മരണകാരണത്തെപ്പറ്റി നടത്തുന്ന നിയമാനുസൃതമായ പ്രാഥമികാന്വേഷണമാണ് പ്രേതവിചാരണ (ഇൻക്വസ്റ്റ്). [1] [2]

ഇന്ത്യയിൽ ഇത് പോലീസോ മജിസ്ട്രേറ്റോ ആണ് നടത്തുന്നത്.പ്രേതവിചാരണയ്ക്കു ശേഷം പോസ്റ്റ്മോർട്ടം പരിശോധന നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാൻ അന്വേഷണോദ്യോഗസ്ഥന് തീരുമാനമെടുക്കാവുന്നതാണ്. വിദേശരാജ്യങ്ങളിൽ കൊറോണർ, മെഡിക്കൽ എക്സാമിനർ, പ്രൊക്യുറേറ്റർ ഫിസ്കൽ എന്നിങ്ങനെ പല തരം ഉദ്യോഗസ്ഥർ പ്രേതവിചാരണ നടത്താറുണ്ട്. ജൂറി പ്രേതവിചാരണ നടത്തുന്ന നിയമവ്യവസ്ഥകളുമുണ്ട്. പൊതുജനങ്ങളിൽ നിന്ന് അസ്വാഭാവിക മരണമുണ്ടായി എന്ന പരാതി ലഭിക്കുമ്പോഴാണ് സാധാരണ ഇൻക്വസ്റ്റ് നടത്തപ്പെടുക.

ചരിത്രം

തിരുത്തുക

പത്താം നൂറ്റാണ്ടിനു മുൻപായി സ്കാൻഡിനേവിയയിലും കാരോലിഗ്നിയൻ സാമ്രാജ്യത്തിലുമാണ് പ്രേതവിചാരണ ആരംഭിച്ചത്. [3] ജൂലിയസ് സീസറിന്റെ കാലത്തുതന്നെ ഗോളിൽ (ഫ്രാൻസ്) ഈ പ്രക്രിയയുടെ ആദി രൂപം നിലവിലുണ്ടായിരുന്നു എന്ന് സൂചനയുണ്ട് (കമ്മന്റേറി ഡെ ബെല്ലോ ഗാല്ലിക്കോ VI.19.3).

ക്രിമിനൽ നടപടിച്ചട്ടം വകുപ്പ് 174, 176 എന്നിവയാണ് ഇന്ത്യയിൽ പ്രേതവിചാരണയെപ്പറ്റി പ്രതിപാദിക്കുന്നത്. ബഹുമാന്യരായ രണ്ടാൾക്കാരുടെ സാന്നിദ്ധ്യത്തിലാണ് ഇന്ത്യയിൽ പ്രേതവിചാരണ നടത്തുന്നത്[1]. മരണം ആത്മഹത്യയോ കൊലപാതകമോ യന്ത്രസാമഗ്രികൾ ഉൾപ്പെടുന്നതോ അല്ലാത്തതോ ആയ അപകടമോ, സംശയമുളവാക്കുന്നതോ ആണെങ്കിൽ ഇന്ത്യൻ നിയമപ്രകാരം ഇൻക്വസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്.

