ദൂരക്കാഴ്ചക്കൊപ്പം സമീപകാഴ്ചയിലെ പ്രശ്നങ്ങൾ (വെള്ളെഴുത്ത്) കൂടി ശരിയാക്കുന്ന ഒരു തരം തിരുത്തൽ ലെൻസ് ആണ് പ്രോഗ്രസ്സീവ് ലെൻസ്. ഇവ പ്രോഗ്രസ്സീവ് അഡിഷൻ ലെൻസ് (പിഎഎൽ) അല്ലെങ്കിൽ മൾട്ടിഫോക്കൽ ലെൻസ് എന്നും അറിയപ്പെടുന്നു. ബൈഫോക്കൽ ലെൻസുകളിൽ നിന്ന് വ്യത്യസ്ഥമായി, ദൂരക്കാഴ്ചയ്ക്ക് ആവശ്യമായ പവറിൽ നിന്ന് സമീപകാഴ്ചയ്ക്കുള്ള ലെൻസ് പവർ ക്രമേണ വർദ്ധിച്ച് വരുന്നത് പ്രോഗ്രസീവ് ലെൻസിൻ്റെ സവിശേഷതയാണ്. ലെൻസ് ഉപരിതലത്തിലെ പ്രോഗ്രസ്സീവ് പവർ ഗ്രേഡിയന്റിന്റെ നീളം ലെൻസിന്റെ രൂപകൽപ്പനയെ ആശ്രയിച്ചിരിക്കുന്നു. വായിക്കാനായി കൂട്ടിച്ചേർക്കേണ്ട പവർ രോഗിയുടെ വെള്ളെഴുത്ത് നിലയെ ആശ്രയിച്ചിരിക്കുന്നു. പൊതുവേ രോഗിക്ക് പ്രായമേറുന്തോറും വായനക്ക് ചേർക്കേണ്ട പവർ അധികമാകും.

കുറച്ച് അകലെ പിടിച്ചിരിക്കുന്ന ഒരു പ്രോഗ്രസ്സീവ് ലെൻസിലൂടെയുള്ള കാഴ്ച.

ചരിത്രം

തിരുത്തുക

ഒരു പ്രോഗ്രസ്സീവ് ലെൻസിനുള്ള ആദ്യത്തെ പേറ്റന്റ്, 1907 ൽ ഓവൻ ഏവസ് നേടിയ ബ്രിട്ടീഷ് പേറ്റന്റ് 15,735 ആയിരുന്നു. ഈ പേറ്റന്റിൽ നിർമ്മാണ പ്രക്രിയയും രൂപകൽപ്പനയും ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും ഈ ലെൻസ് വാണിജ്യവൽക്കരിക്കപ്പെട്ടിട്ടില്ല. ആധുനിക പ്രോഗ്രസ്സീവ് ലെൻസുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു പവർ പ്രോഗ്രഷൻ സൃഷ്ടിക്കുന്നതിനായി കോണാകൃതിയിലുള്ള പിൻ ഉപരിതലവും, എതിർ അക്ഷത്തോടുകൂടിയ സിലിണ്ട്രിക്കൽ ഫ്രണ്ടും ആയിരുന്നു ഈ ലെൻസിൽ ഉണ്ടായിരുന്നത്.[1]

നിരവധി ഇന്റർമീഡിയറ്റ് ഘട്ടങ്ങളുണ്ടെങ്കിലും (എച്ച്. ന്യൂബോൾഡ് 1913 ൽ എവ്സിന് സമാനമായ ലെൻസ് രൂപകൽപ്പന ചെയ്തതായി കരുതുന്നു),[2] 1922 ൽ ഡ്യൂക്ക് എൽഡർ ലോകത്തെ ആദ്യത്തെ വാണിജ്യപരമായി ലഭ്യമായ പി‌എ‌എൽ (അൾട്രിഫോ) വികസിപ്പിച്ചെടുത്തുവെന്നതിന് തെളിവുകൾ ഉണ്ട്. ആസ്‌ഫെറിക്കൽ പ്രതലങ്ങളുടെ ക്രമീകരണത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്.

