈ കോശങ്ങൾ ജലനഷ്ടം കാരണം ദുർബ്ബലമാകുമ്പോൾ അവ അടങ്ങിയ ആ ഇല ഉള്ളിലേയ്ക്കു ചുരുണ്ട് ഇലയുടെ ഭാഗങ്ങൾ ചൂടിൽനിന്നും മറഞ്ഞ് ജലം നഷ്ടമാകാതെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ചുരുളുന്ന അവസ്ഥയിൽ ജലനഷ്ടം കുറയുന്നു. അതിനാൽ, ബുള്ളിഫോം കോശങ്ങൾ ജലദൗർലഭ്യമുള്ള വരണ്ട അവസ്ഥയിൽ ജലനഷ്ടം കുറയ്ക്കാൻ സസ്യത്തെ സഹായിച്ച് ഇത്തരം സാഹചര്യങ്ങളിൽ സസ്യത്തിന്റെ അതിജീവനം സാദ്ധ്യമാക്കുന്നു.
വരൾച്ചയുടെ സമയത്ത്, കോശത്തിലെ ഫേനത്തിലൂടെ ജലം നഷ്ടമാകുന്നു. ഈ സമയം, ചില പുല്വർഗ്ഗങ്ങളിലെ ഇലകളിലുള്ള ബുള്ളിഫോം കോശങ്ങൾ വെള്ളം നഷ്ടപ്പെട്ട് ഈ സസ്യങ്ങളുടെ ഇലകളുടെ രണ്ട് അരികുകളും പരസ്പരം മടങ്ങി അടഞ്ഞ് ജലനഷ്ടം കുറയ്ക്കുന്നു. ആവശ്യത്തിനു ജലം ലഭ്യമായ ഉടനേതന്നെ ഈ കോശങ്ങൾ വീർക്കുകയും ഇലകൾ തുറന്നുവരാനായി മർദ്ദം ചെലുത്തുകയും ചെയ്യുന്നു.
അടഞ്ഞുനിൽക്കുന്ന ഇലകളിൽ സൂര്യപ്രകാശം വളരെക്കുറച്ചേ പതിക്കുകയുള്ളു. അതിനാൽ അവ വളരെക്കുറച്ചേ ചൂടാവുകയുള്ളു. അങ്ങനെ ബാഷ്പീകരണം കുറയ്ക്കുന്നതുകൊണ്ട് സസ്യത്തിലെ ബാക്കിയുള്ള വെള്ളം സംരക്ഷിക്കാൻ സസ്യത്തിനു കഴിയുന്നു. ബുള്ളിഫോം കോശങ്ങൾ അനേകം ഏകബീജപത്ര സസ്യങ്ങളിൽ കാണപ്പെടുന്നുണ്ട്. എന്നാൽ ഈ കോശങ്ങൾ ഏറ്റവും കൂടുതലായി പുല്വർഗ്ഗങ്ങളിലാണു കാണപ്പെടുന്നത്. .[1]
അവലംബം
തിരുത്തുക- ↑ Moore, R. et al. (1998) Botany. 2nd Ed. WCB/McGraw Hill. ISBN 0-697-28623-10-697-28623-1