ബുക്കർ ടി. വാഷിങ്ടൻ
ബുക്കർ ടലിയാഫെരോ വാഷിങ്ടൻ (ഏപ്രിൽ 5, 1856 – നവംബർ 14, 1915) ഒരു അമേരിക്കൻ വിദ്യാഭ്യാസവിചക്ഷണനും, എഴുത്തുകാരനും, പ്രഭാഷകനും രാഷ്ട്രീയനേതാവും ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്തിമ ദശകം മുതൽ 1915-ലെ മരണം വരെ അമേരിക്കൻ ഐക്യനാടുകളിലെ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിന്റെ ഒരു പ്രമുഖ നേതാവായിരുന്നു അദ്ദേഹം. കറുത്ത വർഗ്ഗക്കാർക്കിടയിൽ അടിമത്തത്തിൽ ജനിച്ച നേതാക്കളുടെ അവസാന തലമുറയുടെ മാതൃകയായിരുന്ന വാഷിങ്ടൻ, പ്രധാനമായും ദക്ഷിണ ഐക്യനാടുകളിലെ ആഫ്രിക്കൻ അമേരിക്കക്കാരുടെ അഭിലാഷങ്ങളെ പ്രതിനിധാനം ചെയ്തു. ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിന്റെ ഗണ്യമായ പിന്തുണയും വെളുത്ത വർഗ്ഗക്കാരുടെ നേതാക്കളിൽ പലരുടേയും സഹായവും, കറുത്തവർഗ്ഗക്കാരുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനു മുൻകൈയ്യെടുത്തതും, വർണ്ണവ്യതിരിക്തതയിൽ അധിഷ്ഠിതമായ ജിം ക്രോ നിയമങ്ങളുടെ കാലത്തെ സാമൂഹ്യാവസ്ഥയോട് യാഥാർത്ഥ്യബോധത്തോടെ പ്രതികരിച്ചതും എല്ലാം, ജീവിതത്തിന്റെ അവസാനത്തെ 25 വർഷക്കാലം കറുത്തവർഗ്ഗക്കാരുടെ മുഖ്യനേതാക്കളിൽ ഒരാളായിരിക്കാൻ അദ്ദേഹത്തെ സഹായിച്ചു.
ബുക്കർ ടി വാഷിങ്ടൻ | |
---|---|
ജനനം | ഹേൽസ് ഫോർഡ്, വിർജീനിയ, അമേരിക്കൻ ഐക്യനാടുകൾ. | ഏപ്രിൽ 5, 1856
മരണം | നവംബർ 14, 1915 ടസ്കെഗീ, അലബാമ, അമേരിക്കൻ ഐക്യനാടുകൾ | (പ്രായം 59)
തൊഴിൽ | വിദ്യാഭ്യാസവിചക്ഷണൻ, എഴുത്തുകാരൻ, ആഫ്രിക്കൻ അമേരിക്കൻ മനുഷ്യാവകാശപ്രവർത്തകൻ |
ഒപ്പ് | |
തെക്കുപടിഞ്ഞാറൻ വിർജീനിയയിലെ ഒരു ഗ്രാമത്തിൽ കറുത്ത വർഗ്ഗക്കാരിയായ അമ്മയ്ക്ക് ഒരു വെള്ളക്കാരനിൽ നിന്ന് അടിമത്തത്തിൽ ജനിച്ച മകനായിരുന്നു വാഷിങ്ടൻ. അടിമത്തത്തിൽ നിന്നുള്ള മോചനത്തെ തുടർന്ന്, പടിഞ്ഞാറൻ വിർജീനിയയിൽ പലതരം ജോലികൾ ചെയ്തു കുറേക്കാലം കഴിഞ്ഞശേഷം വിദ്യാഭ്യാസത്തിനുള്ള അവസരം അന്വേഷിച്ച് അദ്ദേഹം ഹാമ്പ്ടൻ റോഡ്‌സ് എന്ന സ്ഥലത്തെത്തി. അവിടെ ഹാമ്പ്ടൻ നോർമൽ ആൻഡ് അഗ്രിക്കൾച്ചറൽ ഇൻസ്റ്റിട്യൂട്ടിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം വിർജീനിയായിലെ വേലാൻഡ് സെമിനാരിയിൽ സർവകലാശാലാവിദ്യാഭ്യാസം പൂർത്തിയാക്കി. ഹാമ്പ്ടണിൽ അദ്ധ്യാപകനായി മടങ്ങിയെത്തിയ വാഷിങ്ടൺ, 1881-ൽ അലബാമയിൽ ടസ്കഗീ ഇൻസ്റ്റിട്യൂട്ടിന്റെ ആദ്യത്തെ അദ്ധ്യക്ഷനായി 1881-ൽ നിയുക്തനായി.
അവലംബം
തിരുത്തുക