പോർട്ടൽ സിരകളിലൂടെയുള്ള രക്തപര്യയനമാണ് പോർട്ടൽ രക്തപര്യയനം. ലോമികകളിൽ ആരംഭിക്കുകയും ലോമികകളിൽ അവസാനിക്കുകയും ചെയ്യുന്ന സിരകളാണ് പോർട്ടൽ സിരകൾ. മനുഷ്യനിൽ രണ്ട് പോർട്ടൽ സിരകളാണുള്ളത്. ഹെപാറ്റിക് പോർട്ടൽ സിര, ഹൈപ്പോഫൈസിയൽ പോർട്ടൽ സിര എന്നിവയാണവ. സസ്തനികളല്ലാത്ത ചില ജന്തുക്കളിൽ റീനൽ പോർട്ടൽ സിര വൃക്കയുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതുവിൽ പോർട്ടൽ സിര എന്നുമാത്രമായി സൂചിപ്പിക്കുന്നത് ഹെപ്പാറ്റിക് പോർട്ടൽ സിരയെയാണ്.

വിവിധതരം പോർട്ടൽ സിരകൾ

തിരുത്തുക

മനുഷ്യരിൽ രണ്ടുതരം പോർട്ടൽ സിരകളാണുള്ളത്. ഹെപ്പാറ്റിക് പോർട്ടൽ സിരയും ഹൈപ്പോപഫൈസിയൽ പോർട്ടൽ സിരയും.[1]

ഹെപ്പാറ്റിക് പോർട്ടൽ സിര

തിരുത്തുക

പ്ലീഹ, പാൻക്രിയാസ്, പിത്താശയം, ദഹനനാളത്തിന്റെ ഉദരഭാഗം (മലദ്വാരത്തിന്റെയും സിഗ്മോയിഡ് കോളന്റെയും താഴത്തെ ഭാഗം ഒഴികെ) എന്നിവയിൽ നിന്ന് രക്തം കൊണ്ടുപോകുന്നതിനുള്ള അവസാന പൊതുപാത ഹെപ്പാറ്റിക് പോർട്ടൽ സിരയാണ്. എൽ 1 കശേരുവിന്റെ തലത്തിൽ നിന്ന്, പാൻക്രിയാസിന്റെ കഴുത്തിന് പിന്നിലെ സുപ്പീരിയർ മെസെന്ററിക് സിരയും പ്ലീനിക് സിരയും കൂടിച്ചേർന്നാണ് ഈ പോർട്ടൽ സിര രൂപപ്പെടുന്നത്. പോർട്ടൽ സിര ഡുവോഡിനത്തിന്റെ മുകൾഭാഗത്തിന് പിന്നിലേക്ക് കടന്നുപോകുകയും ചെറിയ ഓമന്റത്തിന്റെ വലത് അരികിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് ഓമെന്റൽ ദ്വാരത്തിന് മുൻവശത്തും പിത്തരസനാളത്തിന് പിന്നിലുമായി പോകും. പോർട്ടൽ സിര കരളിനെ സമീപിക്കുമ്പോൾ വലത്, ഇടത് ശാഖകളായി വിഭജിക്കുന്നു, അത് കരളിന്റെ പാരെൻകൈമയിലേക്ക് പ്രവേശിക്കുന്നു. പോർട്ടൽ സിരയിലൂടെയെത്തുന്ന രക്തത്തിലെ വിഷവസ്തുക്കളെ കരളിൽ വച്ച് നിർവീര്യമാക്കുകയും ഇൻഫീരിയർ വീനക്കാവ (അധോമഹാസിര) യിലേയ്ക്ക് ഈ രക്തത്തെ എത്തിച്ച് ഹൃദയത്തിലേയ്ക്ക് അയയ്ക്കുകയും ചെയ്യുന്നു.

ഹൈപ്പോപഫൈസിയൽ പോർട്ടൽ സിര

തിരുത്തുക

ഹൈപ്പോതലാമസിൽ നിന്ന് പിറ്റ്യൂട്ടറി ഗ്രന്ഥിയിലേക്ക് ഹോർമോണുകളെ കൊണ്ടുപോകുന്ന സിരയാണിത്. ഈ പോർട്ടൽ സംവിധാനം അഡ്രീനൽ കോർട്ടിക്കൽ ഹോർമോണുകളെ അഡ്രീനൽ മെഡുല്ലയിലേക്ക് എത്തിക്കുന്നു. ഹൈപോതലാമസിലെ ലോമികകളെ ആന്റീരിയർ പിറ്റ്യൂട്ടറിയിലെ രക്തലോമികകളുമായി ഇത് ബന്ധിപ്പിക്കുന്നു. ഹൈപോതലാമസ് ഉത്പാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണുകൾ, ഇൻഹിബിറ്റിംഗ് ഹോർമോണുകൾ എന്നിവയെ പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദലത്തിലേയ്ക്ക് എത്തിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.

  1. Tortora, Gerard J. Tortora, Bryan Derrickson (2012). INTRODUCTION TO THE HUMAN BODY- The Essentials of Anatomy and Physiology. US: John Wiley & Sons, Inc. pp. 345-360. ISBN 978-0470-59892-4.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പോർട്ടൽ_രക്തപര്യയനം&oldid=3943415" എന്ന താളിൽനിന്ന് ശേഖരിച്ചത്