1969-ൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ചെറുവണ്ണൂർ പഞ്ചായത്തിലെ പാമ്പിരികുന്നിൽ ജനനം. അച്ഛൻ: കേളുപ്പണിക്കർ. അമ്മ: ചീരു. പാമ്പിരികുന്ന് എ.എൽ.പി. സ്‌കൂൾ, ചെറുവണ്ണൂർ ഗവ.സ്‌കൂൾ, ആവള കുട്ടോത്ത് ഗവ. സ്‌കൂൾ, മടപ്പള്ളി ഗവ. കോളേജ്, കോഴിക്കോട് ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജ്, കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠനം. എം.എ. മലയാളം ഒന്നാം റാങ്കോടെ പാസായി. കേരളസംസ്‌കാരം: ഒരു ദലിത് സമീപനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. 1998 മുതൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ മലയാളം അദ്ധ്യാപകൻ. ഗവേഷകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ സംസ്‌കാരപഠനത്തിലും സാഹിത്യവിചാരത്തിലും രാഷ്ട്രീയജാഗ്രതയോടെ ഇടപെടലുകൾ നടത്തി. സുകുമാർ അഴീക്കോട് എൻഡോവ്മെന്റ്റ് അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ എൻ.വി. സ്മാരക വൈജ്ഞാനികപുരസ്കാരം എന്നിവ നേടി. കേന്ദ്ര സാഹിത്യ അക്കാദമിയിൽ മലയാളം ഉപദേശകസമിതി അംഗമായിരുന്നു. റോഡപകടത്തിനിരയായി 2016 ഡിസംബർ 8-ന് മരണമടഞ്ഞു. തുന്നൽക്കാരൻ, ബ്രോക്കർ, പ്രവാസി, വയലും വീടും തുടങ്ങിയ ജനകീയ നാടകങ്ങൾ എഴുതി. The Oxford India Anthology of Malayalam Writings-ൻ്റെ എഡിറ്റർമാരിൽ ഒരാളായിരുന്നു.[1]

ദലിത് പഠനം: സ്വത്വം സംസ്‌കാരം സാഹിത്യം, ദലിത് സൗന്ദര്യശാസ്ത്രം, ഏകജീവിതാനശ്വരഗാനം: ചലച്ചിത്രഗാനസംസ്കാരപഠനം, എരി(നോവൽ), തുന്നൽക്കാരൻ (നാടകം), ഘടകർപ്പരകാവ്യം(വിവർത്തനം), ശ്രീനാരായണഗുരു പുനർവായനകൾ(എഡിറ്റർ)

സ്വകാര്യ ജീവിതം

തിരുത്തുക

ജീവിതപങ്കാളി: ഡോ.സജിത കിഴിനിപ്പുറത്ത്

മക്കൾ: ശ്രാവൺ മാനസ്, ധ്യാൻ മാനസ്

  1. പാമ്പിരികുന്ന്, പ്രദീപൻ (2020). പ്രദീപൻ പാമ്പിരികുന്നിന്റെ ലേഖനങ്ങൾ. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. p. 4. ISBN 978-93-88768-31-3.