ഫാദർ. മോസസ് ലൈബ്രറി, രാജഗിരി കോളേജ്, കളമശ്ശേരി

"രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നിറവിന്റെ 50 വർഷങ്ങൾ പിന്നിടുന്ന 'ഫാദർ. മോസസ് ലൈബ്രറി' പിന്നിട്ട പാതകളിൽ വളരെ സ്തുത്യാർഹമായ സേവനങ്ങളാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി അഹോരാത്രം പരിശ്രമിച്ച ലൈബ്രറി ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഫാദർ.മോസസ് ലൈബ്രറി എന്ന പേര് സ്വീകരിച്ചു കൊണ്ട് 1980-ൽ നിലവിൽ വന്ന ലൈബ്രറി 1967-ൽ കോളേജുമായി ചേർന്നു പ്രവർത്തനം ആരംഭിച്ചു. സോഷ്യൽ വർക്ക്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് & മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി & ഇൻഫൊർമേഷൻ, ഇംഗ്ലീഷ്-മലയാളം ലിറ്ററേച്ചർ എന്നീ പഠന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ലൈബ്രറി 30,000 വിഭാഗം പുസ്തകങ്ങൾ, 120 നാഷണൽ & ഇന്റർനാഷണൽ ജേർണലുകൾ, 40-ഓളം മാഗസിനുകൾ, 12-ഓളം പത്രമാദ്ധ്യമങ്ങൾ എന്നിവയാൽ സമ്പന്നമാണ്.

രാജഗിരി കോളേജ് യു.ജി ബ്ലോക്കിൽ 17,000 സ്ക്വ.ഫീറ്റിൽ പുതുതായി പണി പൂർത്തിയായി വരുന്ന ലൈബ്രറി കെട്ടിടം 300-ഓളം പേർക്ക് ഇരിക്കാനാവും വിധം സീറ്റിങ്ങ് ക്രമീകരണങ്ങളാൽ സജ്ജമാണ്. ഗ്ലാസ്സ് നിർമ്മിതമായ ജനാലകളാൽ സജ്ജമാക്കപ്പെട്ട ലൈബ്രറി വായനക്കാരനും പുറം ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉതകും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറിയുടെ മുഖ്യ ആകർഷണമെന്നോണം പണി പൂർത്തിയായി വരുന്ന " ടവർ ഓഫ് വിസ്ഡം" പില്ലർ ഇന്ന് മാദ്ധ്യമശ്രദ്ധ നേടി വരികയാണ്. 36-ഓളം പുസ്തക മാത്യകകൾ ഉൾപ്പെടുത്തി തട്ടുതട്ടായാണ് ഈ പില്ലർ ക്രമീകരിച്ചിട്ടുള്ളത്. വളരെ പ്രശസ്തനായ ബെൽജിയം ആർട്ടിസ്റ്റ് 'ജീൻ പിയറെ ഗൈസെൽ' നിർമ്മിച്ചിട്ടുള്ള "അപ്പ് വേർഡ് റിച്വൽ" എന്ന വർക്കിനെ അടിസ്ത്ഥാനമാക്കി അതേ മാത്യകയിലാണ് ഈ പില്ലർ ഒരുക്കിയിരിക്കുന്നത്. ലൈബ്രറിയുടെ പ്രധാന ആകർഷണമായി പ്രവേശന കവാട മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ നിർമ്മിതി ഏതൊരു കാഴ്ച്ചക്കാരന്റെയും നിരീക്ഷണ പാഠവത്തെ ചോദ്യം ചെയ്യാൻ കഴിവുള്ളവയാണ്.

നിർമ്മാണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി കോളേജിൽ നിന്നുള്ള എട്ടക്ക വിദഗ്ദരുടെ സംഘം കേരള, ബാംഗ്ലൂർ എന്നീ പ്രദേശങ്ങളിലെ പുതിയ ലൈബ്രറികളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. 5,6,7,8 നിലകളിലായ് സ്ഥിതി ചെയ്യുന്ന ലൈബ്രറി വിദ്യാർത്ഥി സൗഹൃദ മാനദണ്ഢങ്ങൾ പൂർണ്ണമായും പാലിക്കും വിധമാണ് നിർമ്മിച്ചിട്ടുള്ളത്.