പോളിവൈനൈൽ ക്ലോറൈഡ് (പി.വി.സി) എന്ന ജൈവ വിഘടന ശേഷിയില്ലാത്ത ഒരു രാസവസ്തുവാണ് ഫ്ലക്സ്. ബോർഡുകളും മറ്റും ഡിജിറ്റൽ രൂപത്തിൽ അച്ചടിക്കാനായാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. ഗുരുതരമായ പരിസ്ഥിതി പ്രശ്‌നമാണ് ഫ്ലക്സുകൾ ഉയർത്തുന്നത്.

വ്യാപനംതിരുത്തുക

ദീർഘകാലം ഈടുനിൽക്കുന്നതും, ഉപയോഗിക്കുന്നതിനുള്ള സൗകര്യവും, ഉയർന്ന ചിത്രീകരണ നിലവാരവും ഫ്ലക്സുകളുടെ അതിവേഗ വ്യാപനത്തിന് കാരണമായി.

നിരോധനംതിരുത്തുക

2014 ൽ കേരളീയ ഇക്കോസിസ്റ്റത്തിൽ ഫ്ലക്സ് വരുത്തി വെക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് കേരള സർക്കാർ ഫ്ലക്സ് നിരോധിച്ചിരുന്നു. സംസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾ നിരോധിച്ച് കൊണ്ട് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്. ഗുരുതരമായ പരിസ്ഥിതി പ്രശ്‌നമാണെന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് ഹൈക്കോടതി ഫ്ലക്സ് ബോർഡുകളുടെ ഉപയോഗം നിരോധിച്ചത്. ഹർജിയിൽ  സംസ്ഥാന സർക്കാരിനേയും കേന്ദ്രസർക്കാരിനെയും മലീനകരണ ബോർഡിനേയും ഇലക്ഷൻ കമ്മീഷനേയും എതിർകക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു കാലത്തും നശിക്കാതെ കിടക്കുന്ന ഫ്ലക്സ് ബോർഡുകൾ പരിസ്ഥിതിയ്ക്ക് വലിയ ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ആയിരക്കണക്കിന് ഫ്ലക്സുകളാണ് തെരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലത്തിലും ഇറക്കപ്പെടുന്നത്. ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്ത പക്ഷം അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.  [1]  

പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ദോഷമുണ്ടാക്കുന്നുവെന്ന കാരണത്താൽ സംസ്ഥാനത്ത് ഫ്ലെക്സിന്റെ ഉപയോഗം പൂർണമായി നിരോധിച്ച് 2019 ഓഗസ്റ്റ് 30 ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പ്ലാസ്റ്റിക് ആവരണമുള്ള തുണിക്കും നിരോധനമുണ്ട്. സർക്കാർ പരിപാടികൾ, സ്വകാര്യ പരിപാടികൾ, മതപരമായ ചടങ്ങുകൾ, സിനിമ പ്രചാരണം, പരസ്യം ഉൾപ്പെടെ ഒന്നിനും പിവിസി ഫ്ലെക്സ് ഉപയോഗിക്കാനോ അച്ചടിക്കാനോ പാടില്ല. പകരം തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങി പുനരുപയോഗിക്കാൻ കഴിയുന്നവ ആകാം. ഇവയിൽ അച്ചടിക്കുന്ന ബോർഡുകളിലും ബാനറുകളിലും മറ്റും ‘റീസൈക്ലബിൾ പിവിസി ഫ്രീ’ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റിങ് നമ്പറും ചേർക്കണം. ബോർഡുകളും ബാനറുകളും പരിപാടി നടക്കുന്ന തീയതി മുതൽ 7 ദിവസത്തിനുള്ളിൽ സംഘാടകർ തന്നെ നീക്കണം. തീയതി വയ്ക്കാത്ത ബാനറുകൾക്ക് അവ സ്ഥാപിച്ച് 90 ദിവസമാണ് ഉപയോഗ കാലാവധി. അതു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ നീക്കണം. ഇതനുസരിച്ച് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ സമയപരിധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം. ഇവ പാലിക്കാത്തവരിൽ നിന്ന് ചതുരശ്രയടിക്ക് 20 രൂപ നിരക്കിൽ പിഴയും നീക്കുന്നതിനുള്ള ചെലവും തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കും. നിരോധനം ലംഘിച്ച് പുതുതായി അച്ചടിക്കുന്നവർക്കും ഈ പിഴ ബാധകമാണ്.

