ഫാസിസത്തിന്റെ നിർവചനങ്ങൾ

ഫാസിസം ഇന്നത്തെ പ്രാധാന്യം

ഫാസിസത്തെയും ഫാസിസ്റ്റ് ഭരണകൂടത്തേയും നിർവചിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നത് തർക്കവിഷയമാണ്.  ചരിത്രപഠിതാക്കളും സാമൂഹ്യശാസ്ത്രജ്ഞരും ഫാസിസത്തിന്റെ സവിശേഷസ്വഭാവത്തെക്കുറിച്ചുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുന്നു.

നിർവചിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു പ്രത്യയശാസ്ത്രമാണ് ഫാസിസം. 1922 മുതൽ 1943 വരെ  മുസ്സോളിനിയുടെ കീഴിൽ ഇറ്റലിയിൽ നിലനിന്ന രാഷ്ട്രീയ സാഹചര്യങ്ങളെ വിശേഷിപ്പിക്കുവാനാണ് ഫാസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്.[1][2][3]

ഉംബർട്ടോ എക്കോ

തിരുത്തുക

1995 -ൽ ഉംബർട്ടോ എക്കോ എഴുതിയ "നിതാന്ത ഫാസിസം" എന്ന ലേഖനത്തിൽ ഫാസിസത്തിന്റെ വ്യത്യസ്തമായ 14 ലക്ഷണങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ചിലതൊക്കെ പരസ്പരവിരുദ്ധമെന്ന് തോന്നാമെങ്കിലും, എല്ലാംകൂടി ഒന്നിച്ചു ചേർന്നില്ലെങ്കിലും ഫാസിസമാകും എന്ന് എക്കോ പറയുന്നുണ്ട്. അതിൽ പതിനൊന്നെണ്ണം  താഴെ ചേർക്കുന്നു:[4]

  • പാരമ്പര്യാരാധന - ആധുനികതയെ തള്ളിക്കളഞ്ഞുകൊണ്ട് വ്യത്യസ്തമായ പരമ്പരാഗത സാംസ്കാരങ്ങളെ സമന്വയിപ്പിച്ച് ആരാധിക്കുന്നു.
  • കർമ്മനിരതരാകാൻ വേണ്ടി കർമ്മനിരതരാകൽ - യുക്തിയും സ്വതന്ത്രചിന്തയും നിരസിച്ചുകൊണ്ട് ആധുനിക സംസ്കാരത്തേയും ശാസ്ത്രത്തേയും ആക്രമിക്കുന്ന പ്രവണത പ്രദർശിപ്പിക്കുകയും, അത്തരം പ്രവൃത്തികളിൽ വ്യാപൃതരാകുകയും ചെയ്യുന്നു..
  • വിയോജിപ്പിനെ വിശ്വാസവഞ്ചനയായി ചിത്രീകരിക്കൽ - ധൈഷണിക ചർച്ചകളെയും യുക്തിചിന്തയേയും അവമതിച്ച് അതിനെ വിശ്വാസവഞ്ചനയായി കണക്കാക്കുന്നു.
  • വ്യത്യസ്തതയോടുള്ള ഭയം - സമൂഹത്തിൽ ഒന്നിച്ചു നിലനിൽക്കുന്ന നാനാത്വത്തെ ഭയക്കുന്നു. വംശവെറിയുടേയോ ജാതിസ്പർദ്ധയുടെയോ രൂപത്തിൽ അവയെ ഭിന്നിപ്പിക്കുവാനും തമ്മിലടിപ്പിക്കുവാനുമുള്ള പ്രേരണ സമൂഹത്തിൽ വിതയ്ക്കുന്നു.
  • മദ്ധ്യവർഗ്ഗനിരാശയിൽ നിന്നും ഉരുത്തിരിയൽ - ഒരു വലിയ സമൂഹഗണമായ മദ്ധ്യവർഗ്ഗത്തിന്റെ സാമ്പത്തിക ക്ലേശത്തിൽ നിന്നും പിന്തുണ ഉറപ്പുവരുത്തുന്നു.
  • സാങ്കല്പികശത്രുവിനെ സൃഷ്ടിക്കൽ - 1930-കളിൽ ജർമനിയിൽ നിലനിന്നിരുന്ന ജൂതവിരോധം ഒരുദാഹരണമാണ്. 
  • നിതാന്തമായ യുദ്ധം - ശത്രുസ്ഥാനത്തുള്ളവരുമായുള്ള സമാധാനചർച്ചകൾ പൊള്ളത്തരമായി കാണുന്നു. നിരന്തരയുദ്ധത്തിലൂടെ ശത്രുവിന്റെ ഉന്മൂലനം ലക്ഷ്യം വെക്കുന്നു.
  • ദുർബലരോടുള്ള അവജ്ഞ - തങ്ങൾ സ്വയം കുലീനരാണെന്ന ബോദ്ധ്യവും ദുർബലർ നിലനിൽക്കൻ പോലും അർഹരല്ലെന്ന വിശ്വാസവും.
  • പൊതുതാല്പര്യം സ്വയം തീരുമാനിക്കുന്ന ഭരണകൂടം - ജനതയുടെ താല്പര്യങ്ങൾ വ്യത്യസ്തമാകാമെങ്കിലും അതുൾക്കൊള്ളാതെ സ്വേച്ഛാപരമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഭരണകൂടം.
  • നവഭാഷ - യുക്തിചിന്തയെയും പ്രതികരണങ്ങളേയും നിരാകരിക്കുന്ന ഭാഷയും വ്യാകരണവും നിർമ്മിക്കുന്നു. ജോർജ് ഓർവലിന്റെ 1984 എന്ന രാഷ്ട്രീയനോവലിലാണ് ഇതിന്റെ സൂചനയുള്ളത്.
  • നുണപ്രചരണങ്ങൾ

ജോർജ് ഓർവൽ

തിരുത്തുക

ജോർജ് ഓർവൽ 'ഞാൻ എന്തിനെഴുതുന്നു' എന്ന ലേഖനത്തിൽ ഫാസിസത്തെ സാമ്പത്തികമായി നിർവചിക്കുന്നുണ്ട്.

ജർമനിയിലെ ഫാസിസം  ഒരർത്ഥത്തിൽ മുതലാളിത്തം തന്നെയാണ്. അത് പടപൊരുതാനുള്ള മാർഗ്ഗങ്ങൾ സോഷ്യലിസത്തിൽ നിന്നും സമർത്ഥമായി കടം കൊള്ളുകയും ചെയ്തിരിക്കുന്നു. കൃത്യമായ ലക്ഷ്യത്തോടെ ലോകം കീഴടക്കുവാനായി അത് മുന്നോട്ട് നീങ്ങുന്നു, വ്യക്തിതാത്പര്യങ്ങളെ പൂർണ്ണമായി നിരാകരിച്ചുകൊണ്ട്.

  1. D. Redles, Hitler’s Millennial Reich: Apocalyptic Belief and the Search for Salvation, New York Univ.
  2. Klaus Vondung, The Apocalypse in Germany, Columbia and London: Univ. of Missouri Press, 2000;
  3. N. Cohn, The Pursuit of the Millennium: Revolutionary Millenarians and Mystical Anarchists of the Middle Ages, revised and expanded, New York: Oxford Univ.
  4. Umberto Eco: Eternal Fascism, The New York Review of Books, June 22, 1995 Archived 2005-11-29 at the Library of Congress, archive Archived 2016-03-04 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക