ബഹുഭാര്യത്വം

(ബഹുഭാര്യാത്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പുരുഷന് ഒരേസമയം ഒന്നിലേറെ ഭാര്യമാരുണ്ടാകുന്ന സാമൂഹ്യവ്യവസ്ഥയാണ് ബഹുഭാര്യത്വം എന്നറിയപ്പെടുന്നത്.[1] വിവാഹേതരബന്ധങ്ങളിലൂടെ ഒന്നിലേറെ സ്ത്രീകളുമായി ലൈംഗികബന്ധമോ മറ്റേതെങ്കിലും തരത്തിലുള്ള പ്രണയബന്ധമോ പുലർത്തുന്നത് പൊതുവേ ബഹുഭാര്യത്വമായി കണ്ടിരുന്നില്ല. മനുഷ്യസമൂഹത്തിൻറെ മുൻകാലചരിത്രത്തിൽ ബഹുഭാര്യത്വം വിവിധ സമൂഹങ്ങളിൽ പുലർത്തിയിരുന്നതായി കാണാൻ സാധിക്കും. എന്നാൽ ഇതിന് എതിർസമ്പ്രദായമായ ബഹുഭർതൃത്വം കുറച്ച് സമൂഹങ്ങളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. പല അറബ് സമൂഹങ്ങളിലും ബഹുഭാര്യത്വം ഇന്നും സർവസാധാരണമാണ്. തമിഴ്നാട്ടിൽ 'ചിന്നവീട് ' എന്ന പേരിൽ അറിയപ്പെട്ടിരുന്നതും ഒരു രീതിയിലുള്ള ബഹുഭാര്യാത്വമായിരുന്നു.

ചരിത്രം

തിരുത്തുക

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പണ്ടുകാലത്ത് ബഹുഭാര്യത്വം വ്യാപകമായിരുന്നു. നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഈ സമ്പ്രദായത്തിൻറെ ഉദാഹരണങ്ങൾ കാണാൻ സാധിക്കും.കൂടാതെ ഹീബ്രു,ചൈന,ആഫ്രിക്ക,ഗ്രീസ്,അമേരിക്ക തുടങ്ങി ഒട്ടുമിക്ക പുരാതനസംസ്കാരങ്ങളിലും ബഹുഭാര്യത്വം അംഗീകൃതമായിരുന്നു.

പിൽക്കാലത്ത് സമൂഹവും സംസ്കാരവും കൂടുതൽ വികസിക്കുകയും പരിഷ്കൃതമാകുകയും ചെയ്തതോടെ ബഹുഭാര്യത്വം ക്രമേണ ഇല്ലാതായിത്തുടങ്ങി. ചില രാജ്യങ്ങളിൽ ഈ സമ്പ്രദായം നിയമം വഴി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോഴും ചില സമൂഹങ്ങൾക്കിടയിൽ വ്യാപകമായ തോതിലല്ലെങ്കിലും ബഹുഭാര്യത്വം നിലനിൽക്കുന്നതായി കാണാം.

കാരണങ്ങൾ

തിരുത്തുക

ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ട സമൂഹത്തിൽ എല്ലാ പുരുഷന്മാരും സ്ത്രീകളും ഈ സമ്പ്രദായത്തിൻറെ ഭാഗമായിക്കൊള്ളണമെന്ന് നിർബന്ധമൊന്നുമില്ല. വിവിധ സാമൂഹികാവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായത്തിലേക്ക് ഓരോ പുരുഷനും സ്ത്രീയും എത്തപ്പെടുന്നത്. സമൂഹത്തിലെ സ്ത്രീ-പുരുഷ അനുപാതം, വിവാഹിതരും അവിവാഹിതരും തമ്മിലുള്ള അന്തരം, പുരുഷൻറെ സാമ്പത്തികശേഷി എന്നിവയെല്ലാം ബഹുഭാര്യത്വത്തിന് കാരണമാകാം.

സ്ത്രീകൾ കൂടുതലുള്ള സമൂഹത്തിൽ ഏകഭാര്യത്വസമ്പ്രദായം അനുഷ്ഠിക്കുമ്പോൾ ഒട്ടേറെ സ്ത്രീകൾ വിവാഹിതരാകാതെ പോകാനിടയുണ്ട്. ക്രമേണ ഇത് ബഹുഭാര്യത്വത്തിലേക്ക് നയിക്കും.

പുരാതനകാലത്ത് സംസ്കാരത്തിൻറെ ഭാഗമായിട്ടായിരുന്നു ബഹുഭാര്യത്വം നിലന്നതെങ്കിൽ ചില ആധുനിക സമൂഹങ്ങളിൽ പുരുഷൻറെ സമ്പന്നതയുടെ അടിസ്ഥാനത്തിൽ ഒന്നലധികം ഭാര്യമാരെ നിലനിൽക്കുന്നതായി കാണാം. ഒന്നിലേറെ ഭാര്യമാരെ പോറ്റാനുള്ള പുരുഷൻറെ സാമ്പത്തികശേഷിയാണ് ഇവിടെ മാനദണ്ഡമാകുന്നത്. ചിലപ്പോൾ ഓരോ ഭാര്യമാർക്കും ഓരോ വീടുകൾ തന്നെ നിർമ്മിച്ചുനൽകേണ്ടിയും വന്നേക്കാം. ചില പ്രത്യേക സാഹചര്യങ്ങളിൽ നാല് ഭാര്യമാരെ വരെ സ്വീകരിക്കാൻ ഇസ്ലാം മതം അനുവാദം നൽകുന്നുണ്ട്. ആദ്യകാലങ്ങളിൽ ഈ രീതി പലയിടങ്ങളിലും കാണാമായിരുന്നെങ്കിലും ആധുനികസമൂഹത്തിൽ വളരെ കുറവാണ്.

ചില സമൂഹങ്ങളിൽ സഹോദരൻറെ വിധവയെ വിവാഹം കഴിക്കുന്ന പതിവുമുണ്ട്. നിരാലംബയായ സ്ത്രീയെ പരിരക്ഷിക്കാൻ കുടുംബത്തിൻറെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിന്നുകൊണ്ടുതന്നെ ആ പുരുഷന് സാധിക്കുമെന്ന നിഗമനമാണ് ഈ രീതിയുടെ അടിസ്ഥാനം.

  1. Webster's Third New International Dictionary, Unabridged, s.v. ‘polygyny’.
"https://ml.wikipedia.org/w/index.php?title=ബഹുഭാര്യത്വം&oldid=3825146" എന്ന താളിൽനിന്ന് ശേഖരിച്ചത്