ക്രിമിനൽ നടപടിച്ചട്ടത്തിലെ 174-ആം വകുപ്പ്

തിരുത്തുക

പോലീസ് പ്രേതവിചാരണ നടത്തുന്നതിനെ സംബന്ധിച്ച വിശദാംശങ്ങൾ ഈ ചട്ടത്തിലാണുള്ളത്[4] . ഒരാൾ അത്മഹത്യ ചെയ്തുവെന്നോ കൊല ചെയ്യപ്പെട്ടുവെന്നോ ഒരു മൃഗമോ യന്ത്രസാമഗ്രിയോ ഒരാളുടെ മരണത്തിന് കാരണമായെന്നോ അപകടം മൂലം മരണം സംഭവിച്ചുവെന്നോ മരണത്തെപ്പറ്റി ന്യായമായ സംശയമുണ്ടെന്നോ വിവരം ലഭിക്കുന്ന മുറയ്ക്ക് ഒരു പോലീസ് സ്റ്റേഷന്റെ ചുമതലയുള്ളതും പ്രേതവിചാരണ നടത്തുവാൻ സംസ്ഥാനസർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളതുമായ ഉദ്യോഗസ്ഥൻ ഉടൻതന്നെ അടുത്തുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഇതെസംബന്ധിച്ച വിവരം നൽകേണ്ടതാണ്. മറ്റ് ഉത്തരവുകളൊന്നുമില്ലെങ്കിൽ ഉടൻ തന്നെ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെടുകയും സമീവവാസികളായ രണ്ടോ അതിലധികമോ ബഹുമാന്യരായ ആൾക്കാരുടെ സാന്നിദ്ധ്യത്തിൽ ഒരു അന്വേഷണം നടത്തുകയും താഴെപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന ഒരു റിപ്പോർട്ട് തയ്യാറാക്കേണ്ടതുമാണ്.

  • പ്രഥമദൃഷ്ട്യാ മരണകാരണമെന്താണ്
  • മുറിവുകൾ, ചതവുകൾ, ഒടിവുകൾ, മറ്റു പരിക്കുകൾ എന്നിവയുടെ വിവരണം,
  • എന്ത് ഉപകരണം കൊണ്ട് ഏത് സാഹചര്യത്തിലാണ് ഈ പരിക്കുകൾ ഉണ്ടാക്കപ്പെട്ടത്

ഈ റിപ്പോർട്ട് പോലീസുദ്യോഗസ്ഥനും മറ്റാൾക്കാരും ഒപ്പിട്ടശേഷം ജില്ലാ മജിസ്ട്രേറ്റിനോ സബ്‌-ഡിവിഷണൽ മജിസ്ട്രേറ്റിനോ അയച്ചുകൊടുക്കേണ്ടതാണ്.

മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി അടുത്തുള്ള സിവിൽ സർജനോ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ഡോക്ടർക്കോ അയച്ചുകൊടുക്കേണ്ടത് താഴെപ്പറയുന്ന സാ‌ഹചര്യങ്ങളിലാണ്.

  • വിവാഹം കഴിഞ്ഞ് ഏഴുവർഷങ്ങൾക്കുള്ളിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്യുക
  • വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിക്കുകയും മറ്റാരോ ഈ വിഷയത്തിൽ എന്തോ കുറ്റം ചെയ്തിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാനുള്ള സാഹചര്യമുണ്ടാവുകയോ ചെയ്യുക
  • വിവാഹം കഴിഞ്ഞ് ഏഴുവർഷങ്ങൾക്കുള്ളിൽ ഒരു സ്ത്രീ മരിക്കുകയും സ്ത്രീയുടെ ഒരു ബന്ധു പോസ്റ്റ്മോർട്ടം പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുക
  • മരണകാരണത്തെപ്പറ്റി എന്തെങ്കിലും സംശയമുണ്ടായിരിക്കുക (പ്രേതവിചാരണയിൽ പങ്കെടുത്തവർ സംശയമുന്നയിക്കുമ്പോൾ)
  • മരണകാരണത്തെപ്പറ്റി പോലീസ് ഉദ്യോഗസ്ഥന് എന്തെങ്കിലും സംശയമുണ്ടായിരിക്കുക.

ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ഇക്കാര്യത്തിനായി ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റോ സംസ്ഥാന സർക്കാരോ പ്രത്യേകമായി ചുമതലപ്പെടുത്തിയ മറ്റ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൾ എന്നിവർക്കും പ്രേതവിചാരണ നടത്താൻ അധികാരമുണ്ടെന്ന് ഈ വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇൻക്വസ്റ്റിൽ സാക്ഷികളുണ്ടാകുമെങ്കിലും കുറ്റം ചെയ്തുവെന്ന് സംശയിക്കുന്നവർക്ക് സ്വന്തം ഭാഗം വാദിക്കുവാൻ അനുവാദം ലഭിക്കുകയില്ല.