ആധുനിക രൂപകൽപ്പനയുള്ള ആദ്യത്തെ പ്രോഗ്രസ്സീവ് ലെൻസുകൾ കാൾ സീസ് എജി, വേരിലക്സ് എന്നിവയായിരുന്നു. ബെർണാഡ് മൈറ്റെനാസ്, 1953 ൽ വേരിലക്സിന് പേറ്റന്റ് നേടി, 1959 ൽ സൊസൈറ്റി ഡെസ് ലുനെറ്റിയേഴ്സ് (ഇപ്പോൾ എസ്സിലോർ) ഉൽപ്പന്നം വിപണിയിൽ അവതരിപ്പിച്ചു. ആദ്യത്തെ വേരിലക്സ് ലെൻസുകളുടെ ഉപരിതല ഘടന ബൈഫോക്കൽ ലെൻസുകൾക്ക് സമാനമായിരുന്നു. 1972-ൽ വേരിലക്സ് 2 അവതരിപ്പിച്ചതോടെ കണ്ണുമായുള്ള പൊരുത്തപ്പെടലിലും സുഖസൗകര്യങ്ങളിലും പെരിഫറൽ, ഡൈനാമിക് വീക്ഷണത്തിലുമുള്ള വഴിത്തിരിവ് സംഭവിച്ചു, ഇതിനായി മൈറ്റെനാസ് തികച്ചും ആസ്‌ഫെറിക് ആയ രൂപകൽപ്പനയും നിർമ്മാണ പ്രക്രിയയും സൃഷ്ടിച്ചു.[3] കാൾ സീസ് എജി 1983 ൽ സ്വന്തമായി പേറ്റന്റ് നേടിയ പ്രോഗ്രസ്സീവ് ലെൻസ് സീരീസ് ഗ്രേഡൽ എച്ച്എസ് നായി ഫ്രീഫോം സാങ്കേതികവിദ്യ വികസിപ്പിച്ചു.[4]

ആദ്യകാല പ്രോഗ്രസ്സീവ് ലെൻസുകൾ താരതമ്യേന ദുർഘടമായ ഡിസൈനുകളായിരുന്നു. വലതും ഇടതും ലെൻസുകളിലെ മുകളിലും താഴെയുമുള്ള ദൂരക്കാഴ്ചയ്ക്കും വായനക്കും ഉള്ള പവർ സെന്ററുകൾ ഒരുപോലെയുള്ള വേരിയബിൾ പവർ ലെൻസുകളായിരുന്നു. ദൂരക്കാഴ്ചയിൽ നിന്ന് നിന്ന് വായനയിലേക്ക് കണ്ണിന്റെ സ്ഥാനം മാറ്റുന്നതിനനുസരിച്ചാണ് ഗ്ലേസിംഗ് നിർമ്മിച്ചത്. വായനയുടെ പോയിന്റ് ഏകദേശം 14 മി.മീ താഴോട്ടും 2 മി.മീ നേസൽ (മൂക്കിന്റെ) ഭാഗത്തേക്ക് മാറിയും ആണ് നിർമ്മിച്ചിരുന്നത്.

എന്നിരുന്നാലും, പൊതുവെ കണ്ണുകൾ അസമമായി പ്രവർത്തിക്കുന്നതിനാൽ സമമിതി രൂപകൽപ്പന രോഗികൾക്ക് ബുദ്ധിമുട്ടായിരുന്നു. പ്രത്യേക ഡിസൈനുകൾ‌ ഉൾ‌ക്കൊള്ളുന്ന ആധുനിക സങ്കീർണമായ പ്രോഗ്രസ്സീവ് ലെൻസുകൾ‌ കൂടുതൽ‌ രോഗി സ്വീകാര്യതയ്‌ക്കായി അസമമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

സാധാരണ പ്രോഗ്രസീവ് ലെൻസ് നിർമ്മിക്കുന്നത് സെമി-ഫിനിഷ്ഡ് ലെൻസിൽ നിന്നാണ്. സെമി-ഫിനിഷ്ഡ് ലെൻസ് മുൻവശത്ത് അസമമായ പവർ പാറ്റേൺ ഉപയോഗിച്ച് വാർത്തെടുക്കുന്നു. ഓരോ രോഗിക്കും ആവശ്യമായ പവർ ക്രമീകരിക്കുന്നതിന് ലെൻസിൻ്റെ പിൻ ഉപരിതലത്തിൽ ഇച്ഛാനുസൃത മാറ്റം വരുത്തുന്നു. എന്നിരുന്നാലും ഈ രീതി പ്രശ്നകരമാണ്, പ്രത്യേകിച്ച് ആസ്റ്റിഗ്മാറ്റിക് കുറിപ്പടികളിൽ. സെമി-ഫിനിഷ്ഡ് ഫ്രണ്ട് പാറ്റേൺ ഒരു സ്ഫെറിക്കൽ കുറിപ്പടിക്ക് വേണ്ടി രൂപകൽപ്പന ചെയ്തതാണ് എന്നതാണ് കാരണം. ഫ്രീഫോം ഡിസൈനുകൾ‌ ഓരോ കുറിപ്പടിക്കും അനുസരിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ ഈ പ്രശ്‌നമില്ല.[5]

1980 കൾ മുതൽ, നിർമ്മാതാക്കൾക്ക് ഇനിപ്പറയുന്ന രീതികളിലൂടെ അനാവശ്യ വ്യതിയാനങ്ങൾ കുറയ്ക്കാൻ കഴിഞ്ഞു:

  • കൂടുതൽ ഡിസൈൻ നിയന്ത്രണം അനുവദിക്കുന്ന, ഉപരിതലങ്ങളുടെ ഗണിതശാസ്ത്ര മോഡലിംഗിലെ മെച്ചപ്പെടുത്തലുകൾ
  • വിപുലമായ ധരിക്കുന്നവരെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങൾ; ഒപ്പം
  • മെച്ചപ്പെട്ട ലെൻസ് നിർമ്മാണവും അളക്കൽ സാങ്കേതികവിദ്യയും.