ആരോഗ്യ പ്രശ്നങ്ങൾതിരുത്തുക

പി.വി.സി ഫ്ലക്സുകൾ സൂര്യ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ നാൽപത് ഡിഗ്രി സെൽഷ്യസിനപ്പുറം താപനിലയിൽ ഡീ-ഹൈഡ്രോ ക്ലോറിനേഷന് വിധേയമായി, വിഷരാസ പദാർത്ഥങ്ങൾ പുറന്തള്ളുകയും അവ ശ്വസിക്കുന്നത് പല തരം ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ കാരണങ്ങൾക്കൊണ്ട് പാശ്ചാത്യ രാജ്യങ്ങളിൽ കുട്ടികളുടെ കളിപ്പാട്ടങ്ങളിൽപ്പോലും ഉപയോഗിക്കുന്ന പി.വി.സി യുടെ ഉപയോഗം ഭാഗികമായോ പൂർണ്ണമായോ നിരോധിച്ചിട്ടുണ്ട്.

ഹോർമോൺ അസന്തുലിതാവസ്ഥ, പ്രതിരോധ ശേഷി കുറവ്, ഉദരസംബന്ധമായ രോഗങ്ങൾ, ജനന വൈകല്യങ്ങൾ, ജനിതകവൈകല്യങ്ങൾ എന്നിവ ഉണ്ടാക്കുവാൻ ഫ്ലക്സിലെ രാസപദാർഥങ്ങൾക്ക് കഴിവുണ്ട്. ഫ്ലക്സ് ഉണ്ടാക്കുമ്പോഴും സംസ്‌കരിക്കുമ്പോഴും ഒരു പോലെ മാരക രാസവാതകങ്ങൾ അന്തരീക്ഷത്തിലും വെള്ളത്തിലും മണ്ണിലും എത്തുന്നുണ്ട്. ഫ്ലക്സിൽ ഉപയോഗിക്കുന്ന പ്രിന്റ് മഷി ത്വക് രോഗങ്ങൾ, അലർജി, ആസ്തമ എന്നിവക്ക് കാരണമാകുന്നു. ഈ മഷി ഗർഭസ്ഥ ശിശുക്കളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതായി ഗവേഷണ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്.


ഫ്ലക്സ് നിർമ്മാണ വേളയിൽ ഡയോക്‌സിൻ, എത്തിലീൻ ഡൈക്ലോറൈഡ്, ഘനലോഹങ്ങൾ, കുമിൾ നാശിനികൾ, ഫതാലേറ്റ്കൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ അമ്ല വാതകങ്ങൾ പുറത്തുവരുന്നതോടൊപ്പം ക്യാൻസർ ഉണ്ടാക്കുന്ന അതിമാരകമായ ടെട്രാ ക്ലോറോഡൈബെൻസോ പാരാഡൈയോക്‌സിനും കൂടി ഫ്ലക്സ് ഉദ്പാദനത്തോടൊപ്പം ഉണ്ടാകുന്നു.

പി. വി. സി യിൽ നിന്നും പുറത്തുവരുന്ന ഡൈയോക്‌സിനുകൾ മഴവെള്ളത്തിലൂടെ ജലസ്രോതസ്സുകളിലും കുടിവെള്ളത്തിലൂടെ മനുഷ്യ ശരീരത്തിലും എത്തുന്നു. ഫ്ലക്സ് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് മാരകമാണ്. ഇങ്ങനെ ശ്വാസകോശത്തിലെത്തുന്ന ഡൈയോക്‌സിനുകൾ ക്യാൻസർ ഉണ്ടാക്കുന്നു. മുലപ്പാലിലൂടെ ഡൈയോക്‌സിൻ കുഞ്ഞുങ്ങളിൽ എത്തുന്നു. മത്സ്യം, പാൽ, മുട്ട, ഇറച്ചി, പച്ചക്കറികൾ, വെള്ളം, വായു എന്നിവയിലൂടെ ഫ്‌ളക്സിൽ നിന്നുള്ള വിഷാംശങ്ങൾ ജീവജാലങ്ങളിൽ എത്തുന്നു. ഫ്ലക്സിൽ നിന്നുപുറത്തു വരുന്ന ബിസ്‌ഫെനോൾ എ യും ഫതാലേറ്റ്കളും ആൺകുട്ടികളിൽ സ്‌ത്രൈണ സ്വഭാവം വളർത്തുന്നതിനും വന്ധ്യതക്കും ലിംഗവളർച്ചക്കുറവിനും കാരണമാകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പെൺകുട്ടികളിൽ സ്തനാർബുദത്തിനും കരൾ കിഡ്‌നി തകരാറുകൾ, പ്രെമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. [2]

ലാമിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഫ്ലക്സ് ലായകങ്ങൾ നാഡീ വ്യൂഹത്തെ ബാധിക്കുന്നവയാണ്. ഫ്ലക്സ് പ്രിന്റിംഗ് മഷിയും അതോടൊപ്പം പുറത്തു വരുന്ന അമ്ല വാതകങ്ങളും കണ്ണുകൾ നശിപ്പിക്കുന്നതിനും അവയവങ്ങളെ ദ്രവിപ്പിക്കുന്നതിനും കഴിവുള്ളവയാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്ന അവയവങ്ങളായ കരൾ, അരിപ്പയായി പ്രവർത്തിക്കുന്ന കിഡ്‌നി എന്നിവയെ ഫ്ലക്സിലെ ഡൈയോക്‌സിനുകൾ കേടുവരുത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ക്യാൻസറിനും വന്ധ്യതക്കും ഫ്ലക്സിലെ രാസമാലിന്യങ്ങൾ വെഴിവക്കുന്നുണ്ട്. ഓരോ ഇലക്ഷൻ പ്രചാരണം കഴിയുമ്പോഴും ഓരോ സ്ഥാനാർഥിയും 25,000 ഫ്ലക്സ് ബോർഡുകൾ എങ്കിലും ഉപയോഗിക്കുന്നുണ്ട്. പ്രതിമാസം ഇന്ത്യയിലെ പട്ടണങ്ങളിൽ 750 ടണ്ണിലധികം ഫ്ലക്സ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മനുഷ്യനിൽ അകാലനിര ഉണ്ടാക്കുന്നതിൽ ഫ്ലക്സിന് പങ്കുണ്ട്. ഫ്‌ളക്സ് ജൈവവിഘടനമല്ലാത്തതിനാൽ വരും തലമുറയെ കൂടി ബാധിക്കുന്നു എന്നത് അപകടസാധ്യതയുടെ ആക്കം കൂട്ടുന്നു.

ബദൽ സംവിധാനംതിരുത്തുക

പി.വി.സി ഫ്ലക്സിന് പകരമായി പോളി എത്തിലീനാൽ നിർമ്മിതമായിട്ടുള്ളതും 100 ശതമാനം റീസൈക്ലിംഗ് ചെയ്യാവുന്നതുമായ പോളി എത്തിലീൻ പ്രിന്റിംഗ് മെറ്റീരിയൽ ഉപയോഗിച്ചുവരുന്നു. ക്ലോറിൻ വിമുക്തമായതുകൊണ്ട് ഇവയിൽ നിന്നും പുന:ചെക്രമണ വേളയിൽ വിഷവാതകങ്ങൾ പുറന്തള്ളപ്പെടുന്നില്ല. പി.വി.സി ഫ്ലക്സിന് ബദലായി 100 ശതമാനം പി.വി.സി രഹിത റീ-സൈക്ലബിൾ ആയ പോളി എത്തിലിൻ നിർമ്മിത പ്രിന്റിംഗ് മെറ്റീരിയൽ മാർക്കറ്റിൽ ലഭ്യമാകുന്നുണ്ട്. ഇത് പ്രിന്റിംഗിനുവേണ്ടി ഉപയോഗിക്കുവാൻ കഴിയുന്നതാണ്.

ഇതും കാണുകതിരുത്തുക

പോളിവൈനൈൽ ക്ലോറൈഡ്

അവലംബംതിരുത്തുക

  1. കേരള കൗമുദി [1] ശേഖരിച്ചത് 2019 ജൂലൈ 23
  2. മാതൃഭൂമി ദിനപത്രം [2] ശേഖരിച്ചത് 2019 ജൂലൈ 23
"https://ml.wikipedia.org/w/index.php?title=ഫ്ലക്സ്&oldid=3257456" എന്ന താളിൽനിന്ന് ശേഖരിച്ചത്