ക്രിമിനൽ നടപടിച്ചട്ടത്തിലെ 176-ആം വകുപ്പ്

തിരുത്തുക

പോലീസിന്റെ അന്വേഷണം കൂടാതെയോ അതിനു പകരമായോ മജിസ്ട്രേറ്റ് പ്രേതവിചാരണ നടത്തുന്നത് താഴെപ്പറയുന്ന സാഹചര്യങ്ങളിലാണ്[5] .

  • പോലീസ് കസ്റ്റഡിയിൽ ഒരാൾ മരിക്കുക
  • വിവാഹം കഴിഞ്ഞ് ഏഴുവർഷങ്ങൾക്കുള്ളിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്യുക
  • വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിക്കുകയും മറ്റാരോ ഈ വിഷയത്തിൽ എന്തോ കുറ്റം ചെയ്തിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാനുള്ള സാഹചര്യമുണ്ടാവുകയോ ചെയ്യുക
  • ക്രിമിനൽ നടപടിച്ചട്ടം 174-ആം വകുപ്പിലെ ഏതെങ്കിലും വകുപ്പിൽ വിവരിച്ചിരിക്കുന്ന മറ്റേതെങ്കിലും മരണകാരണങ്ങളിൽ മജിസ്ട്രേറ്റ് പ്രേത വിചാരണ ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ

പ്രേതവിചാരണയ്ക്കായി മൃതശരീരം മാന്തിയെടുക്കണമെങ്കിൽ അതിനുള്ള ഉത്തരവിടാനും മജിസ്ട്രേറ്റിന് സാധിക്കും. ഇപ്രകാരം പ്രേതവിചാരണ നടത്തേണ്ടിവരുമ്പോൾ സാധിക്കാവുന്ന സാഹചര്യങ്ങളിലെല്ലാം ബന്ധുക്കളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തേണ്ടതാണ്.

ബ്രിട്ടൺ

തിരുത്തുക

സ്കോട്ട്‌ലാന്റിൽ പ്രേതവിചാരണയോ കൊറോണർ സംവിധാനമോ ഇല്ല. അസ്വാഭാവികമരണങ്ങളെപ്പറ്റി ഇവിടെ പ്രാധമികാന്വേഷണം നടത്തുന്നത് പ്രദേശത്തെ പ്രൊക്യുറേറ്റർ ഫിസ്കൽ എന്ന ഉദ്യോഗസ്ഥനാണ്. പെട്ടെന്നുണ്ടാകുന്നതും സംശയാസ്പദവും അപകടം കാരണമുണ്ടാകുന്നതും അപ്രതീക്ഷിതവും വിശദീകരിക്കാൻ സാധിക്കാത്തതും പൊതുജനത്തിന് ആശങ്കയുണ്ടാകുന്ന സാ‌ഹചര്യത്തിലുണ്ടാകുന്നതുമായ മരണ‌ങ്ങളിൽ പ്രേതവിചാരണ നടത്തുന്നത് പ്രൊക്യുറേറ്റർ ഫിസ്കൽ ആണ്. ക്രിമിനൽ നടപടിയാണോ അപകടമരണത്തെപ്പറ്റിയുള്ള അന്വേഷണമാണോ തുടർനടപടിയെന്ന നിലയ്ക്ക് വേണ്ടത് എന്ന് പ്രൊക്യുറേറ്റർ ഫിസ്കൽ തീരുമാനമെടുക്കും. [6]