ഇന്ന് ഒരു പ്രോഗ്രസീവ് ലെൻസിന്റെ സങ്കീർണ്ണമായ ഉപരിതലങ്ങൾ കമ്പ്യൂട്ടർ നിയന്ത്രിത മെഷീനുകളിൽ മുറിച്ച് മിനുസപ്പെടുത്താൻ കഴിയും, ഇത് മുമ്പത്തെ കാസ്റ്റിംഗ് പ്രക്രിയയ്ക്ക് വിരുദ്ധമായി 'ഫ്രീഫോം സർഫസിങ്ങ്' അനുവദിക്കുന്നു. സാങ്കേതിക വിദ്യ മാറുന്നതിനനുസരിച്ച് ലെൻസ് വിലയിലും മാറ്റം വരും. ഉപയോഗിച്ച സാങ്കേതികവിദ്യയെയും ലെൻസ് വിപണിയിലെത്തിയ വർഷത്തെയും അടിസ്ഥാനമാക്കിയാണ് വില.

പ്രയോജനങ്ങളും ഉപയോഗവും

തിരുത്തുക
  • സിംഗിൾ വിഷൻ ലെൻസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രോഗ്രസീവ് ലെൻസുകൾ ഒരു വെള്ളെളെഴുത്ത് രോഗിക്ക് എല്ലാ ദൂരങ്ങളിലും വ്യക്തമായി കാണുന്നതിന് ആവശ്യമായ തിരുത്തൽ നൽകുന്നു. സാധാരണയായി തല ചെറുതായി ചരിച്ച് ക്രമീകരിക്കുന്നതിലൂടെയോ അല്ലെങ്കിൽ കാണുന്ന ഒബ്ജക്റ്റ് നീക്കുന്നതിലൂടെയോ ഇത് സാധ്യമാണ്.
  • പ്രോഗ്രസ്സീവ് അഡീഷണൽ ലെൻസുകൾ ചിലപ്പോൾ ബൈഫോക്കൽ, ട്രൈഫോക്കൽ ലെൻസുകൾക്കൊപ്പം കാണപ്പെടുന്ന ഇമേജ്-ജമ്പുകൾ ഒഴിവാക്കുന്നു
  • ചില ആളുകൾ പ്രോഗ്രസീവ് ലെൻസുകൾ കൂടുതൽ സൗന്ദര്യാത്മകമായി കരുതുന്നു. ബൈഫോക്കലുകളും അനുബന്ധ രൂപകൽപ്പനകളും വാർദ്ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, രണ്ട് പവറുകൾ വേർതിരിക്കുന്ന ദൃശ്യമായ വരകളുടെ അഭാവം മൂലം പ്രോഗ്രസീവ് ലെൻസുകൾ സിംഗിൾ വിഷൻ ലെൻസുകൾക്ക് സമാനമായി തോന്നും.

പോരായ്മകൾ

തിരുത്തുക

പെരിഫറൽ ഡിസ്ടോർഷൻ: രൂപകൽപ്പനയിലെ പ്രത്യേകത പ്രോഗ്രസീവ് ലെൻസുകളുടെ വശങ്ങളിൽ ഡിസ്ടോർഷനുകളുണ്ടാവും. ഇത് മൂലം വശങ്ങളിലേക്ക് നോക്കുമ്പോൾ പ്രയാസം അനുഭവപ്പെടാം. ലെൻസുകൾക്കനുസരിച്ച് ഈ പ്രശ്നം കൂടുതലോ കുറവോ ആകാം.

ഫിറ്റിംഗ്: പ്രോഗ്രസീവ് ലെൻസുകൾക്ക് ധരിക്കുന്നയാളുടെ പ്യൂപ്പിൾ സെൻ്റർ അനുസരിച്ച് ശ്രദ്ധാപൂർവ്വമുള്ള പ്ലെയ്‌സ്‌മെന്റ് ആവശ്യമാണ്. ഫിറ്റിംഗ് ലൊക്കേഷൻ തെറ്റായാൽ ധരിക്കുന്നയാൾക്ക് (ലെൻസിന്റെ രൂപകൽപ്പനയെ ആശ്രയിച്ച്) ഇടുങ്ങിയ കാഴ്ചാ ഫീൽഡുകൾ, ഒരു കണ്ണിൽ മാത്രം വ്യക്തമായ കാഴ്ച, ഓൺ-ആക്സിസ് മങ്ങൽ, വ്യക്തമായി കാണാൻ തലയുടെ സ്ഥാനം മാറ്റേണ്ടതിന്റെ ആവശ്യകത എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