ഇംഗ്ലണ്ടിലും വെയിൽസിലും എല്ലാ പ്രേതവിചാരണകളും പണ്ടുകാലത്ത് ജൂറിയായിരുന്നു നടപ്പാക്കിയിരുന്നത്. ഒരാൾക്കെതിരേ നിയമനടപടി വേണമോ എന്ന് തീരുമാനമെടുക്കുന്നത് ഇത്തരം ജൂറികളായിരുന്നു. ഇരുപത്തിമൂന്ന് ആൾക്കാരായിരുന്നു ഇത്തരം ജൂറിയിൽ ഉണ്ടായിരുന്നത്. പന്ത്രണ്ടുപേരുടെ വോട്ടുണ്ടെങ്കിൽ നടപടി തുടരാൻ സാധിക്കുമായിരുന്നു.

1927-നു ശേഷം കൊറോണർ ജൂറികൾ വളരെ വിരളമായേ ഉപയോഗിക്കപ്പെടാറുള്ളൂ. 1988-ലെ കൊറോണേഴ്സ് ആക്റ്റ് പ്രകാരം [7] ജയിലിലോ പോലീസ് കസ്റ്റഡിയിലോ പൊതുജനങ്ങളൂടെ ക്ഷേമത്തെ ബാധിക്കാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലോ ആണ് മരണമെങ്കിൽ മാത്രമാണ് ജൂറി പ്രേതവിചാരണ നടത്തേണ്ട സാഹചര്യമുള്ളത്. മറ്റു മരണങ്ങളിലും കൊറോണർക്ക് ജൂറിയെ വിളിച്ചു ചേർക്കാമെങ്കിലും ഇത് നടക്കാറില്ല. [8]

കൊറോണർ മരണകാരണം നിർണ്ണയിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ഒരു മനുഷ്യനെതിരേ നിയമനടപടി തുടങ്ങിവയ്ക്കുന്നില്ല.

അമേരിക്കൻ ഐക്യനാടുകൾ

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിൽ കൊറോണർ എന്ന ഉദ്യോഗസ്ഥനാണ് പരമ്പരാഗതമായി പ്രേതവിചാരണ നടത്തുന്നത്. കൗണ്ടിയുടെയോ പട്ടണത്തിന്റെയോ ഉദ്യോഗസ്ഥരാണ് ഇവർ. [9] ഇത് കേസന്വേഷണത്തിന്റെ ഒരു ഭാഗമാണ് (വിചാരണയല്ല). [10]

  1. 1.0 1.1 വെബ്സ്റ്റർ.കോം ഡിക്ഷണറി
  2. ജി, പ്രജേഷ് സെൻ. "സൗമ്യവധം: പോസ്റ്റ്മോർട്ടം ടേബിളിൽ സംഭവിച്ചത്". മാദ്ധ്യമം വീക്ക്‌ലി. Retrieved 22 മാർച്ച് 2013.
  3. Baker, J. H. (2002). An Introduction to English Legal History (4th ed. ed.). London: Butterworths. pp. pp72–73. ISBN 0-406-93053-8. {{cite book}}: |edition= has extra text (help)
  4. "174. Police to inquire and report on suicide, etc". വക്കീൽ നമ്പർ 1. Archived from the original on 2012-09-15. Retrieved 22 മാർച്ച് 2013.
  5. "ഇൻഡ്യൻ കാനൂൻ". ഇൻഡ്യൻ കാനൂൻ. Retrieved 22 മാർച്ച് 2013.
  6. http://www.scotland.gov.uk/Publications/2006/04/12094440/4
  7. "Coroners Act 1988, s 8(3)". BAILII.
  8. "King's College of London - Coroner's Law Resource". Archived from the original on 2012-09-25. Retrieved 2013-03-22.
  9. 18 C.J.S. Coroners and Medical Examiners §§ 1, 9.
  10. 18 C.J.S. Coroners and Medical Examiners § 10.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രേതവിചാരണ&oldid=3909550" എന്ന താളിൽനിന്ന് ശേഖരിച്ചത്