ചെലവ്: ഉയർന്ന ഉൽ‌പാദന, ഫിറ്റിംഗ് ചെലവ് കാരണം പ്രോഗ്രസീവ് ലെൻസുകൾ ബൈഫോക്കൽ, സിംഗിൾ-വിഷൻ ലെൻസുകളേക്കാൾ ചെലവേറിയതാണ്. കൃത്യമായ ഇഞ്ചക്ഷൻ മോൾഡിംഗ് ഉപയോഗിച്ച് ഫാബ്രിക്കേഷൻ ചെലവ് കുറയ്ക്കുന്നതിന് ചില ഗവേഷണങ്ങൾ നടത്തിവരുന്നുണ്ട്.[6]

പൊരുത്തപ്പെടുത്തൽ

തിരുത്തുക

പ്രോഗ്രസീവ് ലെൻസുകൾ ആദ്യമായി ഉപയോഗിക്കുന്നവർക്ക് അവയുമായി പൊരുത്തപ്പെടാൻ ഒരു നിശ്ചിത കാലയളവ് പലപ്പോഴും ആവശ്യമാണ്.[1] ഈ കാലയളവ് വ്യക്തികൾക്ക് അനുസരിച്ച് കുറച്ച് മണിക്കൂറുകൾ മുതൽ രണ്ടാഴ്ച വരെ വ്യത്യാസപ്പെടുന്നു.[7] ഈ കാലയളവിലെ പാർശ്വഫലങ്ങളിൽ തലവേദനയും തലകറക്കവും ഉൾപ്പെടാം. ഈ ലക്ഷണങ്ങൾ പ്രകടമാണെങ്കിൽ, പ്രോഗ്രസീവ് ലെൻസുകൾ ഹ്രസ്വകാലത്തേക്ക് നീക്കംചെയ്യുകയും രോഗലക്ഷണങ്ങൾ കുറഞ്ഞതിനുശേഷം വീണ്ടും ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്നു. പഴയ കുറിപ്പടിയിലേക്കോ വ്യത്യസ്ത തരം ലെൻസ് രൂപകൽപ്പനയിലേക്കോ (ബൈഫോക്കൽ, ട്രൈഫോക്കൽ) മടങ്ങുന്നത് പ്രോഗ്രസീവ് ലെൻസുകളിലേക്കുള്ള അഡാപ്റ്റേഷൻ കാലയളവ് വർദ്ധിപ്പിക്കുന്നതിന് മാത്രമേ സഹായിക്കൂ. ഈ കാഴ്ച അസ്വസ്ഥത ചിലർക്ക് പ്രോഗ്രസീവ് ലെൻസ് ധരിക്കുന്നതിന്റെ ഗുണങ്ങളെക്കാൾ കൂടുതലായി വരാം; ഇതിനെ പ്രോഗ്രസീവ് നോൺ ടോളറൻസ് എന്ന് വിളിക്കുന്നു. എന്നിരുന്നാലും, നിർമ്മാതാക്കൾ 90% –98% സ്വീകാര്യത നിരക്ക് അവകാശപ്പെടുന്നു.

  1. 1.0 1.1 Aves O. (1908) Improvements in and relating to Multifocal lenses and the like, and the method of Grinding Same. GB Patent 15,735.
  2. Bennett A. (1973) Variable and Progressive power lenses. Manufacturing Optics Int. Mar, 137–141.
  3. "Progressive Memories & Calculus"
  4. "Milestones in the history of ZEISS eyeglass lenses". Zeiss.com. Archived from the original on 15 April 2016. Retrieved 24 September 2017.
  5. Meister, Darryl J. (June 2005). "Free-Form Surfacing Technology Makes Possible New Levels of Optical Sophistication for Spectacles". Refractive Eyecare for Ophthalmologists. 9 (6): 1–4.
  6. Likai Li; Thomas W. Raasch; Allen Y. Yi (2013). "Simulation and measurement of optical aberrations of injection molded progressive addition lenses". Applied Optics. 52 (24): 6022–6029. Bibcode:2013ApOpt..52.6022L. doi:10.1364/AO.52.006022. PMID 24085007.
  7. Progressive Addition Lenses: History, Design, Wearer Satisfaction and Trends Pope, D R OSA TOPS Vol. 35, Vision Science and Its Applications, 2000
"https://ml.wikipedia.org/w/index.php?title=പ്രോഗ്രസീവ്_ലെൻസ്&oldid=3542422" എന്ന താളിൽനിന്ന് ശേഖരിച്ചത്